സ്വന്തം ലേഖകൻ:സാധാരണക്കാരായ പ്രവാസി തൊഴിലാളികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുമെന്ന് ഖത്തറിലെ പുതിയ ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍. ചുമതയേറ്റ ശേഷം നടന്ന എംബസിയുടെ ആദ്യ ഔദ്യോഗിക ചടങ്ങായ സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം ഇന്ത്യന്‍ പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഐസിസി അശോക ഹാളിലായിരുന്നു ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചത്.
ഖത്തറിലെ ഇന്ത്യക്കാരുടെ ക്ഷേമത്തിനായുള്ള എംബസിയുടെ പ്രവര്‍ത്തനങ്ങളില്‍ പ്രവാസി സമൂഹത്തിന്റെ പിന്തുണയുണ്ടാവണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. പ്രവാസി സംഘടനകള്‍ക്കും നേതാക്കള്‍ക്കും സാധാരണക്കാരായ തൊഴിലാളികളുടെ ക്ഷേമത്തിനായി കാര്യമായ സഹായങ്ങള്‍ നല്‍കാന്‍ കഴിയും. പ്രയാസം അനുഭവിക്കുന്ന പ്രവാസികളെ സഹായിക്കാന്‍ എംബസി എന്നും മുന്നിലുണ്ടാവുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.
ഖത്തറും ഇന്ത്യയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിലും പ്രവാസികള്‍ക്ക് വലിയ പങ്കുവയ്ക്കാന്‍ സാധിക്കുമെന്ന് അംബാസഡര്‍ ചൂണ്ടിക്കാട്ടി. ഇരു രാജ്യങ്ങളും നയതന്ത്രബന്ധം സ്ഥാപിച്ചതിന്റെ 50ാം വാര്‍ഷികം ആഘോഷിക്കുകയാണ്. അഞ്ച് പതിറ്റാണ്ടിനിടയില്‍ രാഷ്ട്രീയം, ഊര്‍ജം, നിക്ഷേപം, സാംസ്‌കാരികം, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളില്‍ ഏറെ മുന്നേറാന്‍ ഇരു രാജ്യങ്ങള്‍ക്കും സാധിച്ചു.
പരസ്പര സഹകരണം ശക്തിപ്പെടുത്തുകയും കൂടുതല്‍ മേഖലകളിലേക്ക് വികസിപ്പിക്കുകയും ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എബസിയുടെ നേതൃത്വത്തില്‍ നടന്ന ആഘോഷ പരിപാടികളിലും വിദ്യാര്‍ഥികളുടെ കലാപരിപാടികളിലും അദ്ദേഹം സംബന്ധിച്ചു.
അംബാസഡറായി നിയമിച്ചുകൊണ്ടുള്ള ഇന്ത്യന്‍ സര്‍ക്കാരിന്റെ ഉത്തരവ് ഖത്തര്‍ വിദേശകാര്യ സഹമന്ത്രി സുല്‍ത്താന്‍ ബിന്‍ സഅദ് അല്‍ മുറൈഖിയെ സന്ദര്‍ശിച്ച് കൈമാറിയ ശേഷമാണ് അദ്ദേഹം ചുമതലയേറ്റത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ കുറിച്ചും അത് ശക്തിപ്പെടുത്തുന്നതിനെ കുറിച്ചും അംബാസഡര്‍ ഖത്തര്‍ വിദേശകാര്യ മന്ത്രിയുമായി സംസാരിച്ചു.
കഴിഞ്ഞ മാര്‍ച്ച് അവസാനത്തില്‍ ദീപക് മിത്തല്‍ ദോഹയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങി രണ്ട് മാസത്തിനു ശേഷമാണ് വിപുലിനെ പുതിയ അംബാസഡറായി നിയമിച്ചത്. ജൂണ്‍ ആദ്യത്തിലാണ് നിയമിച്ചതെങ്കിലും ചുമതലയേല്‍ക്കുന്നത് വൈകി. ജൂലൈ 21നാണ് ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവില്‍ നിന്ന് അദ്ദേഹം അധികാരപത്രം ഏറ്റുവാങ്ങിയത്. മുന്‍ അംബാസഡര്‍ ദീപക് മിത്തല്‍ ഇപ്പോള്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ ജോയിന്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരികയാണ്.
1998 ബാച്ചിലെ ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് (ഐഎഫ്എസ്) ഉദ്യോഗസ്ഥനായ വിപുല്‍ ഡല്‍ഹിയിലെ വിദേശകാര്യ മന്ത്രാലയ ആസ്ഥാനത്ത് ഗള്‍ഫ് ഡിവിഷനില്‍ ജോയിന്റ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു. ഈ പദവിയില്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഗള്‍ഫുമായുള്ള ഇന്ത്യയുടെ നയതന്ത്ര ഇടപെടലിന്റെ ചുമതല വഹിച്ചുവരികയായിരുന്നു. ഇന്ത്യയുടെ ബന്ധം ദൃഢമാക്കിയ അനുഭവ സമ്പത്ത് അംബാസഡര്‍ പദവിയില്‍ മുതല്‍ക്കൂട്ടാവും.
ഖത്തറില്‍ എട്ട് ഇന്ത്യന്‍ നാവിക സേനാംഗങ്ങളെ ചില കുറ്റങ്ങള്‍ ചുമത്തി കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ തടവിലാക്കിയ പശ്ചാത്തലത്തിലായിരുന്നു വിപുലിന്റെ അംബാസഡര്‍ നിയമനം. ഖത്തര്‍ നിയമപ്രകാരം വിചാരണ നേരിടുന്ന നാവിക സേനാംഗങ്ങളുടെ വിഷയത്തില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഇടപെട്ടിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല