സ്വന്തം ലേഖകൻ: ഖത്തറിൽ ഇന്ത്യക്കാർക്ക് വീണ്ടും ഫാമിലി വിസ. കോവിഡ് വ്യാപനത്തിെൻറ തുടക്കത്തിൽ നിർത്തിവെച്ച ഫാമിലി വിസക്കുള്ള അപേക്ഷ തിങ്കളാഴ്ച മുതൽ മെട്രാഷ് 2 ആപ്പിൽ ലഭ്യമായിത്തുടങ്ങി. ഇന്ത്യ, പാകിസ്താൻ സ്വദേശികൾക്കാണ് ഈ ഘട്ടത്തിൽ ഫാമിലി വിസ ഇഷ്യൂ ചെയ്യാൻ അനുമതി നൽകിയത്.
2020 മാർച്ചിൽ എല്ലാ വിസ നടപടികളും നിർത്തിവെച്ച ഖത്തർ, പിന്നീട് ഓരോ ഘട്ടങ്ങളിലായാണ് വിവിധ മേഖലകളിൽ തുറന്നുനൽകിയത്. മലയാളികൾ ഉൾപ്പെടെയുന്ന നിരവധി പേർ സമൂഹ മാധ്യമങ്ങളിലൂടെ ഫാമിലി വിസ അനുവദിക്കാൻ അഭ്യർഥിച്ചിരുന്നു. ഈ കാത്തിരിപ്പുകൾക്കെല്ലാം അറുതിയായാണ് തിങ്കളാഴ്ച ഉച്ചയോടെ മെട്രാഷിലെ ഫാമിലി വിസ അപേക്ഷ ലഭ്യമായിത്തുടങ്ങുന്നത്.
ഇന്ത്യക്കാരായ താമസക്കാർക്ക് ഇനി ആവശ്യമായ വിവരങ്ങൾ ഓൺലൈൻ ആയി പൂരിപ്പിച്ച് ഫാമിലി വിസക്ക് അപേക്ഷിക്കാൻ സാധിക്കും. ഏതാനും ദിവസങ്ങൾക്ക് മുമ്പ് മെട്രാഷ് ആപ്പിൽ മറ്റുപല രാജ്യക്കാർക്കുമുള്ള അപേക്ഷ പുനഃസ്ഥാപിച്ച കൂട്ടത്തിൽ ഇന്ത്യയെയും ഉൾപ്പെടുത്തിയിരുന്നു.
എന്നാൽ, ശക്തമായ ട്രാഫിക് കാരണം തുടർന്ന് ഇന്ത്യയെ ലിസ്റ്റിൽനിന്ന് ഒഴിവാക്കി. സാങ്കേതിക തകരാറുകൾ പരിഹരിച്ച് നിലവിൽ ഇന്ത്യയെ വീണ്ടും ഉൾപ്പെടുത്തുകയാണ് ഉണ്ടായത്. അതേസമയം, ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽനിന്ന് വരുന്നവർക്ക് 10 ദിവസ ക്വാറൻറീൻ നിലവിലുള്ളതിനാൽ വിസിറ്റ് വിസക്കായി ഇനിയുമേറെ കാത്തിരിക്കേണ്ടി വരുമെന്നാണ് സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല