1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 22, 2022

സ്വന്തം ലേഖകൻ: പതിനൊന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇറാന്‍ പ്രസിഡന്റ് ഖത്തറിലെത്തി. ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹീം റയീസിയെ ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി നേരിട്ടു ചെന്നാണ് സ്വീകരിച്ചത്. ഇറാന്‍ പ്രസിഡന്റായി സ്ഥാനമേറ്റ ശേഷം ഇബ്രാഹിം റയീസി ഗള്‍ഫ് രാജ്യത്തേക്ക് നടത്തുന്ന ആദ്യ സന്ദര്‍ശനം കൂടിയാണിത്. സാമ്പത്തികം, ഊര്‍ജം, അടിസ്ഥാന സൗകര്യ വികസനം, ഭക്ഷ്യ സുരക്ഷ, സംസ്‌ക്കാരം എന്നീ മേഖലകളില്‍ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള കരാറുകള്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഒപ്പുവച്ചു.

അമീറിന്റെ കൊട്ടാരമായ അമീരി ദിവാനില്‍ നടത്തിയ പ്രത്യേക കൂടിക്കാഴ്ചയില്‍ ഇറാന്‍ ആണവ കരാര്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്തതായി അല്‍ ജസീറ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. 2015ല്‍ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ നേതൃത്വത്തിലുണ്ടാക്കിയ കരാര്‍ പുനസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് വിയന്നയില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിന് ഇടയിലാണ് ഖത്തര്‍ അമീറുമായി ഈ വിഷയം ഇറാന്‍ പ്രസിഡന്റെ ചര്‍ച്ച ചെയ്തത്. ഇറാന്‍ ആണവ സംസ്‌ക്കരണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കുന്നതിന് പകരം രാജ്യത്തിനെതിരേ അമേരിക്കയുടെ നേതൃത്വത്തില്‍ ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ പിന്‍വലിക്കുന്നതായിരുന്നു ബറാക് ഒബാമ യുഎസ് പ്രസിഡന്റായിരിക്കെ ഒപ്പുവച്ച കരാര്‍. എന്നാല്‍ ഡൊണാള്‍ഡ് ട്രംപ് അധികാരത്തില്‍ വന്ന ശേഷം കരാര്‍ റദ്ദാക്കുകയും ഉപരോധങ്ങള്‍ വീണ്ടും ഏര്‍പ്പെടുത്തുകയുമായിരുന്നു.

ആണവ കരാര്‍ പുനസ്ഥാപിക്കുന്നതിന്റെ ഭാഗമായി നേരട്ടല്ലാതെയുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്ന സാഹചര്യത്തില്‍ ഇറാനെതിരായ ഉപരോധം പിന്‍വലിക്കുമെന്ന് തെളിയിക്കുന്നതിനുള്ള ഇച്ഛാശക്തി അമേരിക്ക പ്രകടിപ്പിക്കണമെന്ന് ഇറാന്‍ പ്രസിഡന്റ് ചര്‍ച്ചയ്ക്കു ശേഷം പറഞ്ഞു. ആണവ ചര്‍ച്ചകള്‍ ഫലവത്താവണമെങ്കില്‍ ഉപരോധം പിന്‍വലിക്കുന്ന കാര്യത്തില്‍ ഉറപ്പുകള്‍ ഉണ്ടാവണമെന്ന് ഖത്തര്‍ അമീറിനൊപ്പം നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ ഇറാന്‍ പ്രസിഡന്റ് വ്യക്തമാക്കി. അമേരിക്കയുമായി നടക്കുന്ന ഉദ്യോഗസ്ഥ തല ചര്‍ച്ചകളില്‍ പല പ്രശ്‌നങ്ങളും പരിഹരിക്കപ്പെട്ടതായും നല്ല പുരോഗതി കൈവരിക്കാനായതായും ഇറാന്‍ വിദേശകാര്യ മന്ത്രാലയം പറഞ്ഞിരുന്നു. എന്നാല്‍ അവശേഷിക്കുന്ന പ്രശ്‌നങ്ങളാവട്ടെ അത്യന്തം ഗൗരവമുള്ളതാണെന്നും മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

ഇറാന്‍ ആണവ കരാര്‍ പുനസ്ഥാപിക്കുന്ന വിഷയത്തില്‍ ഇറാനും അമേരിക്കയ്ക്കുമിടയില്‍ മധ്യസ്ഥത വഹിക്കാനുള്ള ഖത്തറിന്റെ ശ്രമങ്ങള്‍ക്ക് കൂടുതല്‍ ശക്തിപകരുന്നതാണ് ഇറാന്‍ പ്രസിഡന്റിന്റെ സന്ദര്‍ശനമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് ഖത്തര്‍ വിദേശകാര്യ മന്ത്രി ഇറാന്‍, യുഎസ് പ്രതിനിധികളുമായി നേരത്തേ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇറാന്‍ ആണവ വിഷയവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് രമ്യമായ പരിഹാരം കണ്ടെത്തുന്നതിന് സാധ്യമായ എല്ലാ സഹായങ്ങളും ഖത്തറിന്റെ ഭാഗത്തു നിന്ന് ഉറപ്പു നല്‍കുന്നതായി ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

നയതന്ത്ര പാസ്പോര്‍ട്ട് ഉള്ളവര്‍ക്ക് വിസയില്‍ ഇളവ് നല്‍കല്‍, വിദേശകാര്യ മന്ത്രാലയത്തിനു കീഴിലെ നയതന്ത്ര സ്ഥാപനങ്ങളില്‍ പരിശീലനവും സഹകരണവും, ഖത്തര്‍ മീഡിയ കോര്‍പറേഷനും ഇറാന്‍ ബ്രോഡ്കാസ്റ്റിംഗ് കോര്‍പറേഷനും തമ്മിലെ റേഡിയോ-ടെലിവിഷന്‍ മേഖലകളില്‍ സഹകരണം, സമുദ്രാന്തര്‍ ടണല്‍ വഴി ഇരു രാജ്യങ്ങളെയും ബന്ധിപ്പിക്കല്‍, യാത്രാ- ചരക്കു കപ്പല്‍ ഗതാഗതം ശക്തിപ്പെടുത്തല്‍ എന്നിവ ഉള്‍പ്പെടെയുള്ള സുപ്രധാന കരാറുകളിലാണ് ഇരു രാജ്യങ്ങളും ഒപ്പുവെച്ചത്. മന്ത്രിമാര്‍ അടക്കമുള്ള ഉന്നതതല സംഘവും ഇറാന്‍ പ്രസിഡന്റിന്റെ കൂടെ ഖത്തറില്‍ എത്തിയിട്ടുണ്ട്.

ദോഹയില്‍ നടക്കുന്ന പ്രകൃതി വാതക കയറ്റുമതി രാഷ്ട്രത്തലവന്‍മാരുടെ ഉച്ചകോടിയിലും ഇരുനേതാക്കളും പങ്കെടുക്കും. പ്രകൃതി വാതക കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ജിഇസിഎഫ്, ആഗോള ഊര്‍ജ സുരക്ഷ ലക്ഷ്യമിട്ട് നടത്തുന്ന ആറാമത് ഉച്ചകോടിയാണ് ദോഹയില്‍ നടക്കുന്നത്. ‘പ്രകൃതി വാതകം; ഭാവി ഊര്‍ജത്തിന്റെ പുതിയ മാതൃക രൂപപ്പെടുത്തുന്നു’ എന്ന പ്രമേയത്തിലാണ് ഉച്ചകോടി. പ്രകൃതി വാതക മേഖലയില്‍, ഉല്‍പ്പാദനം ശക്തിപ്പെടുത്തുക, ആഗോള ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കുക തുടങ്ങിയ വിഷയങ്ങളാണ് ഉച്ചകോടിയില്‍ പ്രധാനമായും ചര്‍ച്ച ചെയ്യുക. മൂന്ന് ദിവസത്തെ ഉച്ചകോടി ഇന്ന് സമാപിക്കും. ജിഇസിഎഫ് രാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാരുടെ സമ്മേളനമാണ് ഇന്ന് നടക്കുക. ആഥിതേയരായ ഖത്തറിനു പുറമേ, അള്‍ജീരിയ, ബൊളീവിയ, ഈജിപ്ത്, ഗിനിയ, ഇറാന്‍, ലിബിയ, നൈജീരിയ, റഷ്യ, ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ, വെനസ്വേല, അസര്‍ബൈജാന്‍, നെതര്‍ലാന്‍ഡ്‌സ്, നോര്‍വേ, ഇറാഖ്, ഒമാന്‍, യുഎഇ എന്നിവയാണ് ഫോറത്തില്‍ പങ്കെടുക്കുന്ന മറ്റു രാജ്യങ്ങള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.