1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 1, 2021

സ്വന്തം ലേഖകൻ: ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ മൊബൈല്‍ ആപ്പായ മെത്രാഷ്- 2 വഴി ഇനി വ്യക്തിഗത വിവരങ്ങളില്‍ ഓണ്‍ലൈനായി മാറ്റങ്ങള്‍ വരുത്താം. ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഡിപാര്‍ട്ട്‌മെന്റുമായി സഹകരിച്ച് പാസ്‌പോര്‍ട്‌സ് ജനറല്‍ ഡയറക്ടറേറ്റാണ് മെത്രാഷ്-2 ആപ്പില്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്ട്സിലെ നെയിം ചെയ്ഞ്ചിംഗ് കമ്മിറ്റിയെ സമീപിക്കാതെ തന്നെ ഓണ്‍ലൈന്‍ വഴി ഒരാള്‍ക്ക് തന്റെ പേരിലും ജനന തീയതിയിലും മാറ്റങ്ങള്‍ വരുത്താന്‍ ഇതിലൂടെ സാധിക്കും.

മെത്രാഷ് 2 ആപ്പിലെ ഹോം പേജില്‍ നിന്ന് ‘റെസിഡന്‍സ് സര്‍വീസസ്’ എന്നത് സെലക്ട് ചെയ്ത് ‘ചെയ്ഞ്ച് പേഴ്സണല്‍ ഇന്‍ഫോ’ ക്ലിക്ക് ചെയ്ത ശേഷം ‘അപ്ലൈ’ എന്നത് തെരഞ്ഞെടുക്കാം. ഇങ്ങനെ സെലക്ട് ചെയ്ത ശേഷം ഖത്തര്‍ ഐഡി നമ്പര്‍ നല്‍കുകയും പേരു മാറ്റാനാണെങ്കില്‍ ‘നെയിം ചെയ്ഞ്ച്’ എന്ന ഓപ്ഷനും ജനന തീയതിയില്‍ മാറ്റങ്ങള്‍ വരുത്താനാണെങ്കില്‍ ‘ഡേറ്റ് ഓഫ് ബര്‍ത്ത് ചെയ്ഞ്ച്’ എന്ന ഓപ്ഷനും തെരഞ്ഞെടുത്ത് ആവശ്യമായ വിവരങ്ങള്‍ നല്‍കുകയും ചെയ്യണം. പേരിലും ജനന തീയതിയും മാറ്റം വരുത്തുന്നതിനുള്ള കാരണം വ്യക്തമാക്കുന്ന കത്ത്, പഴയ പേര് അടങ്ങിയ പാസ്‌പോര്‍ട്ട് കോപ്പി, പുതിയ പേരുള്ള പാസ്‌പോര്‍ട്ട് കോപ്പി, വിദേശകാര്യ മന്ത്രാലയം അറ്റസ്റ്റ് ചെയ്ത ജനന സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ രേഖകള്‍ അപേക്ഷയോടൊപ്പം അറ്റാച്ച് ചെയ്യണം.

രജിസ്‌ട്രേഷന്‍ പ്രക്രിയ പൂര്‍ത്തിയായാല്‍ ‘താങ്കളുടെ അപേക്ഷ വിജയകരമായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നു’ എന്ന രീതിയില്‍ കണ്‍ഫര്‍മേഷന്‍ സന്ദേശം ലഭിക്കും. ഖത്തറിനകത്ത് നിന്ന് മാത്രമേ അപേക്ഷ നല്‍കാനാവൂ എന്നും മന്ത്രാലയം അറിയിച്ചു. അപേക്ഷ സമര്‍പ്പിച്ചു കഴിഞ്ഞാല്‍ പിന്നീട് അതിന്റെ പുരോഗതി ട്രാക്ക് ചെയ്യാനുള്ള സംവിധാനവും ആപ്പിലുണ്ട്. ‘ഫോളോ അപ്പ് ആപ്ലിക്കേഷന്‍സ്’ എന്ന ഓപ്ഷന്‍ സെലക്ട് ചെയ്ത് ഐഡി നമ്പറോ അപേക്ഷകന്റെ പേരോ നല്‍കിയാല്‍ അപേക്ഷയുടെ അപ്പോഴത്തെ സ്ഥിതി എന്താണെന്ന് അറിയാനാവും.

‘അപേക്ഷ അംഗീകരിക്കപ്പെട്ടു’ എന്ന സന്ദേശം ലഭിച്ച ശേഷം പേരിലും ജനനതീയതിയും മാറ്റം വരുത്തുന്നതായി കാണിച്ച് പത്രത്തില്‍ പരസ്യം നല്‍കേണ്ട ഫോറം ഇമെയില്‍ വഴി ലഭിക്കും. ഇത് ഖത്തര്‍ ഭരണകൂടത്തിന്റെ അക്രഡിറ്റേഷനുള്ള ഏതെങ്കിലും പത്രത്തില്‍ പരസ്യം ചെയ്യണം. പരസ്യം പ്രസിദ്ധീകരിക്കപ്പെട്ട് 14 ദിവസത്തിന് ശേഷം അതിന്റെ കോപ്പി അറ്റാച്ച് ചെയ്യുന്നതോട് കൂടിയാണ് പേര് മാറ്റ പ്രക്രിയ പൂര്‍ത്തിയാവുക.

ആപ്പിലെ ‘അപ്ലോഡ് ന്യൂസ് പേപ്പര്‍ മെമ്മോ’ എന്ന ഓപ്ഷന്‍ ഉപയോഗിച്ച് എളുപ്പത്തില്‍ പത്രത്തില്‍ വന്ന പരസ്യത്തിന്റെ കോപ്പി അറ്റാച്ച് ചെയ്യാനാകും. തിരിച്ചറിയല്‍ രേഖയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള രാജ്യം ഏതാണോ അതു പ്രകാരമാണ് പരസ്യം ചെയ്യേണ്ട പത്രവും ഭാഷയും തിരഞ്ഞെടുക്കേണ്ടത്. പേര് മാറ്റ പ്രക്രിയ പൂര്‍ത്തിയായാല്‍ അപേക്ഷകന് അത് സംബന്ധമായ സന്ദേശം ലഭിക്കും. ഏഴ് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് പത്ര പരസ്യം ആവശ്യമില്ലെന്നും ആഭ്യന്ത്ര മന്ത്രാലയം അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.