1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 1, 2024

സ്വന്തം ലേഖകൻ: ഖത്തറില്‍ നയതന്ത്ര ഇടപെടലിലൂടെ ശിക്ഷാ ഇളവ് ലഭിച്ച മുന്‍ ഇന്ത്യന്‍ സൈനികരില്‍ എട്ടാമത്തെയാള്‍ക്ക് ചില നടപടികള്‍ പൂര്‍ത്തിയാക്കാനുണ്ടെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. ആവശ്യങ്ങള്‍ നിറവേറ്റിയാല്‍ എട്ടാമത്തെ ഇന്ത്യക്കാരന്‍ തിരിച്ചെത്തുമെന്ന് മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ ന്യൂഡല്‍ഹിയില്‍ പ്രതിവാര വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

രണ്ടര ആഴ്ച മുമ്പ് ഏഴ് മുന്‍ നാവികസേനാംഗങ്ങള്‍ ഇന്ത്യയില്‍ തിരിച്ചെത്തിയെങ്കിലും ഒരാള്‍ക്ക് മാത്രം ഇവര്‍ക്കൊപ്പം മടങ്ങാന്‍ സാധിച്ചിരുന്നില്ല. ഏഴുപേര്‍ ഫെബ്രുവരി 12ന് ഇന്ത്യയിലേക്ക് മടങ്ങിയിരുന്നു. ‘അല്‍-ദഹ്റ ഗ്ലോബല്‍ കേസില്‍ ഉള്‍പ്പെട്ട എട്ട് ഇന്ത്യന്‍ പൗരന്മാരെയും ഖത്തര്‍ വിട്ടയച്ചതാണ്. ഇവരില്‍ ഏഴ് പേര്‍ ഇന്ത്യയിലേക്ക് മടങ്ങി. എട്ടാമത്തെ ഇന്ത്യന്‍ പൗരന് ചില ആവശ്യകതകള്‍ നിറവേറ്റേണ്ടതുണ്ട്. അവ പൂര്‍ത്തിയാകുമ്പോള്‍ അദ്ദേഹം മടങ്ങിവരും- രണ്‍ധീര്‍ ജയ്സ്വാള്‍ ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 26 നാണ് ഖത്തറിലെ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി നാവികസേനയിലെ സൈനികര്‍ക്ക് വധശിക്ഷ വിധിച്ചത്. ഖത്തറിലെ അപ്പീല്‍ കോടതി ഡിസംബര്‍ 28ന് വധശിക്ഷ ഇളവ് ചെയ്യുകയും വിവിധ കാലയളവുകളിലേക്ക് തടവിന് ശിക്ഷിക്കുകയും ചെയ്തു. ചാരവൃത്തി ആരോപിച്ചാണ് അറസ്റ്റ് ചെയ്തതെങ്കിലും കേസിന്റെ രഹസ്യ സ്വഭാവം പരിഗണിച്ച് ഖത്തര്‍ അധികൃതരോ ഇന്ത്യയോ മുന്‍ സൈനികള്‍ക്കെതിരായ കുറ്റങ്ങള്‍ പരസ്യമാക്കിയില്ല.

അടുത്തിടെ ഖത്തര്‍ സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയെ കാണുകയും എട്ട് ഇന്ത്യക്കാരുടെ മോചനത്തിന് നന്ദി അറിയിക്കുകയും ചെയ്തിരുന്നു. ഇന്ത്യ നടത്തിയ മാസങ്ങള്‍ നീണ്ട നയതന്ത്ര നീക്കങ്ങളിലൂടെയാണ് എട്ട് പേര്‍ക്കും ശിക്ഷാ ഇളവ് ലഭിക്കുന്നത്.

വധശിക്ഷാ വിധി വന്ന ശേഷം കഴിഞ്ഞ ഡിസംബറില്‍ നരേന്ദ്ര മോദി ദുബായില്‍ കോപ് 28 കാലാവസ്ഥാ ഉച്ചകോടിക്കിടെ ഷെയ്ഖ് തമീമിനെ കണ്ടിരുന്നു. ഇന്ത്യക്കാരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്തതായി മോദി വെളിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്നാണ് ഖത്തറിലെ മേല്‍ക്കോടതിയില്‍ നിന്ന് വധശിക്ഷാ ഇളവ് ലഭിക്കുന്ന വിധിയുണ്ടാവുന്നത്.

തുടര്‍ന്നും ഇന്ത്യ നടത്തിയ നയതന്ത്ര ശ്രമങ്ങള്‍ക്ക് പിന്നാലെ ഖത്തര്‍ അമീര്‍ പ്രത്യേക ഉത്തരവിലൂടെ എല്ലാവരുടെയും മോചനം സാധ്യമാക്കുകയായിരുന്നു. ജയില്‍ ശിക്ഷ ഉള്‍പ്പെടെ കേസുകള്‍ പൂര്‍ണമായും റദ്ദാക്കി എല്ലാവരേയും മോചിപ്പിക്കാന്‍ കഴിഞ്ഞത് ഇന്ത്യയുടെ നയതന്ത്ര മികവിന്റെ വ്യക്തമായ ഉദാഹരണമായി വിലയിരുത്തപ്പെടുകയുണ്ടായി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.