സ്വന്തം ലേഖകൻ: ഇത്തവണ ഖത്തര്‍ ദേശീയ ദിനത്തില്‍ പ്രധാന വേദിയായ ദോഹ കോര്‍ണിഷില്‍ കാണികളെ കാത്തിരിക്കുന്നത് വലിയ സര്‍പ്രൈസുകള്‍. മേജര്‍ ജനറല്‍ സാലിം ബിന്‍ ഫഹദ് അല്‍ അഹ്ബാബി ഖത്തര്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഖത്തര്‍ അമീരി ഫോഴ്സസിന്റെ മിലിറ്ററി പെര്‍മോഫന്‍സസ് ആന്റ് മ്യൂസിക്ക് സെന്ററിന്റെ കമാന്ററാണ് അദ്ദേഹം. അവിശ്വസനീയമായ സൈനിക പ്രകടനങ്ങള്‍, രാജ്യത്തിന്റെ സംസ്‌കാരവും വളര്‍ച്ചയും വിളിച്ചോതുന്ന വിസ്മയിപ്പിക്കുന്ന പ്രദര്‍ശനങ്ങള്‍ തുടങ്ങിയവ ഇത്തവണത്തെ ദേശീയ ദിനാഘോഷ പരിപാടികള്‍ക്ക് മാറ്റു കൂട്ടുമെന്നും അദ്ദേഹം അറിയിച്ചു.
രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന ഫിഫ അറബ് കപ്പിന്റെ ഭാഗമായി കോര്‍ണിഷില്‍ മറ്റ് പരിപാടികള്‍ നടക്കുന്നതിനാലാണ് ഇത്തവണ ദേശീയ ദിനാഘോഷത്തില്‍ നിന്ന് സൈനിക വാഹനങ്ങള്‍ ഒഴിവാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അറബ് കപ്പിനായി എത്തിയ കാണികളെ കൂടി പരിഗണിച്ചാണിത്. ഫിഫ ലോകകപ്പ് നടക്കുന്ന 2022ലും ഇതേ രീതിയായിരിക്കും പിന്തുടരുക. കോര്‍ണിഷിലെ ഒരു സ്ട്രീറ്റ് കാലാള്‍പ്പടയുടെ വിസ്മയ പ്രകടനങ്ങള്‍ക്കു വേണ്ടിയും രണ്ടാമത്തെ സ്ട്രീറ്റ് പൊതുജന സേവനങ്ങള്‍ക്കു വേണ്ടി മാത്രമായും ഉപയോഗിക്കും. കത്താറ, സൂഖ് വാഖിഫ്, സൂഖ് അല്‍ വക്‌റ എന്നിവിടങ്ങളിലും ദേശീയ ദിനത്തോടനുബന്ധിച്ച് സൈനികരുടെ പ്രത്യേക ഷോകള്‍ ഉണ്ടാവും.
ഖത്തര്‍ ദേശീയ ദിനത്തിന് വാഹനങ്ങള്‍ അലങ്കരിക്കുന്നത് സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം നിബന്ധനകള്‍ പുറത്തുവിട്ടു. ഡിസംബര്‍ 15 മുതല്‍ 21വരെയാണ് വാഹനങ്ങള്‍ അലങ്കരിക്കുന്നതിന് അനുമതി ഉള്ളത്. വാഹനങ്ങള്‍ അലങ്കരിക്കുന്നവര്‍ വാഹനങ്ങളുടെ വിന്റ് ഷീല്‍ഡില്‍ നിറം നല്‍കാന്‍ പാടില്ല, ദേശീയ ദിനത്തിന് വേണ്ടി വാഹനത്തിന്റെ നിറം മാറ്റാന്‍ പാടില്ല, അലങ്കാര വസ്തുക്കള്‍ മുന്നിലെയോ പിന്നിലെയോ നമ്പര്‍ പ്ലേറ്റ് മറക്കാന്‍ പാടില്ല, യാത്രക്കാര്‍ വിന്‍ഡോയില്‍ കൂടി പുറത്തേക്ക് തലയിടാന്‍ പാടില്ല എന്നിവയാണ് നിബന്ധനകള്‍. ഈ നിബന്ധനകള്‍ പാലിക്കാന്‍ എല്ലാവരും തയ്യാറാവണമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഖത്തര്‍ ദേശീയ ദിനത്തോടനുബന്ധിച്ച് ഡിസംബര്‍ 19 ഞായറാഴ്ച്ച അവധിയായിരിക്കുമെന്ന് അമീരി ദിവാന്‍ അറിയിച്ചു. ഡിസംബര്‍ 18ന് ശനിയാഴ്ച്ചയാണ് ദേശീയ ദിനം. ഖത്തറിന്റെ സ്ഥാപക ഭരണാധികാരിയായി അറിയപ്പെടുന്ന ശെയ്ഖ് ജാസിം ബിന്‍ മുഹമ്മദ് അല്‍ താനി 1878 സ്ഥാനാരോഹണം നടത്തിയതിന്റെ ഓര്‍മ പുതുക്കുന്നതിന്റെ ഭാഗമായാണ് ഡിസംബര്‍ 18 രാജ്യം ദേശീയ ദിനമായി ആചരിക്കുന്നത്. ആഘോഷത്തിന്റെ ഭാഗമായി റോഡുകളും പൊതു ഇടങ്ങളും വീടുകളും സ്ഥാപനങ്ങളും ഖത്തര്‍ ദേശീയ പതാകയാലും കൊടിതോരണങ്ങളാലും അലങ്കരിക്കപ്പെടും. വിവിധ കലാ, സാംസ്‌കാരിക, വിനോദ പരിപാടികളും ആഘോഷത്തിന്റെ ഭാഗമായി അരങ്ങേറും.
അതേസമയം, കോര്‍ണിഷില്‍ നടക്കുന്ന ദേശീയ ദിന പരേഡില്‍ ഈ പ്രാവശ്യവും അടുത്ത വര്‍ഷവും പതിവ് രീതിയിലുള്ള സൈനിക വാഹനങ്ങളുടെ പ്രദര്‍ശനം ഉണ്ടാവില്ലെന്നും സംഘാടക സമിതി അറിയിച്ചു. എന്നാല്‍, കാലാള്‍പ്പടയുടെ പരേഡ് മുന്‍ വര്‍ഷങ്ങളെ പോലെ ആയിരിക്കില്ല. കാണികളെ ത്രസിപ്പിക്കുന്ന പല കാഴ്ചകളും അതില്‍ കാണാമെന്നും അദ്ദേഹം പറഞ്ഞു. പതിവു പോലെ സൈനിക വാഹനങ്ങള്‍ പങ്കെടുക്കില്ലെങ്കിലും ഖത്തര്‍ നാവിക സേനയുടെയും വ്യോമസേനയുടെയും ഏറ്റവും പുതിയ കപ്പലുകളും വിമാനങ്ങളും പരിപാടിയില്‍ പങ്കെടുക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല