സ്വന്തം ലേഖകൻ: ഖത്തറിൽ കോവിഡ് വാക്‌സീൻ എടുത്തവർക്കും തിങ്കളാഴ്ച മുതൽ ഇന്ത്യയിൽ നിന്ന് മടങ്ങിയെത്തുമ്പോൾ ഹോട്ടൽ ക്വാറന്റീൻ നിർബന്ധമാക്കി കൊണ്ടുള്ള പുതിയ വ്യവസ്ഥ പ്രവാസി കുടുംബങ്ങളെ വീണ്ടും പ്രതിസന്ധിയിലാക്കും. കോവിഡ് വാക്‌സീൻ എടുത്ത ഖത്തർ പ്രവാസികൾക്ക് മടങ്ങിയെത്തുമ്പോൾ ദോഹയിൽ ഹോട്ടൽ ക്വാറന്റീൻ ഒഴിവാക്കി കൊണ്ടുള്ള പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ ജൂലൈ എട്ടിലെ പ്രഖ്യാപനം നൽകിയ ആശ്വാസത്തിലാണ് ക്വാറന്റീൻ ചെലവ് ഭയന്ന് അതുവരെ നാട്ടിൽ പോകാൻ മടിച്ച പ്രവാസി കുടുംബങ്ങളും മധ്യവേനൽ അവധിക്കായി നാട്ടിലേക്ക് പോയത്.
എന്നാൽ രാജ്യത്തെ കോവിഡ് പ്രതിദിന സംഖ്യയിൽ നേരിയ വർധന ഉണ്ടായ സാഹചര്യത്തിൽ പ്രവേശന നടപടികൾ വീണ്ടും കർശനമാക്കാൻ അധികൃതർ നിർബന്ധിതമായതോടെയാണ് അവധിയാഘോഷിക്കാൻ നാട്ടിലേക്ക് പോയ പ്രവാസി കുടുംബങ്ങളും പ്രതിസന്ധിയിലായത്. ഖത്തറിൽ നിന്ന് വാക്‌സീനെടുത്ത പ്രവാസി കുടുംബത്തിന് ഖത്തറിലേക്കുള്ള യാത്രാ ടിക്കറ്റിന് പുറമേ ഇനി രണ്ടു ദിവസത്തെ ഹോട്ടൽ ക്വാറന്റീൻ ചെലവ് കൂടി വഹിക്കേണ്ടി വരുന്നത് വലിയ സാമ്പത്തിക ബുദ്ധിമുട്ട് സൃഷ്ടിക്കും.
ഡിസ്‌കവർ ഖത്തറിന്റെ വെബ്‌സൈറ്റിലെ വിവരങ്ങൾ പ്രകാരം വരും ദിവസങ്ങളിലായി രണ്ടു ദിവസത്തെ ഹോട്ടൽ ക്വാറന്റീൻ കുറഞ്ഞ ചെലവ് ഒരാൾക്ക് 1,039 റിയാൽ (ഏകദേശം 20,957 ഇന്ത്യൻ രൂപ) മുതലാണ് നിരക്ക്. ഓഗസ്റ്റ് അവസാനത്തിൽ 879 റിയാലാണ് (ഏകദേശം 17,729 ഇന്ത്യൻരൂപ) നിരക്ക് കാണിക്കുന്നത്. ഹോട്ടൽ മുറി ലഭ്യത അനുസരിച്ച് വിമാന ടിക്കറ്റ് തിയതിയിലും മാറ്റം വരുത്തണം.
മാസാവസാനത്തോടെ മധ്യവേനൽ അവധിക്ക് ശേഷം ഇന്ത്യൻ സ്‌കൂളുകൾ തുറക്കുമെന്നതിനാൽ ഈ മാസം പകുതിയോടെ അവധിക്ക് പോയവർ ദോഹയിലേക്ക് മടങ്ങി തുടങ്ങും. അതോടെ ഹോട്ടൽ ബുക്കിങ്ങിനും തിരക്കേറുമെന്ന് ഉറപ്പാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല