![](https://www.nrimalayalee.com/wp-content/uploads/2021/09/Qatar-Indian-Laborers-ICBF-Awareness-Campaigns.jpg)
സ്വന്തം ലേഖകൻ: ഖത്തര്‍ ഭരണകൂടവും സ്വദേശിവല്‍ക്കരണ നീക്കങ്ങള്‍ ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി സ്വദേശികളായ യുവതീ യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിന് ഖത്തര്‍ എയര്‍വെയ്‌സും ഖത്തര്‍ തൊഴില്‍ മന്ത്രാലയും കരാറൊപ്പിട്ടു. തൊഴില്‍ മന്ത്രി ഡോ. അലി ബിന്‍ സമൈക്ക് അല്‍ മര്‍രി, ഖത്തര്‍ എയര്‍വേസ് സിഇഒ അക്ബര്‍ അല്‍ ബാക്കിര്‍ എന്നിവരാണ് കരാറില്‍ ഒപ്പുവച്ചത്.
കരാര്‍ പ്രകാരം, ജോലി തേടുന്ന ഖത്തരികളുടെ വിവരങ്ങള്‍ തൊഴില്‍ മന്ത്രാലയം ഖത്തര്‍ എയര്‍വെയ്‌സിന് കൈമാറും. ഇതില്‍ നിന്ന് യോഗ്യരായവരെ ഖത്തര്‍ എയര്‍വെയ്‌സ് അനുയോജ്യമായ തസ്തികകളില്‍ നിയമിക്കും. ജോലിക്കാരെ ആവശ്യമുള്ള വിവിധ തസ്തികകള്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ അതത് സമയങ്ങളില്‍ ഖത്തര്‍ എയര്‍വെയ്‌സ് മന്ത്രാലയത്തിനും കൈമാറും.
ഖത്തറിന്റെ ഔദ്യോഗിക വിമാനക്കമ്പനിയായ ഖത്തര്‍ എയര്‍വെയ്‌സിന് ആവശ്യമായ മേഖലകളില്‍ മികച്ച ജീവനക്കാരെ ലഭിക്കുന്നതിനായി സ്വദേശികളായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഉന്നത നിലവാരത്തിലുള്ള പരിശീലനം നല്‍കുന്നതിന് ഖത്തര്‍ എയര്‍വെയ്‌സ് മേല്‍നോട്ടം വഹിക്കുമെന്നും കരാറില്‍ പറയുന്നു. ഇതിനു പുറമേ ഖത്തര്‍ എയര്‍വെയ്‌സ് കെട്ടിടങ്ങളിലൊന്നില്‍ മന്ത്രാലയം ഇതുമായി ബന്ധപ്പെട്ട പ്രത്യേക സര്‍വീസ് ഓഫീസ് സജ്ജീകരിക്കും.
റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട നടപടികള്‍ ത്വരിതപ്പെടുത്തുകയാണ് ഇതിന്റെ ലക്ഷ്യം. ഉദ്യോഗാര്‍ഥികള്‍ക്കുള്ള പരിശീലനവും ഇവിടെ വച്ച് നടത്തും. ലോകത്തെ തന്നെ മുന്‍നിര വിമാനക്കമ്പനികളൊന്നായ ഖത്തര്‍ എയര്‍വെയ്‌സില്‍ കൂടുതല്‍ സ്വദേശികള്‍ക്ക് തൊഴില്‍ ലഭ്യമാക്കുകയെന്നത് അഭിമാനകരമായ കാര്യമാണെന്ന് കര്‍ര്‍ ഒപ്പിട്ട ശേഷം സംസാരിക്കവെ, തൊഴില്‍ മന്ത്രി ഡോ. അലി ബിന്‍ സമൈക്ക് അല്‍ മര്‍രി പറഞ്ഞു.
സ്വകാര്യ മേഖലയിലെ ജോലികള്‍ കൂടുതല്‍ സ്വദേശിവല്‍ക്കരിക്കാനും മേഖലയുടെ ആവശ്യത്തിനനുസരിച്ച് ഖത്തരി തൊഴിലന്വേഷരുടെ നൈപുണ്യം വികസിപ്പിക്കുന്നതിനുമുള്ള വിവിധ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുമെന്നും തൊഴില്‍ മന്ത്രി കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല