സ്വന്തം ലേഖകൻ: ഖത്തര്‍ കോടതി വധശിക്ഷ വിധിച്ച എട്ട് മുന്‍ ഇന്ത്യന്‍ നാവികസേനാംഗങ്ങളുടെ കുടുംബങ്ങള്‍ ആശങ്കയില്‍. വിഷയത്തില്‍ കരുതലോടെയാണ് വിദേശകാര്യമന്ത്രാലയം ഇടപെടുന്നത്. കഴിഞ്ഞവര്‍ഷമാണ് ഇവര്‍ അറസ്റ്റിലായത്. ഒരുവര്‍ഷത്തിലേറെയായി തങ്ങള്‍ സങ്കടമനുഭവിക്കുകയാണെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു.
കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഖത്തര്‍ കൈമാറുന്നില്ലെന്നും പിടിയിലായ എല്ലാവരെയും തിരിച്ചെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നും കമാന്‍ഡര്‍ സുഗുണാകര്‍ പകാലയുടെ ഭാര്യാസഹോദരന്‍ കല്യാണ്‍ ചക്രവര്‍ത്തി അഭ്യര്‍ഥിച്ചു. കമാന്‍ഡര്‍ പൂര്‍ണേന്ദു തിവാരിയുടെ സഹോദരി ഡോ. മീതു ഭാര്‍ഗവ സാമൂഹികമാധ്യമങ്ങളിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദിയോടടക്കം സഹായമഭ്യര്‍ഥിച്ചിരുന്നു. വധശിക്ഷ വിധിച്ചതില്‍ നടുക്കം പ്രകടിപ്പിച്ച വിദേശകാര്യമന്ത്രാലയം, കേസിലുള്‍പ്പെട്ടവര്‍ക്ക് നിയമസഹായം നല്കുമെന്നറിയിച്ചിട്ടുണ്ട്.
ക്യാപ്റ്റന്‍ നവ്തേജ് സിങ് ഗില്‍, ക്യാപ്റ്റന്‍ ബിരേന്ദ്രകുമാര്‍ വര്‍മ, ക്യാപ്റ്റന്‍ സൗരഭ് വസിഷ്ഠ്, കമാന്‍ഡര്‍ അമിത് നാഗ്പാല്‍, കമാന്‍ഡര്‍ പൂര്‍ണേന്ദു തിവാരി, കമാന്‍ഡര്‍ സുഗുണാകര്‍ പകാല, കമാന്‍ഡര്‍ സഞ്ജീവ് ഗുപ്ത, നാവികന് രാഗേഷ് ഗോപകുമാര്‍ എന്നിവരാണ് അറസ്റ്റിലായിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട്. രാഗേഷ് തിരുവനന്തപുരം സ്വദേശിയാണെന്നാണ് സൂചന. നവ്തേജ് സിങ് ഗില്‍ രാഷ്ട്രപതിയുടെ സ്വര്‍ണമെഡല്‍ ജേതാവാണ്. ഖത്തറിലെ സേവനങ്ങള്‍ക്ക് അംഗീകാരമായി പൂര്‍ണേന്ദു തിവാരിക്ക് 2019-ല്‍ സര്‍ക്കാര്‍ പ്രവാസിഭാരതീയ സമ്മാന്‍ പുരസ്കാരം നല്കി ആദരിച്ചിരുന്നു.
നാവികസേനയില്‍നിന്ന് വിരമിച്ചശേഷം ഖത്തറിലെ സ്വകാര്യകമ്പനിയായ അല്‍ ദഹ്റയില്‍ ജോലിചെയ്യുകയായിരുന്നു ഇവര്‍. 2022 ഓഗസ്റ്റിലാണ് ഖത്തര്‍ ഇന്റലിജന്‍സ് ഇവരെ അറസ്റ്റുചെയ്തത്. സൈനികസേവനം നല്കുന്ന കമ്പനിയുടെ ഉടമയായ ഖത്തര്‍ പൗരനും കേസില്‍ അറസ്റ്റിലായിരുന്നെങ്കിലും നവംബറില്‍ മോചിപ്പിച്ചു. മാര്‍ച്ചിലാണ് വിചാരണയാരംഭിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല