സ്വന്തം ലേഖകൻ: സ്ക്കൂൾ ബസിലിരുന്ന് ഉറങ്ങിയ നാലു വയസുകാരി മരിച്ചു. പിറന്നാൾ ദിനത്തിൽ ആയിരുന്നു നാലു വയസുകാരിയായ ബാലിക മരിച്ചത്. ചിങ്ങവനം കൊച്ചുപറമ്പിൽ അഭിലാഷ് ചാക്കോ- സൗമ്യ ദമ്പതികളുടെ ഇളയ മകൾ മിൻസയാണ് മരിച്ചത്. ദോഹ അൽവക്രയിലെ ദ് സ്പ്രിങ്ഫീൽഡ് കിന്റർഗാർട്ടനിലെ കെജി1 വിദ്യാർഥിനിയാണ് മിൻസ. രാവിലെ സ്ക്കൂൾ ബസിൽ കയറി കുട്ടി പോയി. സ്ക്കൂളിൽ എത്തിയിട്ട് കുട്ടി ഇറങ്ങിയില്ല. ബസിനുള്ളിൽ സീറ്റിൽ കിടന്ന് ഉറങ്ങിപോയി. കുട്ടി ഉറങ്ങിയത് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടില്ല. കുട്ടികളെ ഇറക്കിയ ശേഷം ജീവനക്കാർ ബസ് ലോക്ക് ചെയ്തു പോയി.
സ്‌കൂള്‍ ബസിനുള്ളില്‍ ഉറങ്ങിപ്പോയ മലയാളി ബാലിക മരിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് വിദ്യാഭ്യാസ മന്ത്രാലയം. സംഭവത്തില്‍ അന്വേഷണം തുടങ്ങി. മിന്‍സയുടെ മരണത്തില്‍ വിദ്യാഭ്യാസ മന്ത്രാലയം ദുഃഖം രേഖപ്പെടുത്തിയതിനൊപ്പം കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന ഉറപ്പും നല്‍കിയിട്ടുണ്ട്. കുട്ടികളുടെ സുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
ഞായറാഴ്ച രാവിലെ സ്‌കൂളിലേയ്ക്ക് പുറപ്പെട്ട നാലു വയസുകാരി ചിങ്ങവനം കൊച്ചുപറമ്പില്‍ അഭിലാഷ് ചാക്കോയുടെ മകള്‍ മിന്‍സ മറിയം ജേക്കബ് ആണ് ബസിനുള്ളില്‍ ദാരുണമായി മരണമടഞ്ഞത്. അല്‍ വക്രയിലെ സ്പ്രിങ്ഫീല്‍ഡ് കിന്റര്‍ഗാര്‍ട്ടനിലെ കെജി 1 വിദ്യാര്‍ഥിനിയാണ് മിന്‍സ. രാവിലെ മിന്‍സ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികളുമായി സ്‌കൂളിലെത്തിയ ബസ് ജീവനക്കാര്‍ ബസിനുള്ളില്‍ മിന്‍സ ഇരുന്ന് ഉറങ്ങുന്നത് ശ്രദ്ധിക്കാതെ വാഹനം പാര്‍ക്കിങ്ങിലിട്ട് ലോക്ക് ചെയ്തു പോകുകയായിരുന്നു.
ഉച്ചയോടെ വിദ്യാർഥികളെ തിരികെ വീട്ടിലെത്തിക്കാനായി ബസില്‍ കയറിയപ്പോഴാണ് മിന്‍സയെ അബോധാവസ്ഥയില്‍ കാണുന്നത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കടുത്ത ചൂടില്‍ അടച്ചിട്ട ബസിനുള്ളില്‍ മണിക്കൂറുകളോളം കഴിഞ്ഞ മിന്‍സയുടെ ജീവന്‍ നഷ്ടപ്പെട്ടിരുന്നു. ഇന്നലെ പകല്‍ താപനില 36 നും 43 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരുന്നു. രക്ഷിതാക്കള്‍ നല്‍കിയ പരാതിയില്‍ അല്‍ വക്ര പൊലീസ് കേസെടുത്തിട്ടുണ്ട്. മലയാളി ഉള്‍പ്പെടെയുള്ള ബസ് ജീവനക്കാരെ അറസ്റ്റ് ചെയ്തുവെന്നുമാണ് പ്രാഥമിക വിവരങ്ങള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല