സ്വന്തം ലേഖകൻ: താമസക്കാരുടെ എണ്ണത്തിൽ ഗണ്യമായ വളർച്ച നേടി ഖത്തറിന്റെ ആതിഥേയ മേഖല. ഇക്കഴിഞ്ഞ മേയിലെ ഹോട്ടൽ ഒക്കുപെൻസി റേറ്റ് സംബന്ധിച്ച കണക്കുകൾ പ്ലാനിങ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റിയാണ് പുറത്തുവിട്ടത്. രാജ്യത്ത് എത്തുന്നവരുടെ എണ്ണം വർധിച്ചതോടെയാണ് ആതിഥേയ മേഖലയിലെ താമസനിരക്കിലും വർധനയുണ്ടായത്. അതോറിറ്റി കണക്കു പ്രകാരം മേയിൽ മാത്രം 2,85,000 പേരാണ് രാജ്യത്തെത്തിയത്.
വൺ, ടു സ്റ്റാർ ഹോട്ടലുകളിലാണ് ഏറ്റവുമധികം താമസക്കാരെത്തിയത്. വർധന 92%. ഹോട്ടൽ, ഹോട്ടൽ അപ്പാർട്‌മെന്റുകളിൽ മൊത്തത്തിലുള്ള ഒക്കുപൻസി നിരക്ക് 55% ആണ്. ചതുർ നക്ഷത്ര ഹോട്ടലുകളിൽ 53%, ത്രീ-സ്റ്റാർ ഹോട്ടലുകളിൽ 75%, പഞ്ചനക്ഷത്ര ഹോട്ടലുകളിൽ 51%,ഡിലക്‌സ് ഹോട്ടൽ അപ്പാർട്‌മെന്റുകളിൽ 56%, സ്റ്റാൻഡേഡ് ഹോട്ടൽ അപാർട്‌മെന്റുകളിൽ 71 % എന്നിങ്ങനെയാണ് ഒക്കുപൻസി നിരക്ക്.
ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ 20 ലക്ഷത്തിലധികം സന്ദർശകരാണ് എത്തിയതെന്ന് ഖത്തർ ടൂറിസം പുറത്തുവിട്ട കണക്കിൽ പറയുന്നു. ഇതിൽ മേയ്, ജൂൺ മാസങ്ങളിലാണ് ഏറ്റവുമധികം പേർ എത്തിയത്- 5,67,000 പേർ. കഴിഞ്ഞ 10 വർഷത്തിനിടെ ഈ മാസങ്ങളിലുണ്ടായ ഏറ്റവും വലിയ വർധനയാണിത്. ഖത്തർ ടൂറിസത്തിന്റെ കീഴിലെ വ്യത്യസ്ത ക്യാംപെയ്‌നുകളാണ് സന്ദർശകരെ രാജ്യത്തേക്ക് ആകർഷിക്കുന്നത്.
വരും മാസങ്ങളിൽ ദോഹ എക്‌സ്‌പോ, ഫോർമുല-വൺ, ജനീവ മോട്ടർ ഷോ, ട്രാവൽ ആൻഡ് ടൂറിസം കോൺഫറൻസ് തുടങ്ങി ആഗോളതലത്തിൽ നിന്നുള്ള സന്ദർശകരെ ആകർഷിക്കുന്ന പരിപാടികൾക്കാണ് ഖത്തർ ആതിഥേയത്വം വഹിക്കാൻ തയാറെടുക്കുന്നത്.
ഹോട്ടലുകളുടെ വരുമാനത്തിന്റെ കാര്യത്തിലും ഗണ്യമായ വർധനയാണ് മേയിലുള്ളത്. പഞ്ചനക്ഷത്ര ഹോട്ടലുകളിൽ ലഭ്യമായ ഒരു മുറിയുടെ (റവന്യൂ പെർ അവെയ്‌ലബിൾ റൂം-ആർഇവിപിഎആർ) വരുമാനം 299 റിയാൽ, ചതുർ നക്ഷത്ര ഹോട്ടലുകളുടേത് 121, ത്രീ സ്റ്റാറുകളുടേത് 130, വൺ-ടു സ്റ്റാർ ഹോട്ടലുകളുടേത് 138 റിയാലുമാണ്.
ഡിലക്‌സ്, സ്റ്റാൻഡേഡ് ഹോട്ടൽ അപ്പാർട്‌മെന്റ് മുറികളുടെ ശരാശരി നിരക്ക് 325 റിയാൽ ആയി ഉയർന്നു. പഞ്ചനക്ഷത്ര ഹോട്ടൽ മുറികളുടെ ശരാശരി നിരക്ക് 585 റിയാലും ചതുർ നക്ഷത്ര ഹോട്ടലുകളുടേത് 227 റിയാലുമായും ഉയർന്നു. ഹോട്ടൽ-ഹോട്ടൽ അപ്പാർട്‌മെന്റുകളുടെ മൊത്തത്തിലുള്ള ശരാശരി റൂം നിരക്ക് 401 റിയാലാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല