സ്വന്തം ലേഖകൻ: കോവിഡ് വ്യാപനം കൂടിയ ഇന്ത്യ ഉള്‍പ്പെടെ ആറു രാജ്യങ്ങളില്‍ നിന്നെത്തുന്ന യാത്രക്കാര്‍ക്ക് മാത്രമായി പ്രത്യേക ക്വാറന്റീന്‍ ഹോട്ടലുകള്‍. പത്തു ദിവസത്തെ ഹോട്ടല്‍ ക്വാറന്റീനുള്ള ബുക്കിങ് സ്വീകരിച്ചു തുടങ്ങിയതായി ഡിസ്‌കവര്‍ ഖത്തര്‍. ഇന്ത്യ, ബംഗ്ലാദേശ്, നേപ്പാള്‍, പാക്കിസ്ഥാന്‍, ഫിലിപ്പീന്‍സ്, ശ്രീലങ്ക എന്നീ ആറു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കു മാത്രമായി നിശ്ചിത എണ്ണം ഹോട്ടലുകളാണ് ക്വാറന്റീനായി ക്രമീകരിച്ചിരിക്കുന്നത്.
ഇവിടങ്ങളില്‍ മറ്റു രാജ്യക്കാര്‍ക്ക് ക്വാറന്റീന്‍ സൗകര്യം അനുവദിക്കില്ല. 3, 4, 5 സ്റ്റാര്‍ ഹോട്ടലുകളിലായി 45 ലധികം പാക്കേജുകളാണുള്ളത്. പത്തു ദിവസത്തെ താമസത്തിനു നിരക്ക് 3,500 മുതല്‍ 8,500 റിയാല്‍ വരെ. തീയതിയും സൗകര്യങ്ങളും തിരഞ്ഞെടുക്കുന്നതനുസരിച്ച് നിരക്ക് വ്യത്യാസപ്പെടും. നാളെ മുതല്‍ ഈ ആറു രാജ്യങ്ങളില്‍ നിന്നെത്തുന്ന കോവിഡ് വാക്‌സീന്‍ എടുത്തവരും കോവിഡ് മുക്തരും ഉള്‍പ്പെടെയുള്ള എല്ലാ യാത്രക്കാര്‍ക്കും ദോഹയില്‍ 10 ദിവസത്തെ ഹോട്ടല്‍ ക്വാറന്റീന്‍ നിര്‍ബന്ധമാക്കി കൊണ്ടുള്ള വ്യവസ്ഥ പ്രാബല്യത്തിലാകുന്ന സാഹചര്യത്തിലാണു ഡിസ്‌കവര്‍ ഖത്തര്‍ ഹോട്ടല്‍ ക്വാറന്റീന്‍ ക്രമീകരണങ്ങള്‍ പുതുക്കിയത്.
ഖത്തറില്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയ ശേഷം ഇന്ത്യയില്‍ പോയി മടങ്ങിയെത്തുന്നവര്‍ക്കും പുതിയ വ്യവസ്ഥ ബാധകമാണ്. കുടുംബങ്ങള്‍ സ്വന്തം ചെലവില്‍ 10 ദിവസം ഹോട്ടലുകളില്‍ ക്വാറന്റീനില്‍ കഴിയണം. കമ്പനി ജീവനക്കാര്‍ക്കായി മികെയ്ന്‍സ് ക്വാറന്റീന്‍ കേന്ദ്രങ്ങളില്‍ 14 ദിവസത്തെ ക്വാറന്റീന്‍ ആണുള്ളത്്. തൊഴിലുടമ വേണം ക്വാറന്റീന്‍ ചെലവു വഹിക്കാന്‍. ആഭ്യന്തര മന്ത്രാലയത്തിന്റെ എക്‌സ്‌പെഷണല്‍ എന്‍ട്രി പെര്‍മിറ്റും സര്‍ക്കാര്‍ അംഗീകൃത കോവിഡ് കേന്ദ്രങ്ങളില്‍ നിന്നും യാത്രയ്ക്ക് 48 മണിക്കൂര്‍ മുന്‍പെടുത്ത കോവിഡ് രഹിത പരിശോധനാ സര്‍ട്ടിഫിക്കറ്റും സ്ഥിരീകരിച്ച ഹോട്ടല്‍ ക്വാറന്റീന്‍ ബുക്കിങ് രേഖയുമുണ്ടെങ്കില്‍ മാത്രമേ യാത്ര അനുവദിക്കൂ.
ഇന്ത്യ ഉള്‍പ്പെടെയുള്ള ആറു രാജ്യങ്ങള്‍ക്കു മാത്രമായി അനുവദിച്ചിരിക്കുന്ന നിശ്ചിത എണ്ണം ഹോട്ടലുകളില്‍ മാത്രമേ ഈ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ ക്വാറന്റീന്‍ അനുവദിക്കൂ. ഏഴു ദിവസത്തെ ക്വാറന്റീനായി നേരത്തെ മറ്റ് ഹോട്ടലുകളില്‍ ബുക്ക് ചെയ്തിരിക്കുന്നവര്‍ ബുക്കിങ് റദ്ദാക്കി പുതിയ അനുവദിക്കപ്പെട്ടിരിക്കുന്ന ഹോട്ടലുകളില്‍ ബുക്കിങ് നടത്തണം. ഇതു സംബന്ധിച്ച് ഡിസ്‌കവര്‍ ഖത്തറിന്റെ അറിയിപ്പ് ലഭിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല