സ്വന്തം ലേഖകൻ: കോവിഡ് പോസിറ്റിവായവർ പരിശോധനക്കായി സാമ്പിൾ നൽകിയ ദിനം മുതൽ ക്വാറന്റീനായി കണക്കാക്കുമെന്ന് ഹമദ് മെഡിക്കൽ കോർപറേഷനിലെ മുതിർന്ന ആരോഗ്യ വിദഗ്ധയും കമ്യൂണിക്കബ്ൾ ഡിസീസ് സെന്റർ ഡയറക്ടറുമായ ഡോ. മുന അൽ മസ്ലമാനി.
രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുമ്പോഴോ മറ്റോ പരിശോധനക്കായി സ്രവം നൽകുന്ന തീയതി മുതൽ സമ്പർക്കവിലക്കിൽ കഴിയണം. ഈ ദിനം ക്വാറന്റീനായി കണക്കാക്കും. അല്ലാതെ, ഫലം ലഭിച്ച തീയതിയിൽ അല്ല ക്വാറന്റീൻ തുടങ്ങുന്നതെന്നും അവർ പറഞ്ഞു. 10 ദിവസം സമ്പർക്കവിലക്കിൽ കഴിയണമെന്നും ഇവർ നിർദേശിച്ചു.
ഗുരുതരമല്ലാത്ത കോവിഡ് രോഗികൾ 10 ദിവസ ഹോം ക്വാറന്റീനിൽ കഴിയണമെന്ന് ഇവർ നേരത്തെ നിർദേശിച്ചിരുന്നു. ഖത്തറിൽ തിരികെയെത്തുന്നവർക്ക് പി.എച്ച്.സി.സി, എച്ച്.എം.സി കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ അതിവേഗ കോവിഡ് പരിശോധനയായ റാപിഡ് ആന്റിജെൻ ടെസ്റ്റ് ലഭ്യമാണെന്നും അവർ പറഞ്ഞു.
തിങ്കളാഴ്ച മുതൽ സ്വകാര്യ മെഡിക്കൽ കേന്ദ്രങ്ങളിൽ നടത്തുന്ന റാപിഡ് ആന്റിജെൻ പരിശോധനാ ഫലങ്ങളും കോവിഡ് സ്റ്റാറ്റസ് ആപ്ലിക്കേഷനായ ‘ഇഹ്തിറാസിൽ’ ലഭിക്കുമെന്ന് ആരോഗ്യ മന്ത്രാലയം. സ്വകാര്യ ലാബുകളും ആശുപത്രികളും ഉൾപ്പെടെ 100ലേറെ കേന്ദ്രങ്ങളിൽ റാപിഡ് ആന്റിജെൻ പരിശോധനക്ക് മന്ത്രാലയം അനുമതി നൽകിയിരുന്നു.
ഏതാനും ദിവസങ്ങൾ മുമ്പാണ് കോവിഡ് പരിശോധനാനയത്തിൽ ഭേദഗതി വരുത്തിയ പൊതുജനാരോഗ്യ മന്ത്രാലയം ആന്റിജെൻ പരിശോധനക്ക് അനുവാദം നൽകിയത്. പി.സി.ആർ പരിശോധനകൾക്ക് തിരക്കേറുകയും ഫലം ലഭിക്കാൻ വൈകുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ രോഗം തിരിച്ചറിയാൻ നിശ്ചിത പ്രായപരിധിക്ക് താഴെയുള്ളവർക്കെല്ലാം ആന്റിജെൻ പരിശോധന മതിയെന്നാണ് നിർദേശം.
കോവിഡ് രോഗികളുമായി സമ്പർക്കം പുലർത്തിയവരും രോഗലക്ഷണം പ്രകടിപ്പിക്കുന്നവരുമായ 50ന് താഴെ പ്രായമുള്ളവർക്കാണ് ആന്റിജെന്‍ നിർദേശിച്ചത്. വിദേശ യാത്ര കഴിഞ്ഞെത്തിയവർക്കും ക്വാറന്റീൻ കാലയളവിലെ പരിശോധന ആന്റിജെനായി മാറ്റി. പി.എച്ച്.സികൾക്കു പുറമെ സ്വകാര്യ ക്ലിനിക്കുകളിലും ലാബുകളിലും പരിശോധന സൗകര്യവുമുണ്ട്.
സാമ്പിൾ നൽകി രണ്ടു മണിക്കൂറിനകം എസ്.എം.എസ് വഴി ഫലം ലഭിക്കുമെന്നും നാല് മണിക്കൂറിനുള്ളിൽ ഇഹ്തിറാസ് ആപ്ലിക്കേഷനിൽ അപ്ഡേറ്റാവുമെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. റാപ്പിഡ് ആന്റിജെന്‍ ടെസ്റ്റില്‍ പോസിറ്റിവ് ആയവര്‍ പി.സി.ആര് ടെസ്റ്റിന് വിധേയരാകേണ്ടതില്ല.
ഈ പരിശോധന കൃത്യമാണ്. രോഗലക്ഷണങ്ങള്‍ കാണിക്കുന്നവരോ രോഗബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവരോ ആയ 50 വയസ്സിന് മുകളിലുള്ളവർ പി.സി.ആര് പരിശോധന നടത്തണം. ലുസൈൽ ഡ്രൈവ് ത്രു സെന്റർ വഴിയാണ് ആർ.ടി.പി.സി.ആർ പരിശോധനയുള്ളത്.
കോവിഡ് വ്യാപന സാഹചര്യത്തിൽ ഡോക്ടർമാർ വാട്സ്ആപ്പിലും ഇ മെയിൽ വഴിയും നൽകുന്ന പരിശോധന കുറിപ്പുകൾ സ്വീകരിച്ച് മരുന്നു നൽകാമെന്ന് ഫാർമസികൾക്ക് ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശം. താൽക്കാലികമായാണ് ഈ ഉത്തരവ്. ആരോഗ്യമന്ത്രാലയം ഫാർമസി, ഫാർമസ്യൂട്ടിക്കൽ കൺട്രോൾ ഡയറക്ടർ ഡോ. ഐഷ ഇബ്രാഹിം അൽ നസാറിയാണ് രാജ്യത്തെ എല്ലാ ഫാർമസികൾക്കും പുതിയ നിർദേശം നൽകിയത്.
നിലവിലെ കോവിഡ് വ്യാപന സാഹചര്യത്തിൽ പൊതുജനങ്ങളുടെയും ആരോഗ്യപ്രവർത്തകരുടെയും സൗകര്യം പരിഗണിച്ച്, ഡോക്ടർമാർ വാട്സ്ആപ്പിലും ഇ-മെയിലിലും നൽകുന്ന പരിശോധനാ കുറിപ്പുകൾ സ്വീകരിക്കാമെന്ന് നിർദേശത്തിൽ പറയുന്നു. നിലവിൽ പൊതുമേഖല ആശുപത്രികളിലെല്ലാം വിവിധ വിഭാഗങ്ങളിൽ ടെലി മെഡിസിൻ ഉൾപ്പെടെയുള്ള ഓൺലൈൻ കൺസൽട്ടേഷനിലേക്ക് മാറിയിട്ടുണ്ട്. കോവിഡ് വ്യാപനത്തെ തുടർന്ന് അടിയന്തര സ്വഭാവമല്ലാത്ത കേസുകളിൽ നേരിട്ട് ആശുപത്രിയിലെത്തി ചികിത്സ തേടേണ്ടതില്ലെന്നും നിർദേശമുണ്ട്.
ഈ സാഹചര്യത്തിൽ രോഗികൾക്ക് മരുന്ന് ലഭിക്കാനുള്ള എളുപ്പത്തിനാണ് ഫാർമസികൾക്ക് വാട്സ്ആപ്, ഇ-മെയിൽ കുറിപ്പടികൾ സ്വീകരിക്കാൻ നിർദേശം നൽകുന്നത്. അതേസമയം, കുറിപ്പടി പൂർണമായിരിക്കണമെന്ന നിർദേശമുണ്ട്.
പരിശോധിച്ച ഡോക്ടറുടെ വിവരങ്ങൾ, ലൈസൻസ് നമ്പർ, തീയതി, രോഗിയുടെ നമ്പർ എന്നിവ കുറിപ്പടിയിൽ വ്യക്തമായിരിക്കണം. ഒരാഴ്ചയായിരിക്കും ഇവയുടെ കാലാവധിയെന്നും അധികൃതർ വ്യക്തമാക്കുന്നു. മനോരോഗങ്ങൾക്കുള്ള മരുന്നുകളും മറ്റും ഈ പട്ടികയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല