സ്വന്തം ലേഖകൻ: ഖത്തറില്‍ സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണം ഊര്‍ജിതമാക്കുന്നു. ഇതുസംബന്ധിച്ച കരട് ബില്ലിന് ഖത്തര്‍ മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. എന്നാല്‍ ഏതൊക്കെ തലത്തിലാണ് സ്വകാര്യവത്കരണം എന്ന് വ്യക്തമാക്കിയിട്ടില്ല.
കരട് നിയമത്തിന് ബുധനാഴ്ച മന്ത്രിസഭ അംഗീകാരം നൽകുകയും അത് ശൂറ കൗൺസിലിന് റഫർ ചെയ്യുകയും ചെയ്തു. പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽതാനിയുടെ അധ്യക്ഷതയിൽ അമീരി ദിവാനിൽ നടന്ന കേന്ദ്രമന്ത്രിസഭയുടെ പതിവ് യോഗത്തിലാണ് നടപടി.
അതിനിടെ നുംബിയോയുടെ ജീവിതഗുണനിലവാര സൂചികയിൽ മേഖലയിൽ ഖത്തർ മുൻനിരയിൽ. ഈ മാസം അപ്‌ഡേറ്റ് ചെയ്ത സൂചികയിൽ 169.77 പോയിന്റ് ആണ് ഖത്തറിനുള്ളത്. വ്യക്തികളുടെ ഉയർന്ന വാങ്ങൽ ശേഷി, സേഫ്റ്റി, കുറഞ്ഞ കുറ്റകൃത്യ നിരക്ക്, മതിയായ ആരോഗ്യ പരിചരണം തുടങ്ങിയ വിഭാഗങ്ങളിലാണ് ഉയർന്ന സ്‌കോർ.
വ്യക്തികളുടെ പർച്ചേസിങ് ശേഷിയുടെ കാര്യത്തിൽ 127.79, സേഫ്റ്റിയുടെ കാര്യത്തിൽ 84.56, ആരോഗ്യ പരിചരണ സൂചികയിൽ 73.13 എന്നിങ്ങനെ സൂചികയിൽ ഉയർന്ന സ്‌കോറുകളാണ് ഖത്തർ നേടിയത്. കാലാവസ്ഥ, അന്തരീക്ഷ മലിനീകരണം എന്നീ സൂചികകളിൽ ന്യായമായ സ്‌കോറും കൈവരിച്ചു.
അതേസമയം ജീവിത ചെലവ്, വസ്തുവകകളുടെ നിരക്ക് -വരുമാന അനുപാതം, ഗതാഗത യാത്രാ സമയം തുടങ്ങിയ സൂചികകളിൽ കുറഞ്ഞ സ്‌കോറാണുള്ളത്. ജീവിത ഗുണനിലവാര സൂചികയിൽ ഖത്തറിന് പിന്നിൽ യുഎഇ ആണ്-162.41 ആണ് സ്‌കോർ. സൗദി അറേബ്യ (149.43), ബഹ്‌റൈൻ (144.59), കുവൈത്ത് (134.57) എന്നിങ്ങനെയാണ് ഗൾഫ് രാജ്യങ്ങളുടെ സ്‌കോർ നില.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല