സ്വന്തം ലേഖകൻ: ഇന്ത്യക്കാർ ഉൾപ്പെടെ മൂന്ന് രാജ്യങ്ങളിൽ നിന്നുള്ള ‘വിസ ഓൺ അറൈവൽ’ യാത്രക്കാർക്കായി ചൊവ്വാഴ്ച ആരംഭിച്ച ഹോട്ടൽ ബുക്കിങ് വിൻഡോ പിൻവലിച്ച് ഡിസ്കവർ ഖത്തർ. ചൊവ്വാഴ്ച ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇന്ത്യ, ഇറാൻ, പാകിസ്താൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഓൺ അറൈവൽ യാത്രക്കാർക്ക് ഖത്തർ പുതിയ യാത്ര മാനദണ്ഡം ഏർപ്പെടുത്തിയത്.
മൂന്നു രാജ്യങ്ങളിൽനിന്നും ഖത്തറിലേക്കുള്ള വിസ ഓൺ അറൈവൽ യാത്രക്കാർ, ഡിസ്കവർ ഖത്തർ വഴി ഹോട്ടൽ ബുക്ക് ചെയ്യണമെന്നായിരുന്നു നിർദേശം. ഇതിന്റെ അടിസ്ഥാനത്തിൽ ചൊവ്വാഴ്ച ഉച്ചയോടെ പ്രത്യേക വിൻഡോ ആരംഭിക്കുകയും ഹോട്ടൽ ബുക്കിങ് സ്വീകരിക്കുകയും ചെയ്തു തുടങ്ങി. എന്നാൽ, ബുധനാഴ്ച ഉച്ചയോടെ ‘ഡിസ്കവർ ഖത്തർ’ വെബ്സൈറ്റിലെ വിസ ഓൺ അറൈവൽ വിൻഡോ ഒഴിവാക്കുകയായിരുന്നു.
മന്ത്രാലയത്തിൽ നിന്നുള്ള നിർദേശങ്ങൾക്കനുസരിച്ച് തുടർ നടപടി സ്വീകരിക്കുമെന്ന് ഡിസ്കവർ ഖത്തർ ഹെൽപ്ലൈൻ അറിയിച്ചതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. പുതിയ നിർദേശം ഏപ്രിൽ 14 മുതൽ പ്രാബല്യത്തിൽ വരുമെന്നായിരുന്നു നേരത്തെയുള്ള അറിയിപ്പ്. മലയാളികൾ ഉൾപ്പെടെയുള്ള നിരവധി പേർക്കായിരുന്നു പുതിയ ഭേദഗതി തിരിച്ചടിയായത്.
കുറഞ്ഞ ചെലവിൽ കുടുംബത്തെ സന്ദർശനത്തിന് എത്തിക്കുന്ന ശരാശരി ശമ്പളക്കാർ ഉൾപ്പെടെയുള്ളവർക്ക് ഓൺ അറൈവൽ താങ്ങാനാവാത്ത ഭാരമാവും എന്ന ആശങ്കകൾക്കിടെയാണ് ബുധനാഴ്ച ആശ്വാസകരമായ നീക്കം. ഡിസ്കവർ ഖത്തർ ഹോട്ടൽ ബുക്കിങ് നിർബന്ധം എന്ന നിർദേശം പിൻവലിക്കും എന്ന പ്രതീക്ഷയിലാണ് പ്രവാസികൾ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല