![](https://www.nrimalayalee.com/wp-content/uploads/2021/04/Covid-Shopping-Guidelines-Qatar.jpg)
സ്വന്തം ലേഖകൻ: ഇസ്ലാമിക മൂല്യങ്ങള്‍ക്കും രാജ്യത്തെ പൊതു ധാര്‍മികതയ്ക്കും നിരക്കാത്ത ലോഗോയോ ചിത്രങ്ങളോ ഉള്ള ഉല്‍പ്പന്നങ്ങള്‍ രാജ്യത്ത് വില്‍ക്കാനോ പരസ്യം ചെയ്യാനോ പാടില്ലെന്ന് ഖത്തര്‍ വാണിജ്യ വ്യവസായ മന്ത്രാലയം. രാജ്യത്തെ ചില പ്രമുഖ ഷോപ്പിങ് മാളുകള്‍ ഉള്‍പ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങള്‍ സദാചാര മൂല്യങ്ങള്‍ക്കും മാന്യതയ്ക്കും നിരക്കാത്ത ചിത്രങ്ങളോട് കൂടിയ ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും വില്‍ക്കുകയും പരസ്യം നല്‍കുകയും ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഈ മുന്നറിയിപ്പ്.
ഉപഭോക്തൃ സംരക്ഷണവുമായി ബന്ധപ്പെട്ട 2008ലെ നിയമത്തിലെ രണ്ടാം അനുച്ഛേദത്തില്‍ ഇത്തരം കാര്യങ്ങള്‍ നിയമവിരുദ്ധമാണെന്ന് നവ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു. സഭ്യേതരമായ ചിത്രങ്ങളും മറ്റും ഉല്‍പ്പന്നങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നത് ഉപഭോക്താക്കളുടെ അവകാശങ്ങള്‍ ഹനിക്കുന്ന നടപടിയാണ്. ഉപഭോക്താക്കളുടെ അടിസ്ഥാന അവകാശങ്ങള്‍ മാനിക്കണമെന്നും മതപരമായ മൂല്യങ്ങളും ആചാരമര്യാദകളും ലംഘിക്കുന്ന വ്യപാരം പാടില്ലെന്നും നിയമം അനുശാസിക്കന്നതായും മന്ത്രാലയം അറിയിച്ചു. ഇത്തരം നിയമലംഘനങ്ങള്‍ക്ക് 10 ലക്ഷം റിയാല്‍ വരെ പിഴ ഈടാക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്കി. മൂന്ന് മാസം വരെ വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിടാനും നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്.
ഇത്തരം നിയമ ലംഘനങ്ങള്‍ വ്യാപകമായ സാഹചര്യത്തില്‍ ഖത്തറിലെ മുഴുവന്‍ വ്യാപാരികളും ഷോപ്പിങ് മാളുകളും പാലിക്കേണ്ട നിബന്ധനകള്‍ വ്യക്തമാക്കി ഖത്തര്‍ വാണിജ്യ മന്ത്രാലയം സര്‍ക്കുലര്‍ പുറത്തിറക്കി. ഖത്തര്‍ വിപണിയില്‍ വില്‍ക്കുന്നതിന് വേണ്ടി ഏതെങ്കിലും ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുമ്പോള്‍ വിതണരം ചെയ്യും മുമ്പ് അതില്‍ ഇസ്ലാമിക മൂല്യങ്ങള്‍ക്കു നിരക്കാത്തത്തോ പൊതു ധാര്മികതയ്ക്കോ ആചാര മര്യാദകള്‍ക്കോ വിരുദ്ധമായതോ ആയ ലോഗോകള്‍, ഡിസൈനുകള്‍, ചിഹ്നങ്ങള്‍, എഴുത്തുകള്‍ തുടങ്ങിയവ ഇല്ലെന്ന് ഉറപ്പ് വരുത്തണമെന്നതാണ് നിര്‍ദ്ദേശങ്ങളിലൊന്ന്. പൊതു സദാചാരം ലംഘിക്കുന്നതും രാജ്യത്തെ ആചാര മര്യാദകള്‍ ലംഘിക്കുന്നതുമായ തരത്തിലുള്ള ഉല്‍പ്പന്നങ്ങള്‍ ഷോപ്പുകളുടെ മുന്‍വശത്ത് പ്രദര്‍ശിപ്പിക്കരുത്.
ഇസ്ലാമിക മൂല്യങ്ങള്‍ക്കു നിരക്കാത്തത്തോ പൊതു സദാചാരമോ ആചാര മര്യാദകളോ ലംഘിക്കുന്നതോ ആയ സമ്മാനങ്ങള്‍, പാക്കിങ് തുടങ്ങിയവ ഒഴിവാക്കണം. അത്തരം ലോഗോകള്‍, ചിഹ്നങ്ങള്‍, വാചകങ്ങള്‍ തുടങ്ങിയവ അടങ്ങിയ ഉല്‍പ്പന്നങ്ങളുടെ പരസ്യങ്ങള്‍ നല്കാന് പാടില്ലെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കി. സദാചാര വിരുദ്ധമായ ഉള്ളടക്കത്തോട് കൂടിയ ഓഡിയോ, വീഡിയോ, ചിത്രങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിക്കുന്നതിനും അത്തരം പരസ്യങ്ങള്‍ നല്‍കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഉപഭോക്താക്കളുടെ അടിസ്ഥാന അവകാശങ്ങള്‍ ലംഘിക്കുന്ന ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തുന്നത് തടയാന്‍ ബന്ധപ്പെട്ട അധികൃതരുമായി ചേര്‍ന്ന് നടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്കി. നിയമലംഘനം കണ്ടെത്തുന്നതിന് പരിശോധന ശക്തമാക്കും. നിയമം ലംഘിക്കുന്നവര്‍ 10 ലക്ഷം റിയാല്‍ വരെ പിഴ, മൂന്ന് മാസം ഷോപ്പ് പൂട്ടിക്കല്‍, വാണിജ്യ ലൈസന്‍സ് റദ്ദാക്കല്‍, വാണിജ്യ ഇടപാടുകള്‍ നടത്തുന്നത് വിലക്കല്‍ തുടങ്ങിയ ശിക്ഷാ നടപടികള്‍ നേരിടേണ്ടി വരും. രാജ്യത്തിന്റെ ആചാര മര്യാദകള്‍ ലംഘിക്കുന്ന ഉല്‍പ്പന്നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 16001 എന്ന കോള്‍ സെന്റര്‍ നമ്പറില്‍ വിളിച്ച് മന്ത്രാലയത്തെ അറിയിക്കണമെന്ന് അധികൃതര്‍ ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല