സ്വന്തം ലേഖകൻ: ഖത്തറിൽ വാഹനമോടിക്കുന്ന പ്രവാസികൾക്ക് മുന്നറിയിപ്പുമായി അധികൃതർ രംഗത്ത്. വാഹനങ്ങളുമായി റോഡിലിറങ്ങുന്നവർ ശ്രദ്ധിക്കണം. ഡ്രൈവിങ് സീറ്റിലിരിക്കുന്നവർ റോഡിലെ റഡാർ നിരീക്ഷണത്തിലാണ്. വാഹനങ്ങൾ ഓടിക്കുമ്പോഴുള്ള നിയമങ്ങൾ പാലിക്കണം. സീറ്റ് ബെൽറ്റ് ധരിക്കാതെ വാഹനം ഓടിക്കുകയോ, മൊബൈൽ ഫോണിൽ സംസാരിച്ച് വാഹനമോടിക്കുകയോ ചെയ്താൽ ശിക്ഷ ലഭിക്കും. എല്ലാ റോഡുകളിലും റഡാൽ സ്ഥാപിച്ചിട്ടുണ്ട്. സെപ്റ്റംബർ മൂന്നു മുതൽ ഇവ പ്രവർത്തനം ആരംഭിക്കും. ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ആണ് ഇക്കാര്യം അറിയിച്ചത്.
റഡാർ നിരീക്ഷണ സംവിധാനങ്ങൾ എല്ലായിടങ്ങളിലും സ്ഥാപിച്ചു. രാത്രിയിൽ ആണെങ്കിലും ഇതിന്റെ പരിധിയിൽ വരും. രാത്രിയിലും പകൽ വെളിച്ചത്തിലും ഒരുപോലെ കാണാൻ സാധിക്കുന്ന തരത്തിലാണ് പ്രവർത്തനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. വാഹനമോടിക്കുന്നവരെ സൂക്ഷ്മമായി നിരീക്ഷിക്കും. റോഡ് നിരീക്ഷണത്തിന് ശേഷിയുള്ള ക്യാമറകളോടെയാണ് ഓട്ടോമേറ്റഡ് റഡാറുകൾ സ്ഥാപിച്ചിരിക്കുന്നത്. വാഹനങ്ങൾക്കുള്ളിൽ ഡ്രൈവർമാരുടെ ചെറിയ നിയമലംഘനങ്ങൾപോലും തിരിച്ചറിയാനും കണ്ടെത്താനും സാധിക്കും.
വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് വലിയ കുറ്റമാണ്. റോഡുകളിലെ ബോർഡുകളിലും, സോഷ്യൽ മീഡിയ വഴിയും ഇതുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് അധികൃതർ നൽകിയിട്ടുണ്ട്. മൊബൈൽ ഉപയോഗിച്ച് ഡ്രൈവ് ചെയ്യുന്നത് പലപ്പോഴും റോഡുകളിലെ പതിവ് കാഴ്ചയാണ്. ഇത്തരം നിയമലംഘനങ്ങൾ റഡാറുകൾ കണ്ടെത്തും. സീറ്റ് ബെൽറ്റ് ധരിക്കാതെയുള്ള യാത്ര ഡ്രൈവർമാർക്കും യാത്രക്കാർക്കും ഒരുപോലെ അപകടം വിളിച്ചു വരുത്തും. അതുകൊണ്ട് ഇക്കാര്യം എല്ലാം റഡാർ നിരീക്ഷണത്തിൽ ആയിരിക്കും.
ട്രാഫിക് വിഭാഗം നൽകുന്ന മുന്നറിയിപ്പ് പാലിക്കണം. വാഹനങ്ങളിൽ അതിവേഗത്തിൽ പോകുമ്പോൾ ഡ്രെെവർ മാത്രമല്ല യാത്രക്കാരും സീറ്റ് ബെൽറ്റ് ധരിക്കണം. റോഡുകളിൽ അപകട സാധ്യത കുറക്കുന്നതിന്റെ ഭാഗമായാണ് സീറ്റ് ബെൽറ്റ് അണിയുന്നത്. കഴിഞ്ഞ വർഷം തന്നെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ റോഡുകളിൽ റഡാറുകൾ സ്ഥാപിക്കുന്ന നടപടികൾ പൂർത്തിയാക്കിയിരുന്നു. മൊബൈൽ, സീറ്റ് ബെൽറ്റ് എന്നിവക്ക് പുറമെ അമിതവേഗവും ഇവ കണ്ടെത്തും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല