സ്വന്തം ലേഖകൻ: 2022 ഫിഫ ലോകകപ്പ് ഖത്തറിനോടനുബന്ധിച്ച് ഇതിനകം നടന്നുകൊണ്ടിരിക്കുന്ന നിരവധി പരിപാടികൾക്കൊപ്പം ഡിസംബർ 18 ന് ഖത്തറിന്റെ ദേശീയ ദിനം പ്രമാണിച്ച് കൂടുതൽ ആഘോഷ പരിപാടികൾക്കായി കത്താറയിലെ കൾച്ചറൽ വില്ലേജ് ഫൗണ്ടേഷൻ ഒരുങ്ങുന്നു. ഡിസംബർ 14 മുതൽ 15 വരെ തുടർച്ചയായി രണ്ട് ദിവസം പ്രത്യേക പ്രകടനങ്ങളോടെ കത്താറ ദേശീയ ദിനം ആഘോഷിക്കും. തുടർന്ന് നാളെ മുതൽ ഞായറാഴ്ച വരെ പ്രദർശനം പുനരാരംഭിക്കും.
അതേസമയം, കത്താറ ബീച്ചിൽ ജോയിന്റ് സ്പെഷ്യൽ ഫോഴ്സിന്റെയും ഖത്തർ എയർ സ്പോർട്സ് കമ്മിറ്റിയുടെയും ശ്രദ്ധേയമായ പ്രകടനങ്ങളും പാരാട്രൂപ്പേഴ്സ്, പാരാമോട്ടർ ഷോകളും കാണികൾ സാക്ഷ്യം വഹിച്ചു. പൗരന്മാരുടെയും ലോകകപ്പ് ആരാധകരുടെയും പ്രശംസ നേടിയെടുത്ത മനോഹരവും ആകർഷണീയവുമായ പ്രദർശന രംഗങ്ങൾക്ക് പുറമേ കത്താറയുടെ ആകാശം മെറൂണിലും വെള്ളയിലും പ്രകാശിച്ചു.
ഖത്തർ ദേശീയ ദിനാഘോഷങ്ങളോടനുബന്ധിച്ച് വാഹന ഉടമകൾ പാലിക്കേണ്ട നിബന്ധനകൾ ആഭ്യന്തരമന്ത്രാലയം പ്രഖ്യാപിച്ചു.
ഡിസംബർ 15നും 25നും ഇടയിൽ കാറുകളും മറ്റു വാഹനങ്ങളും നിബന്ധനകൾ പാലിച്ചു വേണം അലങ്കരിക്കാൻ. ഇതുപ്രകാരം വാഹനങ്ങളുടെ വിൻഡ് ഷീൽഡിൽ ടിന്റ് പാടില്ല. വാഹനത്തിന്റെ നിറം മാറ്റരുത്. വാഹനത്തിന്റെ മുൻപിലേയും പിറകിലേയും നമ്പർ പ്ലേറ്റ് മറയ്ക്കുന്ന വിധത്തിൽ അലങ്കാരങ്ങൾ പാടില്ല. യാത്രക്കാരിൽ ആരെയും ഡോറിലൂടെ പുറത്തേക്ക് ചാരി നിൽക്കാനും അനുവദിക്കില്ലെന്നും വ്യവസ്ഥകളിൽ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല