![](https://www.nrimalayalee.com/wp-content/uploads/2021/03/Qatar-Quarantine-Guidelines-for-Vaccinated-Travelers.jpeg)
സ്വന്തം ലേഖകൻ: ഖത്തറില്‍ പുതുക്കിയ റെഡ് ലിസ്റ്റില്‍ ആറ് രാജ്യങ്ങള കൂടി ഉള്‍പ്പെടുത്തി. കോവിഡ് അപകടസാധ്യത കണക്കിലെടുത്താണ് ട്രാവല്‍ ആന്റ് റിട്ടേണ്‍ പോളിസിയുടെ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2022 ജനുവരി 1 ശനിയാഴ്ച മുതല്‍ ഈ രാജ്യങ്ങള്‍ക്ക് ഖത്തറില്‍ നിയന്ത്രണം ബാധകമാകും.
സൗദി അറേബ്യ, കെനിയ, യുഎഇ, ലെബനന്, ജോര്‍ദാന്‍ എന്നീ രാജ്യങ്ങളെയാണ് പുതുതായി പട്ടികയില്‍ ചേര്‍ത്തത്. ഇവ മുമ്പ് ഗ്രീന്‍ ലിസ്റ്റ് രാജ്യങ്ങളായിരുന്നു. അതേസമയം, ഫിലിപ്പീന്‍സ് എക്സപ്ഷണല്‍ റെഡില്‍ നിന്ന് റെഡ് ലിസ്റ്റിലേക്ക് മാറി. ബെലാറസ് റെഡില്‍ നിന്ന് ഗ്രീനിലേക്ക് മാറി. നിലവില്‍ ഖത്തറിന്റെ ഗ്രീന്‍ ലിസ്റ്റില്‍ 29 രാജ്യങ്ങളുണ്ട്.
ഈജിപ്ത്, നേപ്പാള്‍, ബംഗ്ലാദേശ്, ബോട്സ്വാന, ലെസോതോ, നാമിബിയ, പാകിസ്ഥാന്, ഇന്ത്യ, സിംബ്ബ്വെ എന്നീ ഒമ്പത് രാജ്യങ്ങളാണ് ഖത്തറിന്റെ എക്സപ്ഷണല്‍ റെഡ് ലിസ്റ്റില്‍ പെട്ടത്. ലോകമെമ്പാടും റിപ്പോര്‍ട്ട് ചെയ്ത ഒമിക്രോണ്‍ വകഭേദം കണ്ടെത്തിയതിന് പിന്നാലെ കോവിഡ് കേസുകള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് പുതിയ നിബന്ധന.
കോവിഡ് വാക്സിനേഷനില്‍ രണ്ട് ഡോസും സ്വീകരിച്ചവരും ഗ്രീന്‍ ലിസ്റ്റ് രാജ്യങ്ങളില്‍ നിന്നും വരുന്ന ഖത്തര്‍ പൗരന്മാരും താമസക്കാരും രാജ്യത്തെത്തുന്നതിന് മുമ്പ് പിസിആര്‍ പരിശോധന എടുക്കേണ്ടതില്ല. ദോഹയില്‍ എത്തി 36 മണിക്കൂറിനുള്ളില്‍ പരിശോധനയ്ക്ക് വിധേയരാകണം.
റെഡ് ലിസ്റ്റ് രാജ്യങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാര്‍ നെഗറ്റീവ് പിസിആര്‍ പരിശോധനാ ഫലം സമര്‍പ്പിക്കേണ്ടതാണ്. 72 മണിക്കൂര്‍ സമയപരിധിയിലുള്ള പരിശോധനഫലമാണ് സമര്‍പ്പിക്കേണ്ടത്. പിസിആര്‍ ഫലങ്ങള്‍ ലഭ്യമാകുന്നത് വരെ സന്ദര്‍ശകര്‍ രാജ്യത്ത് എത്തിയാല്‍ 2 ദിവസം വരെ ഹോട്ടലില്‍ ക്വാറന്റൈനില്‍ ഇരിക്കണം. പൂര്‍ണ്ണമായും വാക്സിനേഷന് എടുത്ത ഖത്തര്‍ പൗരന്മാര്ക്കോ താമസക്കാര്‍ക്കോ ക്വാറന്റൈന് ആവശ്യമില്ല.
രാജ്യത്ത് ഒമിക്രോണ്‍ വ്യാപന ഭീതി നിലനില്‍ക്കുന്നതിനാലും കോവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തിൽ വെള്ളിയാഴ്ച്ച മുതല്‍ കോവിഡ് നിയന്ത്രണങ്ങള്‍ വീണ്ടും കടുപ്പിക്കാനാണ് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം.
വെള്ളിയാഴ്ച്ച മുതല്‍ തുറസ്സായ സ്ഥലങ്ങളിലും അടച്ചിട്ട സ്ഥലങ്ങളിലും മാസ്ക്ക് ധരിക്കല്‍ നിര്‍ബന്ധമാക്കിയതാണ് മന്ത്രിസഭാ യോഗത്തിന്റെ പ്രധാന തീരുമാനങ്ങളിലൊന്ന്. തുറസ്സായ സ്ഥലത്ത് കായിക വിനോദങ്ങളിലും പരിശീലനങ്ങളിലും ഏര്‍പ്പെടുന്നവര്‍ക്കു മാത്രമാണ് മാസ്ക്ക് ധാരണത്തിന്റെ കാര്യത്തില്‍ ഇളവ് അനുവദിച്ചിരിക്കുന്നത്.
തുറസ്സായ സ്ഥലങ്ങളില്‍ നടക്കുന്ന കോണ്‍ഫറന്‍സുകള്‍, എക്സിബിഷനുകള്‍, ഇവന്റുകള്‍ എന്നിവയില്‍ സ്ഥലത്ത് ഉള്‍ക്കൊള്ളാവുന്നതിന്റെ പരമാവധി 75 ശതമാനം പേര് മാത്രമേ പാടുള്ളൂ. അടച്ചിട്ട സ്ഥലങ്ങളില്‍ ശേഷിയുടെ പരമാവധി 50 ശതമാനം പേര് മാത്രമേ പങ്കെടുക്കാവൂ. എന്നു മാത്രമല്ല, ഇവിടെ എത്തുന്നവരില്‍ 90 ശതമാനം പേരും വാക്സിനെടുത്തവര്‍ ആയിരിക്കണം. ഭാഗികമായി മാത്രം വാക്സിന് എടുത്തവരും തീരെ വാക്സിനെടുക്കാത്തവരും ആരോഗ്യ മന്ത്രാലയം അംഗീകരിച്ച് പിസിആര്‍ അല്ലെങ്കില്‍ ആന്റിജന്‍ കോവിഡ് പരിശോധന നടത്തണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല