
സ്വന്തം ലേഖകൻ: കടുത്ത വേനൽ ചൂടിൽനിന്നും തൊഴിലാളികൾക്ക് ആശ്വാസം പകരാൻ നടപ്പാക്കിയ ഉച്ചസമയത്തെ ജോലിനിയന്ത്രണ നിയമം പിൻവലിച്ചതായി ഭരണനിർവഹണ, വികസന, തൊഴിൽ മന്ത്രാലയം അറിയിച്ചു. ജൂൺ ഒന്നു മുതൽ പ്രാബല്യത്തിൽവന്ന നിയമം സെപ്റ്റംബർ 15ഓടെ അവസാനിച്ചതായി വാർത്തക്കുറിപ്പിൽ മന്ത്രാലയം വ്യക്തമാക്കി.
നേരേത്തയുള്ള നിർദേശപ്രകാരം ചൂടുകാലത്ത് തുറസ്സായ സ്ഥലങ്ങളിൽ പകൽ 10 മണി മുതൽ വൈകീട്ട് 3.30വരെ തൊഴിലാളികളെ ജോലി ചെയ്യിക്കരുതെന്നായിരുന്നു നിർദേശം. കഠിനമായ ചൂടിൽ തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. രാജ്യത്ത് ചൂട് കുറഞ്ഞ് തുടങ്ങിയതിനു പിന്നാലെ മൂന്നര മാസം നീണ്ട ഉച്ചസമയ ജോലി നിരോധനം പിൻവലിക്കാൻ തീരുമാനമായി.
കഴിഞ്ഞ ഏതാനും വർഷങ്ങളായി വേനൽക്കാലത്ത് തൊഴിൽ മന്ത്രാലയം ഈ നിയമം നടപ്പാക്കുന്നുണ്ട്. നിശ്ചിത സമയത്ത് തൊഴിലാളിക്ക് വിശ്രമം അനുവദിക്കുന്നുവെന്ന് ഉറപ്പുവരുത്താനായി മന്ത്രാലയം പരിശോധന നടത്തുകയും ലംഘിക്കുന്ന കമ്പനികൾക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്യുന്നുണ്ട്. മൂന്നര മാസത്തിനിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്ന പരിശോധനയിൽ നിരവധി കമ്പനികൾക്കെതിരെ നടപടി സ്വീകരിച്ചു.
തൊഴിലുടമ പ്രതിദിന തൊഴിൽ സമയക്രമം വ്യക്തമാക്കുന്ന നോട്ടീസ് തൊഴിലിടങ്ങളിൽ തൊഴിലാളികൾക്ക് പെട്ടെന്ന് കാണുന്ന രീതിയിൽ പതിക്കുക, മന്ത്രാലയം ഉദ്യോഗസ്ഥർ പരിശോധനക്കെത്തുേമ്പാൾ വ്യക്തമായി കാണുംവിധം പ്രദർശിപ്പിക്കുക, കഠിനമായ ചൂട് മൂലമുണ്ടാകുന്ന ശാരീരിക പ്രയാസങ്ങൾ അകറ്റാൻ വിശ്രമസ്ഥലം ഒരുക്കുക തുടങ്ങിയ നിരവധി നിർദേശങ്ങളും ഇതിന്റെ ഭാഗമായുണ്ടായിരുന്നു. സാമൂഹിക മാധ്യമങ്ങളും പത്രമാധ്യമങ്ങളും വഴി തൊഴിൽ മന്ത്രാലയം വിവിധ ഭാഷകളിലായി ബോധവത്കരണ പരിപാടികളും സംഘടിപ്പിച്ചു. നിയന്ത്രണം പിൻവലിച്ചെങ്കിലും തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കാനും മികച്ച തൊഴിൽ സാഹചര്യം സൃഷ്ടിക്കാനും മന്ത്രാലയം നിർദേശിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല