![](https://www.nrimalayalee.com/wp-content/uploads/2020/12/Qatar-National-Day-Celebrations.jpg)
സ്വന്തം ലേഖകൻ: ഖത്തർ ദേശീയ ദിനാഘോഷങ്ങൾക്ക് രാജ്യം ഒരുങ്ങി. രാജ്യത്തുടനീളം വൈവിധ്യമായ സാംസ്‌കാരിക പരിപാടികളുമായി ദേശീയ ദിന സംഘാടക കമ്മിറ്റി. ദേശീയ ദിനത്തിന്റെ ഔദ്യോഗിക പരേഡ് വേദിയായ ദോഹ കോർണിഷ് ദേശീയപതാകനിറങ്ങളാൽ അലങ്കരിച്ചു തുടങ്ങി. കോർണിഷ് റോഡിന്റെ മധ്യഭാഗത്തും വശങ്ങളിലുമെല്ലാം ദേശീയപതാകകളും ഉയർന്നിട്ടുണ്ട്. സർക്കാർ, പൊതുസ്ഥാപനങ്ങളുടെ കെട്ടിടങ്ങൾ മാത്രമല്ല സ്വദേശി പൗരന്മാരുടെ വീടുകളുടെ മുൻപിലും വാഹനങ്ങളിലുമെല്ലാം കൊടിതോരണങ്ങളും ചെറുതും വലുതുമായ പതാകകളും കൊണ്ട് അലങ്കരിച്ചു തുടങ്ങിക്കഴിഞ്ഞു.
കത്താറ, സൂഖ് വാഖിഫ് എന്നിവയും അണിഞ്ഞൊരുങ്ങി കഴിഞ്ഞു. ആസ്പയർ പാർക്ക്, അൽ വക്ര സൂഖ്, അൽ റാമി സ്‌പോർട്‌സ് ക്ലബ്, ഖത്തർ ഫൗണ്ടേഷൻ എന്നിവിടങ്ങളിലാണ് ദേശീയ ദിന സംഘാടക സമിതിയുടെ നേതൃത്വത്തിലുള്ള ആഘോഷപരിപാടികൾ അരങ്ങേറുന്നത്. ഇവിടങ്ങളിൽ 14 മുതൽ 16 വരെയാണ് ആഘോഷങ്ങൾ. സന്ദർശകർക്ക് വലിയ സ്‌ക്രീനുകളിലും ആഘോഷപരിപാടികൾ ആസ്വദിക്കാം. പരമ്പരാഗത കായിക, സാംസ്‌ക്കാരിക പരിപാടികൾ, കഥ പറച്ചിൽ തുടങ്ങി കുട്ടികൾക്കായി വ്യത്യസ്ത പരിപാടികളുമുണ്ട്.
പരിസ്ഥിതി ബോധവൽക്കരണത്തിന് ഊന്നൽ നൽകി വിവിധ സ്‌കൂളുകളിൽ നടക്കുന്ന ദേശീയ ദിന മത്സര പരിപാടികൾ 16ന് സമാപിക്കും. ദേശീയ പഡേൽ ദിന ചാംപ്യൻഷിപിനും ഇന്നു തുടക്കമാകും. 17 വരെയാണ് ചാംപ്യൻഷിപ്പ്. ഖത്തർ ദേശീയ ദിനമായ 18നാണ് പ്രഥമ ഫിഫ അറബ് കപ്പ് ഫൈനൽ എന്നതും ആഘോഷങ്ങൾക്ക് മാറ്റു കൂട്ടുന്നുണ്ട്. 2022 ഫിഫ ഖത്തർ ലോകകപ്പ് ഫൈനലിന്റെ കൗണ്ട് ഡൗൺ കൂടിയാണ് 18. പൈതൃക പുൽമേടുകൾ: യഥാർഥ വിശ്വാസം എന്ന തലക്കെട്ടിലാണ് ഇത്തവണത്തെ ദേശീയ ദിനാഘോഷം.
ഖത്തരി ജനതയും പരിസ്ഥിതിയും തമ്മിലുള്ള ബന്ധത്തിന്റെ ദൃഢത പ്രതിഫലിപ്പിക്കുന്നതാണ് മുദ്രാവാക്യം. 1878 ഡിസംബർ 18ന് ഷെയ്ഖ് ജാസിം ബിൻ മുഹമ്മദ് താനി ഖത്തറിന്റെ ഭരണാധികാരിയായി ചുമതലയേറ്റതിന്റെയും ഐക്യരാഷ്ട്രമായുള്ള ഖത്തറിന്റെ ഏകീകരണത്തിന്റെയും സ്മരണ പുതുക്കിയാണ് 18 ദേശീയ ദിനമായി ആഘോഷിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല