1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 15, 2023

സ്വന്തം ലേഖകൻ: രാജ്യത്ത് ആദായ നികുതി ഏർപ്പെടുത്താൻ പദ്ധതിയില്ലെന്നും വാല്യു ആഡഡ് ടാക്‌സ് (വാറ്റ്) നടപ്പാക്കുന്ന തീയതി സംബന്ധിച്ച് നിലവിൽ തീരുമാനമായിട്ടില്ലെന്നും പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്‌മാൻ ബിൻ ജാസിം അൽതാനി വ്യക്തമാക്കി.

പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി ഖത്തർ ടെലിവിഷനുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്പദ് വ്യവസ്ഥയും വിനോദസഞ്ചാരവും വിശാലമാക്കാനുള്ള വലിയ പദ്ധതികൾക്കും സ്വപ്‌നങ്ങൾക്കും ഫിഫ ലോകകപ്പ് ആതിഥേയത്വമാണ് തുടക്കമിട്ടത്. ഈ വർഷം ആദ്യ 3 മാസങ്ങളിലും രാജ്യത്തെത്തിയ സന്ദർശകരുടെ എണ്ണത്തിൽ വർധനയുണ്ട്.

അടുത്ത ഘട്ടത്തിലെ കർമപദ്ധതികളുടെ നെടുംതൂൺ ടൂറിസമാണ്. ദേശീയ ദർശന രേഖ-2030ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ലോകകപ്പ് ആതിഥേയത്വം കരുത്തേകി. ലോകകപ്പിന്റെ വിജയത്തിന്റെ പശ്ചാത്തലത്തിൽ മറ്റ് ടൂർണമെന്റുകൾക്കും ആതിഥേയത്വം വഹിക്കും. മന്ത്രി കൂട്ടിച്ചേർത്തു.

ആരോഗ്യ സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താൻ ആരോഗ്യ മന്ത്രിയുമായി ചർച്ച നടത്തി. പൊതു ബജറ്റിന്റെ 20 ശതമാനവും ചെലവിടുന്നത് വിദ്യാഭ്യാസ, ആരോഗ്യ മേഖലകൾക്കാണ്. 2,100 കോടി റിയാൽ ആണ് ആരോഗ്യമേഖലയ്ക്കായി ബജറ്റിൽ മാറ്റിവച്ചിരിക്കുന്നത്.

വിദേശീയർക്ക് ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കിയതിനാൽ സർക്കാർ ആശുപത്രികളുടെ സമ്മർദം കുറയും. ആരോഗ്യ ഇൻഷുറൻസുമായി ബന്ധപ്പെട്ട കൂടുതൽ നിയമങ്ങൾ വൈകാതെ നടപ്പാക്കും. വിദ്യാഭ്യാസ സംവിധാനം നേരിടുന്ന വെല്ലുവിളികൾ പരിഹരിക്കും. വിദ്യാഭ്യാസത്തിന് വലിയ പരിഗണനയാണ് രാജ്യം നൽകുന്നത്.

അടുത്ത 2 മാസത്തിനുള്ളിൽ മൂന്നാമത് വികസന നയം പ്രഖ്യാപിക്കും. ദേശീയ ഉൽപന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനാണ് മുഖ്യപരിഗണന. നിക്ഷേപകർക്ക് കൂടുതൽ ആനുകൂല്യങ്ങൾ നൽകും. രാജ്യാന്തര മോണിറ്ററി ഫണ്ടിന്റെ കണക്കുപ്രകാരം ഖത്തറിന്റെ സമ്പദ് വ്യവസ്ഥയുടെ പ്രകടനം മികച്ചതാണ്. നാണയപ്പെരുപ്പ നിരക്കിന്റെ കാര്യത്തിൽ ലോക ശരാശരിയിലും താഴെയാണ് ഖത്തർ.

സാമ്പത്തിക വൈവിധ്യവൽക്കരണത്തിലൂടെയും വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിലൂടെയുമാണ് രാജ്യം മുന്നോട്ടു നീങ്ങുന്നത്. ലോകത്തിലെ ഏറ്റവും വലിയ ഫണ്ടുകളിലൊന്നാണ് ഖത്തർ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റിയെന്നും വരും വർഷങ്ങളിൽ അതോറിറ്റിയുടെ പ്രാധാന്യം തിരിച്ചറിയുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.