![](https://www.nrimalayalee.com/wp-content/uploads/2022/05/Qatar-India-Joint-Working-Group.jpg)
സ്വന്തം ലേഖകൻ: തൊഴിൽ മേഖലയിലെ സഹകരണം ശക്തമാക്കി ഖത്തർ-ഇന്ത്യ ജോയിന്റ് വർക്കിങ് ഗ്രൂപ്പ് യോഗം ചേർന്നു. ന്യൂ ഡൽഹിയിൽ നടന്ന ഏഴാമത് വർക്കിങ് ഗ്രൂപ്പ് യോഗത്തിന് ഖത്തർ തൊഴിൽ മന്ത്രാലയത്തിലെ തൊഴിൽ കാര്യ വിഭാഗം അസി.അണ്ടർസെക്രട്ടറി മുഹമ്മദ് ഹസൻ അൽ ഒബെയ്ദിയും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിലെ പ്രവാസി കാര്യ വകുപ്പ് അസി.അണ്ടർസെക്രട്ടറി അനുരാഗ് ഭൂഷനുമാണ് അധ്യക്ഷത വഹിച്ചത്.
റിക്രൂട്ട്‌മെന്റ് നടപടികൾ നിയന്ത്രിക്കുക, പൊതു താൽപര്യമുള്ള വിഷയങ്ങൾ പരിഹരിക്കുന്നതിനുള്ള സഹകരണം ശക്തിപ്പെടുത്തുക, തൊഴിലാളികളുടെ ക്ഷേമം ശക്തിപ്പെടുത്തുന്നതിനായി സമഗ്രമായ സമീപനം സ്വീകരിക്കുക തുടങ്ങിയ കാര്യങ്ങൾ യോഗത്തിൽ തീരുമാനമായി. തൊഴിൽ പോർട്ടലുകളുടെ സംയോജനം നടപ്പാക്കാനുള്ള പ്രവർത്തനങ്ങൾക്കും ധാരണയായി. തൊഴിലാളി ക്ഷേമം, മാൻപവർ പ്രശ്‌നങ്ങൾ ചർച്ച ചെയ്ത യോഗം ഫലപ്രദമായിരുന്നു.
ഖത്തറിന്റെ തൊഴിൽ പരിഷ്‌കരണങ്ങളെ ഇന്ത്യ സ്വാഗതം ചെയ്തു. ഖത്തറിന്റെ സാമൂഹിക വികസനത്തിലും അടിസ്ഥാന സൗകര്യ പദ്ധതികളിലും ദോഹയിലെ ഇന്ത്യൻ പ്രവാസി സമൂഹം നൽകുന്ന സംഭാവനകളെ ഖത്തർ അഭിനന്ദിച്ചു. അടുത്ത വർക്കിങ് ഗ്രൂപ്പ് യോഗം ഖത്തറിൽ നടത്താനും ധാരണയായി.
കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ, വിദേശകാര്യമന്ത്രാലയം കോൺസുലർ കാര്യ വിഭാഗം അണ്ടർ സെക്രട്ടറി ഡോ.ഔസാഫ് സയീദ് എന്നിവരുമായി ഖത്തർ സംഘം കൂടിക്കാഴ്ച നടത്തി. ന്യൂഡൽഹിയിലെ നാഷനൽ സ്‌കിൽസ് ഡവലപ്‌മെന്റ് കോർപറേഷനും സംഘം സന്ദർശിച്ചു. നോർക്ക പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല