![](https://www.nrimalayalee.com/wp-content/uploads/2021/03/Qatar-Quarantine-Guidelines-for-Vaccinated-Travelers.jpeg)
സ്വന്തം ലേഖകൻ: കോവിഡ് രോഗതീവ്രത കുറഞ്ഞവര്‍ക്ക് 10 ദിവസത്തെ ഹോംഐസൊലേഷന്‍ നിര്‍ബന്ധമാക്കി ഖത്തര്‍. രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിലാണ് പുതിയ നിര്‍ദേശം. നേരിയ രോഗലക്ഷണമുള്ളവര്‍ ഹോം ക്വാറന്റൈനില്‍ പോകണമെന്ന് ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടു.
രോഗലക്ഷണമുള്ളവര്‍ 10 ദിവസത്തെ ക്വാറന്റൈന്‍ പാലിക്കണമെന്നാണ് നിര്‍ദേശം. ഇതില്‍ ആദ്യത്തെ അഞ്ച് ദിവസം റൂം ഐസൊലേഷനില്‍ പോകണം. ഒമിക്രോണ്‍ വകഭേദമാണ് രോഗവ്യാപനത്തിന് കാരണമെന്ന് ആരോഗ്യ വിദഗ്ധര്‍ പറഞ്ഞു. വരും ദിവസങ്ങളില്‍ രോഗികളുടെ എണ്ണം ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. ചികിത്സയ്ക്കായി ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനില്‍ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കും. കൂടുതല്‍ രോഗികളെ ഉള്‍ക്കൊള്ളാനുള്ള സംവിധാനമാണ് ഒരുക്കുന്നത്.
എച്ച്എംസിയ്ക്ക് കീഴിലുള്ള ഹസം മബരീക് ജനറല്‍ ആശുപത്രി കൂടി കോവിഡ് ആശുപത്രിയാക്കി മാറ്റിയിട്ടുണ്ട്. ഇതോടെ കോവിഡ് ആശുപത്രികളുടെ എണ്ണം നാലായി. ശനിയാഴ്ച മാത്രം 833 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 563 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.
രാജ്യത്ത് കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടിവരുന്നതിന് പിന്നില്‍ ഒമിക്രോണ്‍ വൈറസിന്റെ സാന്നിധ്യമാണെന്ന് ഖത്തര്‍ ആരോഗ്യ മന്ത്രാലയം അധികൃതര്‍ പറഞ്ഞു. വരും ദിനങ്ങളില്‍ കൂടുതല്‍ പേര്‍ക്ക് രോഗബാധ ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നും ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു. അതേസമയം, ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരില്‍ ഒമിക്രോണ്‍ വൈറസ് വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നില്ലെന്നാണ് അനുഭവമെന്നും ഹമദ് മെജിക്കല്‍ കോര്‍പറേഷനിലെ കമ്മ്യൂണിക്കബ്ള്‍ ഡിസീസ് സെന്റര്‍ മെഡിക്കല്‍ ഡയരക്ടര്‍ ഡോ. മുന അല്‍ മസ്ലമാനി അറിയിച്ചു.
ഒമിക്രോണ്‍ വകഭേദം രാജ്യത്ത് കോവിഡ് വ്യാപനത്തില്‍ വരും ആഴ്ചകളില്‍ വലിയ വര്‍ധനവുണ്ടാകുമെന്നും അത് മറ്റൊരു കോവിഡ് തരംഗത്തിന് കാരണമായേക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാവുമെങ്കിലും അത് ബാധിച്ചവരില്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവാന്‍ ഇടയില്ലെന്നാണ് ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്നുള്ള അനുഭവങ്ങള്‍ വ്യക്തമാക്കുന്നത്.
ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചവരില്‍ പ്രത്യേകിച്ചും വലിയ പ്രശ്‌നങ്ങള്‍ക്ക് സാധ്യതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിനാല്‍ രോഗികളുടെ വര്‍ധനവ് ആശുപത്രികള്‍ക്കു മേല്‍ വലിയ സമ്മര്‍ദ്ദം സൃഷ്ടിക്കാന്‍ സാധ്യതയില്ലെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തല്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല