സ്വന്തം ലേഖകൻ: സ്കൂള്‍ ബസിനുള്ളില്‍ കുടുങ്ങി മരിച്ച മിന്‍സ മറിയത്തിന്റെ മൃതദേഹം നെടുമ്പാശേരി വിമാനത്താവളത്തിലെത്തിച്ചു. എട്ടരയോടെയാണ് കുഞ്ഞിന്റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിമാനം കൊച്ചിയില്‍ എത്തിയത്. പിറന്നാള്‍ ദിനത്തിലാണ് മിന്‍സയെന്ന നാലു വയസുകാരിക്ക് സ്കൂള്‍ ബസ് ജീവനക്കാരുടെ അശ്രദ്ധയില്‍ ജീവന് നഷ്ടമായത്.
രാവിലെ സ്കൂളിലേക്ക് വരാനായി ബസില്‍ കയറിയ കുട്ടി അതിലിരുന്ന് ഉറങ്ങി പോയത് അറിയാതെ ബസ് ജീവനക്കാര്‍ വാഹനം പൂട്ടി പോവുകയായിരുന്നു. ബസിനുള്ളില്‍ കുടുങ്ങിയ കുട്ടി കനത്ത ചൂടില്‍ ശ്വാസം മുട്ടി മരിച്ചെന്നാണ് നിഗമനം. സംഭവത്തില്‍ അല്‍ വക്രയിലെ സ്പ്രിംഗ്ഫീല്‍ഡ് കിന്‍ഡര്‍ ഗാര്ഡന് ഖത്തര്‍ സര്‍ക്കാര്‍ അടപ്പിച്ചു.
ബസിനുള്ളിൽ മലയാളി ബാലിക മരിക്കാൻ കാരണം സ്കൂൾ ജീവനക്കാരുടെ അനാസ്ഥയെന്ന് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. സ്കൂൾ ജീവനക്കാരുടെ അനാസ്ഥയാണ് നാലുവയസ്സുകാരിയായ മിൻസ മറിയം ജേക്കബ് മരിക്കാൻ ഇടയായതെന്ന് അന്വേഷണത്തിൽ തെളിഞ്ഞതായി മന്ത്രാലയം അറിയിച്ചു. കുറ്റക്കാർക്കെതിരെ കടുത്ത ശിക്ഷ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
അൽവക്ര സ്പ്രിംങ് ഫീൽഡ് കിൻഡർ ഗാര്‍ട്ടന്‍ സ്കൂളിലെ കെജി വൺ വിദ്യാർഥിനി ആയിരുന്നു മിൻസ. വിദ്യാഭ്യാസ മന്ത്രാലയവും ആരോഗ്യ, ആഭ്യന്തര മന്ത്രാലയങ്ങളും ചേർന്നാണ് അന്വേഷണം നടത്തിയത്. വിദ്യാഭ്യാസ മന്ത്രി ബുഥെയ്‌ന ബിന്‍ത് അലി അല്‍ നുഐമി മിന്‍സയുടെ ബന്ധുക്കളെ ആശ്വസിപ്പിക്കാന്‍ നേരത്തെ അല്‍വക്രയിലെ വീട്ടിലെത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല