സ്വന്തം ലേഖകൻ: തൊഴിൽമന്ത്രാലയത്തിന് കീഴിലെ സേവനങ്ങൾ കൂടുതൽ വേഗത്തിലും ലളിതവുമാക്കുന്നതിന്റെ ഭാഗമായി ഇ- സേവനങ്ങളുടെ പട്ടികയിൽ കൂടുതൽ വിഭാഗങ്ങൾ ഉൾപ്പെടുത്തി അധികൃതർ. വെബ്സൈറ്റിലെ നിർദേശങ്ങൾക്കനുസൃതമായി റിക്രൂട്ട്മെന്റ് ഓഫിസ് ലൈസൻസ് ഓൺലൈനായി പുതുക്കാനും റദ്ദാക്കാനുമുള്ള സേവനം ഇ-സേവനങ്ങളിൽ പുതുതായി കൂട്ടിച്ചേർക്കപ്പെട്ടവയിൽ പെടുന്നു.
ലേബർ റിക്രൂട്ട്മെന്റ് ഓഫിസുകളുടെ തൊഴിലുടമകൾ ലൈസൻസുകൾ കാലാവധി അവസാനിക്കുന്നതിന്റെ ഒരുമാസം മുമ്പെങ്കിലും ഇ-സേവനം വഴി പുതുക്കുന്നതിനുള്ള അപേക്ഷ സമർപ്പിച്ചിരിക്കണമെന്ന് മന്ത്രാലയം നിർദേശിക്കുന്നു. റിക്രൂട്ട്മെന്റ് ഓഫിസ് ലൈസൻസ് പുതുക്കുന്നതിന് സ്ഥാപനത്തിന് സജീവമായ ഇ.ഐ.ഡിയും സാധുവായ വാണിജ്യ രജിസ്ട്രേഷനും ഉണ്ടായിരിക്കണമെന്ന് മന്ത്രാലയം അറിയിച്ചു.
കൂടാതെ പുതിയ ഉടമക്ക് നിരോധനങ്ങളോ വിലക്കുകളോ ഉണ്ടായിരിക്കരുത്. കൂടാതെ നേരത്തെ പുതുക്കാൻ നൽകിയ അപേക്ഷകളോ ഓഫിസിനെതിരെ പരാതികളോ പാടില്ല. ലേബർ റിക്രൂട്ട്മെന്റ് ഓഫിസ് ലൈസൻസ് റദ്ദാക്കുന്നതിന് അപേക്ഷിക്കുന്ന സാഹചര്യത്തിൽ സ്ഥാപനത്തിന് വിലക്കുകളോ നിലവിലെ ഉടമക്കെതിരെ വ്യക്തിപരമായ വിലക്കുകളോ ഓഫിസിനെതിരെ പരാതികളോ ഉണ്ടാവരുത്.
കൂടാതെ ഓഫിസ് അടച്ചുപൂട്ടുന്നത് സംബന്ധിച്ച് ഔദ്യോഗികമായി പത്രത്തിലൂടെ അറിയിച്ച് ഒമ്പത് മാസം പിന്നിട്ടാലും ലൈസൻസ് ഇ-സേവനത്തിലൂടെ ലൈസൻസ് റദ്ദാക്കാം. സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച് തൊഴിൽ മന്ത്രാലയം അതിന്റെ എല്ലാ സേവനങ്ങൾക്കും ഒരു സമഗ്ര ഡിജിറ്റൽ പ്ലാറ്റ്ഫോം ആരംഭിച്ചിട്ടുണ്ട്. മന്ത്രാലയത്തിന്റെ വെബ്സൈറ്റിലൂടെ 80 ഇലക്ട്രോണിക് സേവനങ്ങളാണ് നിലവിൽ നൽകിവരുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല