1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 17, 2023

സ്വന്തം ലേഖകൻ: രാജ്യത്തെ സ്വദേശി- പ്രവാസി താമസക്കാരുടെ ഗാർഹിക വരുമാനവും ചെലവും അറിയാൻ ദേശീയ സർവേ നടത്തുന്നു. ഫീൽഡ് ഘട്ടത്തിന് ഈ മാസം തുടക്കമാകും. വിവരശേഖരണത്തിന് എത്തുന്ന ഫീൽഡ് ഓഫിസർമാരോട് പൊതുജനങ്ങൾ സഹകരിക്കണമെന്നും പ്ലാനിങ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് (പിഎസ്എ) അതോറിറ്റിയുടെ ആഹ്വാനം. ഏഴാമത് ദേശീയ സർവേ പിഎസ്എ പദ്ധതികളുടെ ഭാഗമായുള്ള ഗാർഹിക സർവേകളിലൊന്നാണ്.

ഓരോ 5 വർഷം കൂടുമ്പോഴാണ് ഗാർഹിക സർവേ നടത്തുന്നത്. വിവരശേഖരണം ഒരു വർഷം നീളും. ഖത്തറിലെ ജീവിത സാഹചര്യങ്ങളെയും നിലവാരത്തെയും കുറിച്ചുള്ള സുപ്രധാനമായ സാമൂഹിക-സാമ്പത്തിക വിവരങ്ങൾ പ്രദാനം ചെയ്യുന്ന ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ സർവേകളിലൊന്നാണിത്. 5,000 സ്വദേശി-പ്രവാസി കുടുംബങ്ങളെ പങ്കെടുപ്പിച്ച് ഗാർഹിക വരുമാന-ചെലവുകളുടെ സ്വഭാവവും സവിശേഷതകളും സംബന്ധിച്ച സാമ്പിൾ സർവേയും നടത്തുമെന്ന് പിഎസ്എ പ്രസിഡന്റ് ഡോ.സലേഹ് ബിൻ മുഹമ്മദ് അൽ നാബിത് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

സർവേ നടത്തുന്നവർക്കായി അടുത്തയാഴ്ച വിദഗ്ധ പരിശീലനവും നൽകും. സർവേയിലെ ചോദ്യാവലി പൂർണമായും ഓൺലൈൻ ആയിരിക്കും. ഓൺലൈൻ മുഖേന വിവരങ്ങൾ നൽകാൻ സന്നദ്ധമെങ്കിൽ കുടുംബങ്ങൾക്ക് ഫീൽഡ് ഓഫിസർമാരുടെ വീട്ടു സന്ദർശനം ഒഴിവാക്കാം. സ്വകാര്യത കാത്തുസൂക്ഷിച്ചു കൊണ്ടായിരിക്കും വിവര ശേഖരണം. സർവേക്കും സ്ഥിതിവിവരകണക്കുകളുടെ പഠനത്തിനും വേണ്ടി മാത്രമേ വിവരങ്ങൾ ഉപയോഗിക്കുകയുള്ളുവെന്നും ഡോ. അൽ നാബിത് വ്യക്തമാക്കി.

സ്വദേശി-പ്രവാസി കുടുംബങ്ങളുടെ ഉപഭോഗ രീതികളുടെയും ചരക്കുകളിലും സേവനങ്ങളിലും ചെലവിടുന്ന തുകയുടെ ശതമാനവും സംബന്ധിച്ച കൃത്യമായ വിവരങ്ങൾ ശേഖരിക്കും. ജീവിതച്ചെലവ് സൂചിക കണക്കാക്കാൻ ഈ വിവരങ്ങൾ ഉപയോഗിക്കും. വിദ്യാഭ്യാസ നിലവാരം, തൊഴിൽ-സാമ്പത്തിക പ്രവർത്തനങ്ങൾ തുടങ്ങിയ ഘടകങ്ങളുമായി ബന്ധിപ്പിച്ചുകൊണ്ടാണിത്.

ഇതിനു പുറമേ കുടുംബങ്ങളുടെ ജനസംഖ്യാപരവും സാമൂഹിക, സാമ്പത്തിക പരവുമായ ഘടകങ്ങളുടെ സ്വാധീനത്തെയും വിലയിരുത്തും. കുടുംബങ്ങളുടെയും വ്യക്തികളുടെയും പ്രതിമാസ ഗാർഹിക വരുമാനത്തിന്റെയും ചെലവിന്റെയും സൂചികകൾ ലഭ്യമാക്കുന്നതോടെ നിലവിലെ ചരക്കു-സേവനങ്ങളുടെ ആവശ്യകതയുടെ തോത് കൃത്യമായി കണക്കുകൂട്ടാനും ഭാവിയിലേക്കുള്ള ചരക്കു-സേവനങ്ങളുടെ ആവശ്യകത നിർവചിക്കാനും കഴിയും.

സാമൂഹിക,സാമ്പത്തിക സാഹചര്യങ്ങളെക്കുറിച്ച് വസ്തുനിഷ്ഠമായി പഠിക്കാനും സർവേ ഗുണകരമാകും. സ്വദേശി-പ്രവാസി കുടുംബങ്ങളുടെ ഉപഭോഗ, ചെലവ് രീതികൾ സൂക്ഷ്മമായി വിലയിരുത്താനും കുടുംബങ്ങളുടെ വാങ്ങൽ ശേഷി, ജീവിത നിലവാരം എന്നിവ മനസ്സിലാക്കാനും സർവേയിലൂടെ സാധ്യമാകും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.