സ്വന്തം ലേഖകൻ: സ്വകാര്യ മേഖലയിലെ തൊഴിലുകൾ വിശദീകരിക്കുന്ന ഗൈഡുമായി ഖത്തർ തൊഴിൽ മന്ത്രാലയം. 2018-2022 കാലയളവിലേക്കുള്ള മന്ത്രാലയത്തിന്റെ രണ്ടാം ഘട്ട ദേശീയ പദ്ധതികളുടെ ഭാഗമായാണ് തൊഴിൽ വർഗീകരണ ഗൈഡ് പുറത്തിറക്കിയത്. ഖത്തറിലെ തൊഴിൽ വിപണിയിലെ വിപുലീകരണവും വൈവിധ്യവത്കരണവും അന്തർദേശീയ നിലവാരത്തിലുള്ള വർഗീകരണവും വ്യക്തമാക്കുന്നതാണ് പുതിയ ഗൈഡ്.
ഖത്തറിലെ എല്ലാ സ്ഥാപനങ്ങൾക്കും വിവിധ മേഖലകളിലെ റെസിഡൻസി, തൊഴിൽ അനുമതികൾ എന്നിവക്കായി ഉപയോഗിക്കുന്നതിന് ഒരു ഏകീകൃത ദേശീയ മാർഗരേഖ സൃഷ്ടിക്കാൻ സഹായിക്കുന്നതാണ് തൊഴിൽ ഗൈഡ്. രാജ്യത്തെ വിവിധ മേഖലകളിലുടനീളമുള്ള എല്ലാ തൊഴിലുകൾക്കും സാർവത്രികമായി അംഗീകരിക്കപ്പെട്ട പദാവലി രൂപപ്പെടുത്താനും ഗൈഡ് ലക്ഷ്യമിടുന്നു.
തൊഴിൽ വിപണിയിലെ വിവരങ്ങളുടെയും മറ്റും കൈമാറ്റം ഇത് ലളിതമാക്കുന്നു. കൂടാതെ വിവിധ തൊഴിലുകൾക്കായുള്ള തൊഴിൽ വിപണിയുടെ ആവശ്യങ്ങളെക്കുറിച്ച് സമഗ്രമായ പദ്ധതികൾ രൂപവത്കരിക്കുന്നതിനും തൊഴിലുകളുടെ നിലവിലെ അവസ്ഥയും പരിണാമവും അടിസ്ഥാനമാക്കി ദേശീയതലത്തിൽ തൊഴിൽ തന്ത്രങ്ങൾ വികസിപ്പിക്കാൻ അധികാരികളെ പ്രാപ്തമാക്കുന്നതിനും മാർഗരേഖ സഹായിക്കും.
വിഷൻ 2030ന്റെ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കാൻ സജീവമായി സംഭാവനചെയ്യാൻ കഴിയുന്ന തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും നൈപുണ്യമുള്ള തൊഴിലാളികളെ വളർത്തിയെടുക്കുന്നതിനുമുള്ള സുപ്രധാന ലക്ഷ്യങ്ങളാണ് രണ്ടാമത്തെ ദേശീയ വികസന പദ്ധതിയെന്ന് തൊഴിൽ മന്ത്രി ഡോ. അലി ബിൻ സിമൈഖ് അൽ മർരി പറഞ്ഞു.
രാജ്യത്തെ വിവിധ മേഖലകളിലുടനീളം യോഗ്യരും വിദഗ്ധരുമായ വ്യക്തികളിൽ നിക്ഷേപം നടത്തി വിജ്ഞാനാധിഷ്ഠിത സമ്പദ് വ്യവസ്ഥ രൂപപ്പെടുത്തുന്നതിലാണ് പ്രാഥമിക ശ്രദ്ധയെന്നും ഡോ. അലി അൽ മർരി കൂട്ടിച്ചേർത്തു.
വിവിധ തൊഴിൽ വിഭാഗങ്ങൾക്കായി ഒമ്പത് പ്രാഥമിക ഡിവിഷനുകളായി ഗൈഡ് ക്രമീകരിച്ചിരിക്കുന്നു. ഓരോ ഡിവിഷനും പല ഭാഗങ്ങളായും അധ്യായങ്ങളായും യൂണിറ്റുകളായും വിഭജിച്ചിട്ടുണ്ട്. ഈ വർഗീകരണത്തിനുള്ളിലായി മുവായിരത്തിലധികം തൊഴിലുകളുടെ തലക്കെട്ടുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഐക്യരാഷ്ട്രസഭയുടെ സാമ്പത്തിക, സാമൂഹിക കൗൺസിൽ പുറപ്പെടുവിച്ച തൊഴിലിന്റെ അന്തർദേശീയ നിലവാര വർഗീകരണവുമായും ജി.സി.സി, അറബ് തൊഴിൽ വർഗീകരണ സംവിധാനങ്ങളുമായും പൊരുത്തപ്പെടുന്നതാണ് സ്വകാര്യ മേഖലയിലെ തൊഴിൽ വർഗീകരണവുമായി ബന്ധപ്പെട്ട് മന്ത്രാലയം പുറത്തിറക്കിയ ഈ ഗൈഡ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല