സ്വന്തം ലേഖകൻ: തൊഴിൽ പെർമിറ്റ് അപേക്ഷാ നടപടികൾ ഇനി വേഗത്തിലാക്കാൻ പുതിയ ഇ-സേവനങ്ങൾക്ക് തുടക്കമിട്ട് തൊഴിൽ മന്ത്രാലയം. പൊതുജനങ്ങൾക്കുള്ള സേവനങ്ങൾ ഡിജിറ്റലാക്കുന്നതിന്റെ ഭാഗമാണിത്. തൊഴിൽ മന്ത്രാലയത്തിന്റെ ഓഫിസുകളോ സർക്കാർ സേവന കേന്ദ്രങ്ങളോ സന്ദർശിക്കാതെ ഓൺലൈൻ മുഖേന അപേക്ഷാ നടപടികൾ പൂർത്തിയാക്കാമെന്നതാണ് നേട്ടം. നിലവിൽ എൺപതിലധികം ഇ-സേവനങ്ങളാണ് മന്ത്രാലയത്തിന്റെ കീഴിലുള്ളത്.
തൊഴിൽ പെർമിറ്റിന് അപേക്ഷിക്കൽ, നിലവിലുള്ളത് പുതുക്കൽ, പെർമിറ്റ് റദ്ദാക്കൽ, ലേബർ റിക്രൂട്ട്‌മെന്റ് അനുമതി തേടൽ, ലേബർ റിക്രൂട്ട്‌മെന്റ് അനുമതിയുടെ കാലാവധി പുതുക്കൽ, റിക്രൂട്ട്‌മെന്റ് അനുമതിയിൽ ഭേദഗതി വരുത്തൽ എന്നിങ്ങനെ തൊഴിൽ പെർമിറ്റുമായി ബന്ധപ്പെട്ട 6 തരം അപേക്ഷാ നടപടികൾ എളുപ്പമാക്കുന്നതിനുള്ള സേവനങ്ങൾ.
തൊഴിൽ പെർമിറ്റ് പുതുക്കണമെങ്കിൽ സ്‌പോൺസറുടെയും തൊഴിലാളിയുടെയും റസിഡൻസി പെർമിറ്റിന് 3 മാസത്തിൽ കുറയാത്ത കാലാവധി ഉണ്ടായിരിക്കണം. എസ്റ്റാബ്ലിഷ്‌മെന്റ് ഐഡി പ്രവർത്തനസജ്ജമായിരിക്കണം. എസ്റ്റാബ്ലിഷ്‌മെന്റിന് ഒരു തരത്തിലുമുള്ള വിലക്കുകളും ഉണ്ടാകരുത്. ബന്ധുക്കളുടെ സ്‌പോൺസർഷിപ്, ജിസിസി പൗരന്മാർ, നിക്ഷേപകർ എന്നിങ്ങനെ റസിഡൻസിയുള്ളവർക്കും സേവനം ലഭ്യമാകും.
വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റുകൾ, തൊഴിലുടമയുടെ റസിഡൻസി വിവരങ്ങൾ, അപേക്ഷകന്റെ ഗുഡ് കണ്ടക്ട് സർട്ടിഫിക്കറ്റ്, എൻജിനീയറിങ്, മെഡിക്കൽ എന്നീ മേഖലയിലുള്ളവരാണെങ്കിൽ പ്രാക്ടിസ് ചെയ്യുന്നതിന്റെ സർട്ടിഫിക്കറ്റ്, സ്‌കൂളുകളിലോ കിന്റർഗാർട്ടനുകളിലോ ജോലി ചെയ്യുന്നവരാണെങ്കിൽ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അനുമതി കത്ത് എന്നിവ ആവശ്യമാണ്.
എസ്റ്റാബ്ലിഷ്‌മെന്റ് ഐഡി പ്രവർത്തനസജ്ജമായിരിക്കണം. തൊഴിൽ നിയമ ലംഘകർ ആകരുത്. അപേക്ഷ നൽകുന്ന എസ്റ്റാബ്ലിഷ്‌മെന്റിന്റെ കീഴിൽ ആയിരിക്കണം തൊഴിലാളിയുടെ തൊഴിൽ പെർമിറ്റ്. ലൈസൻസ് കാലാവധി കഴിയുന്നതിന് കുറഞ്ഞത് രണ്ടാഴ്ച മുൻപും പരമാവധി 3 മാസം മുൻപും പെർമിറ്റ് പുതുക്കിയിരിക്കണം.
തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ തൊഴിൽ മന്ത്രാലയത്തിന്റെ അനുമതി തേടൽ, റിക്രൂട്ട്‌മെന്റ് അനുമതി പുതുക്കൽ, അനുമതി ഭേദഗതി ചെയ്യൽ എന്നീ സേവനങ്ങളാണ് ഈ വിഭാഗത്തിൽ ലഭിക്കുക. കമ്പനിയുടെ റജിസ്‌ട്രേഷൻ സാധുവായിരിക്കണം. ലേബർ റിക്രൂട്ട്‌മെന്റ് അനുമതി പുതുക്കുന്നതിന് റിക്രൂട്ട്‌മെന്റ് അപ്രൂവൽ കോഡ് (വിപി) അപേക്ഷകന്റെ എസ്റ്റാബ്ലിഷ്‌മെന്റിൽ നിന്നുള്ളത് തന്നെയായിരിക്കണം.
നേരത്തെയുള്ള എല്ലാ റിക്രൂട്ട്‌മെന്റ് അനുമതികളും ഉപയോഗിക്കാൻ പാടില്ല. അനുമതിയുടെ കാലാവധി അവസാനിക്കുന്നതിന് ആഴ്ചകൾ മുൻപ് തന്നെ പുതുക്കൽ നടത്തിയിരിക്കണം. ലേബർ റിക്രൂട്ട്‌മെന്റ് അനുമതിയിൽ ഭേദഗതി വരുത്താൻ അപേക്ഷ നൽകുമ്പോൾ അനുമതിയുടെ കാലാവധി കഴിഞ്ഞതാകരുത്. റിക്രൂട്ട് ചെയ്യുന്ന തൊഴിലാളികളുടെ എണ്ണം യഥാർഥ അനുമതിയിൽ അനുവദിച്ചിരിക്കുന്നതിൽ കൂടുതൽ ആകരുത്. നേരത്തെയുള്ള എല്ലാ റിക്രൂട്ട്‌മെന്റ് അനുമതികളും ഉപയോഗിക്കാനും പാടില്ല.
രാജ്യത്ത് പ്രവർത്തിക്കുന്ന കമ്പനികൾക്ക് മാത്രമല്ല, കുടുംബത്തിന്റെ സ്‌പോൺസർഷിപ്പിൽ ഖത്തറിൽ താമസിക്കുന്നവർ, ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിലെ പൗരന്മാർ, സ്ഥിരതാമസ പെർമിറ്റ് ഉടമകൾ, നിക്ഷേപകർ എന്നിങ്ങനെ ഖത്തറിൽ താമസിക്കുന്ന വിവിധ വിഭാഗത്തിലുള്ള വ്യക്തികൾക്കും പുതിയ സേവനം പ്രയോജനപ്പെടുത്താം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല