സ്വന്തം ലേഖകൻ: കോഴിക്കോട്ടേക്കുള്ള പ്രവാസികൾക്ക് അവധിക്കാല യാത്രയൊരുക്കാൻ ട്രാവൽ ഏജൻസിയുടെ ചാർട്ടേഡ് വിമാനവും റെഡി. തിരക്കേറിയ യാത്രാ സീസണിൽ ദോഹയിലെ ഗോ മുസാഫിർ ട്രാവൽ എന്ന യാത്രാ ഏജൻസിയാണ് നിരക്കിളവോടെ ഇൻഡിഗോയുടെ പ്രത്യേക ചാർട്ടേഡ് വിമാനങ്ങൾ സജ്ജമാക്കുന്നത്.
ടിക്കറ്റ് വർധനയിൽ ആശ്വാസം പകരാനാണ് യാത്ര ഒരുക്കുന്നതെന്ന് ഗോ മുസാഫിർ ജനറൽ മാനേജർ ഫിറോസ് നാട്ടു വ്യക്തമാക്കി. ദോഹ-കോഴിക്കോട്, കോഴിക്കോട്-ദോഹ റൂട്ടുകളിൽ 4 ചാർട്ടേഡ് വിമാനങ്ങളാണ് ജൂലൈ-ഓഗസ്റ്റ് മാസങ്ങളിലായി സർവീസ് നടത്തുന്നത്. സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന 10 പേർക്ക് സൗജന്യ യാത്രയും ഉറപ്പാക്കി.
കോഴിക്കോട്ടേക്കുള്ള മുഴുവൻ സീറ്റുകളും ബുക്ക് ചെയ്തതായി ഫിറോസ് പറഞ്ഞു. ആദ്യ ചാർട്ടേഡ് വിമാനം ജൂലൈ 7ന് രാത്രി 8.25ന് കോഴിക്കോട്ട് നിന്ന് പുറപ്പെട്ട് ദോഹയിൽ രാത്രി 10.10ന് എത്തും. ദോഹയിലെ ബന്ധുക്കൾക്കൊപ്പം ഈദ് ആഘോഷിക്കാൻ തയാറെടുക്കുന്നവർക്ക് ഈ വിമാനത്തിൽ ദോഹയിലേക്ക് എത്താം.
550 റിയാൽ (11,715 ഇന്ത്യൻ രൂപ) ആണ് നിരക്ക്. അന്നു തന്നെ ദോഹയിൽ നിന്ന് രാത്രി 11.00ന് 222 യാത്രക്കാരുമായി പുറപ്പെടുന്ന ഇതേ വിമാനം അടുത്ത ദിവസം രാവിലെ 6.30ന് കോഴിക്കോട്ടെത്തും. ഒരാൾക്ക് 1,650 റിയാൽ ആണ് കോഴിക്കോട്ടേയ്ക്കുള്ള ടിക്കറ്റ് നിരക്ക്. 35,145 ഇന്ത്യൻ രൂപ വരുമിത്.
അവധിക്കാലം കഴിഞ്ഞ് ദോഹയിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികൾക്കായി ഓഗസ്റ്റ് 12ന് കോഴിക്കോട്-ദോഹ, ദോഹ കോഴിക്കോട് എന്നിങ്ങനെ 2 സർവീസുകൾ കൂടി ഉണ്ട്. കോഴിക്കോട്-ദോഹയ്ക്ക് 1,650 റിയാലും ദോഹ-കോഴിക്കോട് 550 റിയാലുമാണ് നിരക്ക്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല