സ്വന്തം ലേഖകന്‍: ഖത്തറില്‍ പുതിയ സ്‌പോണ്‍സര്‍ഷിപ് നിയമം, ഡിസംബര്‍ മുതല്‍ പ്രാബല്യത്തില്‍ വരും. നിയമത്തിലെ വ്യവസ്ഥകളും ചട്ടങ്ങളും പുറത്തുവിടാന്‍ തൊഴില്‍ മന്ത്രാലയം തയ്യാറെടുക്കുന്നതായാണ് റിപ്പോര്‍ട്ട്. വിശദാംശങ്ങള്‍ പരസ്യപ്പെടുത്തിയ ശേഷമായിരിക്കും നിയമം നടപ്പാക്കുക.
രാജ്യത്തെ വിദേശികളുടെ പോക്കുവരവും സ്‌പോണ്‍സര്‍ഷിപ്പ് മാറ്റവും ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഭേദഗതികള്‍ വരുത്തിക്കൊണ്ടുള്ള തൊഴില്‍ നിയമം കഴിഞ്ഞ ഡിസംബര്‍ 13 നാണ് ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ചത്. ഇത് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നതോടെ പ്രാബല്യത്തില്‍ വരുമെന്നും അറിയിച്ചിരുന്നു. ഇതുപ്രകാരം ഈ ഡിസംബര്‍ 14 നാകും നിയമം പ്രാബല്യത്തില്‍ വരിക.
നിയമം നടപ്പാക്കുന്നതിന് മുന്‍പായി വിശദമായ ചട്ടങ്ങളും ഉപവകുപ്പുകളും തയ്യാറാക്കേണ്ടതുണ്ട്. ഇത് ഏറെക്കുറേ പൂര്‍ത്തിയായതായും ഉടന്‍ പ്രസിദ്ധീകരിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പുതിയ നിയമം പ്രാബല്യത്തിലാകുന്നതോടെ ഒരു വിദേശതൊഴിലാളി ഖത്തറിലെത്തുന്നതിന് മുന്‍പ് തൊഴില്‍ കരാര്‍ ഒപ്പുവയ്‌ക്കേണ്ടതായി വരും.
നിലവില്‍ ഖത്തറിലുള്ള തൊഴിലാളികളും പുതിയ വ്യവസ്ഥകളോടെയുള്ള തൊഴില്‍ കരാര്‍ ഒപ്പിടേണ്ടി വരും. വേതനം, വാര്‍ഷികാവധി, താമസസൗകര്യം, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവയെല്ലാം ഒരു കരാറിന്റെ കുടക്കീഴില്‍ വരുന്നത് തൊഴിലാളികള്‍ക്ക് ഗുണകരമാകുമെന്നാണ് നിരീക്ഷരുടെ കണക്കുകൂട്ടല്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല