1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 17, 2021

സ്വന്തം ലേഖകൻ: ഖത്തറിന്റെ തൊഴിൽ പരിഷ്‌കരണ നടപടികൾ കുടിയേറ്റ തൊഴിലാളികൾക്ക് ഗുണകരമായിട്ടില്ലെന്ന ആംനസ്റ്റിയുടെ പരാമർശങ്ങൾ തൊഴിൽ മന്ത്രാലയം തള്ളി. ആംനസ്റ്റിയുടെ ‘യഥാർഥ പരിശോധന 2021: 2022 ലോകകപ്പിലേക്ക് ഒരു വർഷം’ എന്ന തലക്കെട്ടിലുള്ള റിപ്പോർട്ടിലെ പരിഷ്‌ക്കരണങ്ങൾ ലക്ഷക്കണക്കിന് വരുന്ന കുടിയേറ്റ തൊഴിലാളികൾക്ക് ഗുണകരമായിട്ടില്ലെന്ന വാദങ്ങളാണ് തള്ളിയത്.

2020 സെപ്റ്റംബർ മുതൽ ഇതുവരെ തൊഴിൽ മാറ്റം പൂർത്തിയാക്കിയ 2,42,870 തൊഴിലാളികളിൽ നിന്നോ മിനിമം വേതന നിയമം നടപ്പാക്കിയതിലൂടെ വേതന വർധനയും മറ്റ് സാമ്പത്തിക ആനുകൂല്യവും ലഭിച്ച 4 ലക്ഷത്തിലധികം വരുന്ന തൊഴിലാളികളിൽ നിന്നോ വിവരങ്ങൾ രേഖപ്പെടുത്തുന്നതിൽ ആംനസ്റ്റി പൂർണമായും പരാജയപ്പെട്ടുവെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.

2018 ൽ എക്‌സിറ്റ് പെർമിറ്റ് നിർത്തലാക്കിയ ശേഷം തൊഴിലുടമയുടെ അനുമതിയില്ലാതെ ലക്ഷക്കണക്കിന് തൊഴിലാളികൾ ഖത്തറിന് പുറത്തുപോയി മടങ്ങിയെത്തി. വേതന സംരക്ഷണ സംവിധാനത്തിലൂടെ 96 ശതമാനം തൊഴിലാളികളെയും വേതന ചൂഷണങ്ങളിൽ നിന്നു സംരക്ഷിക്കാൻ കഴിഞ്ഞിട്ടുണ്ട്.

വിദേശങ്ങളിലെ പുതിയ ഖത്തർ വീസ സെന്ററുകളുടെ പ്രവർത്തനത്തിലൂടെ തൊഴിൽ ചൂഷണങ്ങൾ ഗണ്യമായി കുറഞ്ഞു. വേനൽക്കാലത്തെ ഉച്ചവിശ്രമ വ്യവസ്ഥകൾ വേനൽക്കാല ആരോഗ്യ പ്രശ്‌നങ്ങളിൽ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

തൊഴിൽ നിയമം ലംഘിക്കുന്ന തൊഴിലുടമകൾക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുന്നുണ്ട്. തൊഴിലിടങ്ങളിലും തൊഴിലാളി താമസ സ്ഥലങ്ങളിലും കൃത്യമായ ഇടവേളകളിൽ ലേബർ പരിശോധനയും നടക്കുന്നുണ്ട്. വ്യവസ്ഥാപിതമായ തൊഴിൽ പരിഷ്‌ക്കരണങ്ങൾ ദീർഘകാല പ്രക്രിയ ആണെന്നും പുതിയ വ്യവസ്ഥകളിലേക്കുള്ള മാറ്റത്തിന് കമ്പനികൾക്ക് സമയമെടുക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

നിയമലംഘനങ്ങളിൽ വിട്ടുവീഴ്ചയില്ലെന്ന കർശന മുന്നറിയിപ്പാണ് കമ്പനികൾക്ക് നൽകിയിരിക്കുന്നത്. ഖത്തറിന്റെ തൊഴിൽ സംവിധാനം പുരോഗതിയുടെ പാതയിലാണ്. തൊഴിൽ പരിഷ്‌ക്കരണം സങ്കീർണമായ നടപടിയാണ്.

ഇക്കാര്യത്തിൽ ഹ്രസ്വകാലയളവിൽ മറ്റൊരു രാജ്യവും ഖത്തറിന്റെ അത്രവേഗം പുരോഗതി കൈവരിച്ചിട്ടില്ല. കുടിയേറ്റ തൊഴിലാളികളുടെ ജീവിതനിലവാരം ഉയർത്തുന്നതിൽ ഐഎൽഒ ഉൾപ്പെടെയുള്ള രാജ്യാന്തര പങ്കാളികളുമായി സഹകരിച്ചാണ് ഖത്തറിന്റെ നടപടികളെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.