1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 9, 2024

സ്വന്തം ലേഖകൻ: ലുസൈല്‍ ട്രാം സര്‍വീസുകളുടെ വിപുലീകരണത്തിന്റെ ഭാഗമായി ഇന്നലെ മുതല്‍ പിങ്ക് ലൈനില്‍ ട്രാം ഓടിത്തുടങ്ങി. നിലവിലെ ഓറഞ്ച് ലൈനിനു പുറമെയാണ് പിങ്ക് ലൈനില്‍ കൂടി തിങ്കാളഴ്ച ഖത്തര്‍ ഗതാഗത മന്ത്രാലയം സര്‍വീസ് ആരംഭിച്ചത്. ലെഖ്തൈഫിയ മുതല്‍ സീഫ് ലുസൈല്‍ നോര്‍ത്ത് വരെയാണ് പിങ്ക് ലൈന്‍ സര്‍വീസ്. 10 സ്റ്റേഷനുകളാണ് പിങ്ക് ലൈനില്‍ ഉള്ളത്.

പുതിയ സ്റ്റേഷനുകള്‍:

നൈഫ
ഫോക്‌സ് ഹില്‍സ് – തെക്ക്
ലുസൈല്‍ നഗരം
അല്‍ ഖൈല്‍ സ്ട്രീറ്റ്
ഫോക്‌സ് ഹില്‍സ് – നോര്‍ത്ത്
ക്രസന്റ് പാര്‍ക്ക് – നോര്‍ത്ത്
റൗദത്ത് ലുസൈല്‍
എര്‍ക്കിയ
ലുസൈല്‍ സ്റ്റേഡിയം
അല്‍ യാസ്മീന്‍

ഓറഞ്ച് ലൈനില്‍ അല്‍ സഅദ് പ്ലാസ ഒഴികെയുള്ള സ്റ്റേഷനുകളാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഇവിടെ പിന്നീട് സര്‍വീസ് ആരംഭിക്കുമെന്ന് ഖത്തര്‍ ഗതാഗത മന്ത്രാലയം അറിയിച്ചു. ഇതോടെ സര്‍വ്വീസ് ആരംഭിക്കുന്ന പുതിയ സ്റ്റേഷനുകളുടെ എണ്ണം 14 ആയി ഉയര്‍ന്നു. ലുസൈല്‍ ട്രാമിലെ മൊത്തം പ്രവര്‍ത്തന സ്റ്റേഷനുകളുടെ എണ്ണം 21 ആയി.

ദോഹ മെട്രോയുടെ അതേ സേവന സമയങ്ങളിലാണ് ലുസൈല്‍ ട്രാം സര്‍വീസ്. ആഴ്ചയില്‍ ഏഴ് ദിവസവും പ്രവര്‍ത്തിക്കുന്നു. ശനി മുതല്‍ ബുധന്‍ വരെ രാവിലെ 5.30 മുതല്‍ അര്‍ധരാത്രി വരെയും വ്യാഴാഴ്ച രാവിലെ 5.30 മുതല്‍ പുലര്‍ച്ചെ 1 വരെയും വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മുതല്‍ പുലര്‍ച്ചെ 1 വരെയും സര്‍വീസുണ്ടാവും.

പിങ്ക് ലൈന്‍ സേവനവും ഓറഞ്ച് ലൈന്‍ സ്റ്റേഷനുകളും സര്‍വീസ് ആരംഭിക്കുന്നതോടെ, അല്‍ സീഫ്, ക്രസന്റ് പാര്‍ക്ക്, ലുസൈല്‍ ബൊളിവാര്‍ഡ്, അല്‍ മഹാ ദ്വീപ് എന്നിവയുള്‍പ്പെടെ ലുസൈലിലെ നിരവധി പ്രദേശങ്ങളിലേക്കും ലക്ഷ്യസ്ഥാനങ്ങളിലേക്കും നേരിട്ട് യാത്ര ചെയ്യാന്‍ പൊതുജനങ്ങള്‍ക്ക് ട്രാം ഉപയോഗിക്കാനാകും. മെട്രോ നെറ്റ്വര്‍ക്കിലേക്കും ട്രാം കണക്റ്റുചെയ്തിരിക്കുന്നു.

പുതിയ സര്‍വീസ് തുടങ്ങിയതോടെ ഇതുവഴിയുള്ള വാഹന-കാല്‍നട യാത്രക്കാര്‍ സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് അധികൃതര്‍ ഓര്‍മിപ്പിച്ചു. യാത്രക്കാര്‍ ട്രാമിന്റെ നീക്കം സംബന്ധിച്ച് ബോധവാന്മാരായിരിക്കണമെന്ന് ഖത്തര്‍ ഗതാഗത വകുപ്പും ഖത്തര്‍ റെയിലും മുന്നറിയിപ്പ് നല്‍കി. ട്രാക്കുകളിലൂടെ ട്രാം സഞ്ചരിക്കുമ്പോള്‍ മോട്ടോര്‍ വാഹനങ്ങളെ പോലെ സഡന്‍ ബ്രേക്കില്‍ നിര്‍ത്താന്‍ കഴിയില്ലെന്നും ഓര്‍മിപ്പിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.