സ്വന്തം ലേഖകൻ: ഇന്ത്യൻ എംബസിയുടെ വിവിധ സേവനങ്ങൾ ജനങ്ങൾക്ക് സൗകര്യപ്രദമായി എത്തിക്കാനായി പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കുമെന്ന് ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ പറഞ്ഞു. ഞായറാഴ്ച വൈകുന്നേരം എംബസിയിൽ മാധ്യമപ്രവർത്തകരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. നിലവിൽ എംബസി വെബ്സൈറ്റ് മുഖേന ആളുകൾക്ക് അപ്പോയിൻറ്മെൻറുകൾ എടുക്കാനും സേവനങ്ങൾ തേടാനും സൗകര്യമുണ്ട്. അടിയന്തര ആവശ്യങ്ങൾക്കായുള്ള അപ്പോയ്ൻമെൻറുകൾക്ക് പ്രത്യേക സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.
ഇതിന് പുറമേയാണ് പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻകൂടി പുറത്തിറക്കുന്നതെന്നും അംബാസഡർ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട നടപടികൾ പുരോഗമിക്കുകയാണ്. ഇന്ത്യയും ഖത്തറുമായി വിവിധ മേഖലകളിൽ സഹകരണം കൂടുതൽ ശക് തിപ്പെടുകയാണ്. വ്യാപാരമേഖലയിൽ ഇന്ത്യയുടെ മുഖ്യപങ്കാളിയാണ് ഖത്തർ. ഖത്തറിെൻറ മൂന്നാമത് വലിയ വ്യാപാരപങ്കാളിയാണ് ഇന്ത്യ. അംബാസഡറായി ചുമതലയേറ്റെടുത്തതിനുശേഷം അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി, വിവിധ മന്ത്രിമാർ, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയ നിരവധി പ്രമുഖരുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. വിവിധ മേഖലകളിൽ ഇന്ത്യയുമായി കൂടുതൽ സഹകരണം ഉണ്ടാക്കാൻ ഖത്തർ അധികൃതർ ഏറെ താൽപര്യം കാണിക്കുന്നുണ്ട്.
വിദ്യാഭ്യാസ മേഖലക്ക് ഏെറ പ്രാധാന്യം നൽകുന്ന രാജ്യമാണ് ഖത്തർ. വിവിധ യൂനിവേഴ്സിറ്റികൾ, വിവിധ യൂനിവേഴ്സിറ്റി ശാഖകൾ തുടങ്ങിയവ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ഹമദ് ബിൻ ഖലീഫ യൂനിവേഴ്സിറ്റി അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുെട തലവന്മാരുമായും ചർച്ച നടത്തിയിട്ടുണ്ട്. കൂടുതൽ ഇന്ത്യൻ സ്ഥാപനങ്ങൾ വരുംകാലത്ത് ഖത്തറിൽ പ്രവർത്തനം തുടങ്ങും.
പുണെ ഓപൺ യൂനിവേഴ്സിറ്റിയുടെ ശാഖ 2021 മധ്യത്തോടെ ഖത്തറിൽ തുടങ്ങും. ഇതിെൻറ നടപടികൾ അവസാനഘട്ടത്തിലാണ്. ബി.എസ്സി, ബി.എഡ്, ബി.എ തുടങ്ങിയ കോഴ്സുകൾ ഇവിടെയുണ്ടാകും. നിലവിൽ 18 ഇന്ത്യൻ സ്കൂളുകളാണ് ഖത്തറിൽ പ്രവർത്തിക്കുന്നത്. രണ്ടുപുതിയ സ്കൂളുകൾകൂടി ഉടൻ തുറക്കും.ഖത്തറിൽ ഏഴു ലക്ഷം ഇന്ത്യക്കാരാണുള്ളത്. രാജ്യത്തെ ഏറ്റവും വലിയ പ്രവാസിസമൂഹമാണ് ഇന്ത്യക്കാർ.
ഇതിനാൽ എംബസിയുടെ വിവിധ സേവനങ്ങൾ ഖത്തറിെൻറ വിവിധ ഭാഗങ്ങളിലുള്ള ഇന്ത്യക്കാരെ തേടിച്ചെല്ലുന്ന തരത്തിൽ കോൺസുലാർ ക്യാമ്പുകൾ നടത്തും. ദോഹയിൽനിന്ന് ദൂരെയുള്ള പ്രദേശങ്ങളിൽ പ്രത്യേക കോൺസുലാർ ക്യാമ്പുകൾ പതിവായി നടത്താനാണ് പദ്ധതി. കഴിഞ്ഞ ദിവസം ഏഷ്യൻ ടൗണിലെ ഇന്ത്യൻ തൊഴിലാളികൾക്കായി ക്യാമ്പ് നടത്തിയിരുന്നു.
ഇന്ത്യൻ എംബസിയുടെ അപെക്സ് സംഘടനകളായ ഇന്ത്യൻ കൾച്ചറൽ സെൻറർ (ഐ.സി.സി), ഇന്ത്യൻ കമ്യൂണിറ്റി ബെനവലൻറ് ഫോറം (ഐ.സി.ബി.എഫ്), ഇന്ത്യൻ സ്പോർട്സ് സെൻറർ (ഐ.എസ്.സി) എന്നിവയിലേക്കുള്ള തെരഞ്ഞെടുപ്പ് ഡിസംബർ 26ന് നടക്കും. കോവിഡ് പശ്ചാത്തലത്തിൽ ഇത്തവണ ഓൺലൈനായാണ് തൈരഞ്ഞെടുപ്പ്.
നാമനിർദേശക പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ 13 ആണ്. 16 ആണ് പിൻവലിക്കാനുള്ള അവസാന തീയതി. 18ന് അന്തിമസ്ഥനാർഥി പട്ടിക പ്രസിദ്ധീകരിക്കും. പ്രസിഡൻറ്, നാല് മാനേജ്മെൻറ് കമ്മിറ്റി അംഗങ്ങൾ എന്നിവരുടെ തെരഞ്ഞെടുപ്പ് ഡിസംബർ 26ന് നടക്കും. തെരഞ്ഞെടുപ്പിെൻറ സമയം പിന്നീട് അറിയിക്കും. അനുബന്ധ സംഘടനകളിൽനിന്നുള്ള മൂന്ന് എം.സി അംഗങ്ങളുടെ തെരഞ്ഞെടുപ്പ് ഡിസംബർ 26ന് നടക്കും. സമയം പിന്നീട് അറിയിക്കും. അന്ന് തന്നെ ഫലപ്രഖ്യാപനവും ഉണ്ടാകുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.
അതേസമയം, ഇന്ത്യൻ ബിസിനസ് ആൻഡ് പ്രഫഷനൽസ് കൗൺസിൽ (ഐ.ബി.പി.സി) സംഘടനയുെട തെരഞ്ഞെടുപ്പ് തൽക്കാലം നടക്കില്ല. ഭരണത്തിനായി അഡ്ഹോക്ക് കമ്മിറ്റി രൂപവത്കരിക്കുകയാണ് ഐ.ബി.പി.സിയുടെ കാര്യത്തിൽ ചെയ്യുക.
നിങ്ങളുടെ അഭിപ്രായങ്ങള് ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള് എന് ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല