സ്വന്തം ലേഖകൻ: ഖത്തറിൽ ബലിപെരുന്നാള്‍ (ഈദ് അല്‍ അദ്ഹ) അവധി ദിനങ്ങളില്‍ രാജ്യത്തിന് പുറത്തേക്ക് പോകുന്നവര്‍ വിമാനത്താവളത്തില്‍ പാലിക്കേണ്ട യാത്രാ നിര്‍ദേശങ്ങള്‍ ഹമദ് രാജ്യാന്തര വിമാനത്താവളം അധികൃതർ പുതുക്കി. ഇതനുസരിച്ച് വിദേശയാത്രക്ക് തയാറെടുക്കുന്നവര്‍ ഓണ്‍ലൈന്‍ ചെക്ക് ഇന്‍ ചെയ്യണം. പുറപ്പെടുന്ന സമയത്തിന് മൂന്നു മണിക്കൂര്‍ മുന്‍പ് തന്നെ വിമാനത്താവളത്തില്‍ എത്തിച്ചേരണം. വിമാനം പുറപ്പെടുന്ന സമയത്തിന് 60 മിനിറ്റ് മുന്‍പ് ചെക്ക് ഇന്‍ കൗണ്ടര്‍ അടയ്ക്കും.
യാത്രക്കാരുടെ ഇഹ്‌തെറാസിലെ പ്രൊഫൈല്‍ സ്റ്റേറ്റസ് പച്ച ആയിരിക്കണം. അല്ലെങ്കില്‍ യാത്രയ്ക്ക് 72 മണിക്കൂറിനുള്ളില്‍ എടുത്ത കോവിഡ് പിസിആര്‍ നെഗറ്റീവ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. വിമാനത്താവളത്തിലെ സെല്‍ഫ് ചെക്ക്-ഇന്‍, ബാഗേജ് ഡ്രോപ് സൗകര്യങ്ങള്‍ ഉപയോഗിക്കാം. ചെക്ക് ഇന്‍ ചെയ്യുന്നതോടെ ബോര്‍ഡിങ് പാസും ബാഗുകള്‍ക്കുള്ള ടാഗുകളും പ്രിന്റ് ചെയ്തു ലഭിക്കും.
രാജ്യത്തേക്ക് വരുന്നതും പോകുന്നതുമായ യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് അറൈവല്‍, ഡിപ്പാര്‍ച്ചര്‍ ടെര്‍മിനലുകളില്‍ യാത്രക്കാര്‍ക്ക് മാത്രമേ പ്രവേശനമുള്ളു. യാത്രക്കാരെ ഇറക്കാനും കയറ്റാനും ഹ്രസ്വകാല കാര്‍ പാര്‍ക്കിങ് ഉപയോഗിക്കണം. യാത്രക്കാരുടെ കൈവശം ദ്രാവകങ്ങള്‍, എയ്‌റോസോള്‍, ജെല്ലുകള്‍, നൂറു മില്ലിയില്‍ താഴെയുള്ള പുനരുപയോഗ പ്ലാസ്റ്റിക് ബാഗുകള്‍ എന്നിവ പാടില്ല.
മൊബൈല്‍ ഫോണിനേക്കാള്‍ വലിയ ഇലക്ട്രോണിക് ഉല്‍പന്നങ്ങള്‍ ഉണ്ടെങ്കില്‍ ബാഗില്‍ നിന്ന് പുറത്തെടുത്ത് എക്‌സ്‌റേ പരിശോധനയക്ക് വിധേയമാക്കണം. ലിഥിയം ബാറ്ററികളില്‍ പ്രവര്‍ത്തിക്കുന്ന ഹോവര്‍ബോര്‍ഡ് പോലുളളവ കൈവശം വെയ്ക്കാന്‍ പാടില്ല. തിരക്കേറിയ സമയങ്ങളില്‍ വളര്‍ത്തുമൃഗങ്ങളുമായുള്ള യാത്ര ഒഴിവാക്കണം. ബാഗ് റാപ്പ് സൗകര്യവും ടെര്‍മിനലില്‍ ലഭിക്കും.
ദോഹയിലേക്ക് എത്തുന്ന എല്ലാ യാത്രക്കാരും www.ehteraz.gov.qa എന്ന വെബ്‌സൈറ്റില്‍ യാത്രയ്ക്ക് 12 മണിക്കൂറിനുള്ളില്‍ യാത്രാ വിവരങ്ങള്‍ റജിസ്റ്റര്‍ ചെയ്യണം. റജിസ്‌ട്രേഷന്‍ പൂര്‍ത്തിയാകുമ്പോള്‍ ലഭിക്കുന്ന ട്രാവല്‍ അതോറൈസേഷന്‍ ചെക്ക് ഇന്‍ കൗണ്ടറില്‍ കാണിക്കണം. ദോഹയിലേക്കുളള കൂടുതല്‍ യാത്രാ, ക്വാറന്റീന്‍ നടപടികള്‍ അറിയാന്‍ https://covid19.moph.gov.qa/EN/travel-and-return-policy/Pages/default.aspx. ദോഹയിലെത്തുന്നവര്‍ എല്ലായ്‌പ്പോഴും ഫെയ്‌സ് മാസ്‌ക് ധരിക്കണം. മറ്റുള്ളവരുമായി ശാരീരിക അകലം പാലിക്കണമെന്നും മാർഗനിർദേശങ്ങളിൽ വ്യക്തമാക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല