![](https://www.nrimalayalee.com/wp-content/uploads/2021/08/GCC-Nations-School-Fees-Qatar.jpg)
സ്വന്തം ലേഖകൻ: ഖത്തറിലെ പൊതു,സ്വകാര്യ സ്കൂളുകളിലും കിന്റർഗാർട്ടനുകളിലും ഓൺലൈൻ പഠനം ജനുവരി 27 വരെ നീട്ടിയെങ്കിലും പ്രധാന പരീക്ഷകൾ സ്കൂളിലെത്തി എഴുതണം. സർക്കാർ സ്കൂളുകളിൽ ഈ മാസം 18 മുതൽ 27 വരെയാണ് ഒന്നാം സെമസ്റ്റർ പരീക്ഷ. സ്വകാര്യ സ്കൂളുകളിൽ അധ്യയന കലണ്ടർ പ്രകാരവും പരീക്ഷകൾ നടക്കും. കോവിഡ് മുൻകരുതൽ പാലിച്ചു വേണം സ്കൂളുകൾ പരീക്ഷകൾ നടത്താൻ.
സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ, പൊതു സ്കൂളുകളിലെ ഗ്രേഡ് 12, സ്വകാര്യ സ്കൂളുകളിലെ 11, 12 ഗ്രേഡ് വിദ്യാർഥികൾ, പൊതു-സ്വകാര്യ സ്കൂളുകളിലെ അംഗപരിമിതരും ഭിന്നശേഷിക്കാരുമായ വിദ്യാർഥികൾ, സ്പെഷൽ എജ്യൂക്കേഷൻ വിദ്യാർഥികൾ എന്നിവർക്ക് സ്കൂളിലെത്തി പഠിക്കാം.
ഇവർക്കായി സ്കൂളുകൾക്ക് 50 ശതമാനം ശേഷിയിൽ ക്ലാസ് മുറിയിൽ പഠനം നടത്താം. നഴ്സറികളിലും 50 ശതമാനം ശേഷിയിൽ പഠനം നടത്താം. എന്നാൽ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും താൽപര്യം കണക്കിലെടുത്തു വേണം ക്ലാസ് മുറി പഠനം നടത്താൻ. അതേസമയം സർവകലാശാലകൾ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്ക് ഓൺലൈൻ പഠനത്തിന് അനുമതിയില്ല.
നൂറു ശതമാനം ശേഷിയിലാണ് ഇവിടങ്ങളിൽ പഠനം തുടരേണ്ടത്. ശൈത്യകാല അവധിക്ക് ശേഷം ഈ മാസം 2 മുതലാണ് സ്കൂളുകളും കിന്റർഗാർട്ടനുകളും പഠനം പുനരാരംഭിച്ചത്. 2 മുതൽ ഒരാഴ്ചത്തേക്കാണ് ഓൺലൈൻ പഠനം പ്രഖ്യാപിച്ചതെങ്കിലും കോവിഡ് വ്യാപനം കൂടുന്നതിനാലാണ് ഓൺലൈൻ പഠനം നീട്ടിയത്. ഓൺലൈൻ പഠനം ആയതിനാൽ 27 വരെ സ്കൂൾ, കിന്റർഗാർട്ടൻ വിദ്യാർഥികൾക്ക് ഹാജറുണ്ടാകില്ല. അധ്യാപകരും അനധ്യാപകരും പക്ഷേ ദിവസവും സ്കൂളിലെത്തണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല