![](https://www.nrimalayalee.com/wp-content/uploads/2021/07/Qatar-Red-List-Countries-RTPCR.jpg)
സ്വന്തം ലേഖകൻ: കൊവിഡ് വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ബാധിക്കുന്ന മിക്ക ആളുകൾക്കും ചെറിയ ലക്ഷണങ്ങൾ മാത്രമാണ് പ്രകടമാവുന്നതെന്ന് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഇത്തരക്കാർ ആശുപത്രിയിലേക്ക് ചികിത്സക്കായി എത്തേണ്ട ആവശ്യമില്ലെന്നും മന്ത്രാലയം അറിയിച്ചു. കൊവിഡിന്റെ ചെറിയ ലക്ഷണങ്ങളും, ഗുരുതരമായി ബാധിക്കുന്ന ലക്ഷണങ്ങളും എന്തെല്ലാമാണെന്നും മന്ത്രാലയം വ്യക്തമാക്കി. ഇതുസംബന്ധിച്ച പ്രത്യേക അറിയിപ്പും മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. വിവിധ തരത്തിലുള്ള ലക്ഷണങ്ങൾ പ്രകടമാകുമ്പോൾ സ്വീകരിക്കേണ്ട മുൻ കരുതൽ നടപടികളും അധികൃതര്‍ വിവരിക്കുന്നുണ്ട്.
തൊണ്ട വേദന, മൂക്കൊലിപ്പ്, ചെറിയ പനി, ചുമ, മണവും രുചിയും തിരിച്ചറിയാതിരിക്കുക, വയറിളക്കം, ഛര്‍ദി, ക്ഷീണം, തലവേദന ഇത്തരം ലക്ഷണങ്ങൾ ആണ് ചെറിയ രോഗലക്ഷണങ്ങള്‍ ആയി കാണുന്നത്. ഇത്തരം രോഗലക്ഷണങ്ങള്‍ ഉള്ളവർ മറ്റുള്ളവരുമായി സമ്പര്‍ക്കമില്ലാതെ കഴിയണം. അസുഖം മാറുന്നത് വരെ യാത്രകൾ ഒഴിവാക്കണം. അധികം പുറത്തുപോകാതെ ഇരിക്കുക. പാരസെറ്റാമോള്‍ കഴിക്കുക, ധാരാളം വെള്ളം കുടിക്കുക ഇവയാണ് ചെയ്യേണ്ടത്. കൂടാതെ സ്വയം പരിശോധിക്കാവുന്ന റാപ്പിഡ് കൊവിഡ് ടെസ്റ്റ് നടത്താം. പോസീറ്റീവാണെന്ന് കണ്ടാൽ അംഗീകൃത മെഡിക്കല്‍ സെന്ററില്‍ പോയി ഔദ്യോഗികമായി കൊവിഡ് പരിശോധന നടത്താം.
വിറയല്‍ പനി, ശരീരം വേദന, ക്ഷീണം, ശക്തമായ ചുമ, ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് എന്നിവ ഇടത്തരം രോഗലക്ഷണങ്ങളുടെ കൂട്ടത്തിൽപെടുത്താം. ഇത്തരം ലക്ഷണങ്ങൾ ഉള്ളവർ മറ്റുള്ളവരിൽ നിന്നും അകന്ന് കഴിയണം. പാരസെറ്റാമോള്‍ കഴിക്കാം, ധാരാളം വെള്ളം കുടിക്കുക എന്നിവയാണ് ചെയ്യേണ്ടത്. പുറത്തിറങ്ങാതെയിരിക്കുക, യാത്രകൾ ഒഴിവാക്കുക. ഗുരുതര രോഗങ്ങളായ ക്യാന്‍സര്‍, ഹൃദ്രോഗം, വൃക്ക രോഗങ്ങള്‍ എന്നിവയുള്ളവർ ഇത്തരത്തിലുള്ള രോഗലക്ഷണങ്ങൽ വരുന്നതെങ്കിൽ 16000 എന്ന നമ്പറില്‍ വിളിച്ച് സഹായം തേടണം.
60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ ആണെങ്കിൽ അധികൃതരുടെ സഹായം തേടുക. റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് സ്വന്തമായി നടത്താം. പോസിറ്റീവാണെങ്കില്‍ മെഡിക്കല്‍ സെന്ററില്‍ പോയി കോവിഡ് പരിശോധന നടത്തിയ ശേഷം ഇഹ്‍തിറാസ് ആപ്ലിക്കേഷനിലെ സ്റ്റാറ്റസ് മാറ്റുക.
ശക്തമായ നെഞ്ച് വേദന, ശരീരം മുഴുവൻ നീല നിറം, ശരീര വേദനയും ക്ഷീണവും, ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് തുടങ്ങിയവ കടുത്ത രോഗ ലക്ഷണങ്ങളിൽ പെടുത്താം. ഇവർ ഉടൻ തന്നെ ചികിത്സ തേടണം. ആശുപത്രിയിൽ എത്തുന്നതിന് മുമ്പ് ജീവൻ നഷ്ടമാകുന്ന സ്ഥിതി ഉണ്ടെങ്കിൽ 999 എന്ന നമ്പറില്‍ വിളിക്കുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല