1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 7, 2022

സ്വന്തം ലേഖകൻ: ഫാര്‍മസികളില്‍ കോവിഡ് റാപ്പിഡ് ടെസ്റ്റുകള്‍ നടത്താന്‍ അനുമതിയില്ലെന്ന് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കോവിഡ് വ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് നിയന്ത്രണം. എന്നാല്‍, വീട്ടില്‍ വച്ച് കോവിഡ് പരിശോധന നടത്തുന്നതിനുള്ള റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ വിതരണം ചെയ്യാം. ഒരാള്‍ക്ക് പരമാവധി 10 കിറ്റുകള്‍ മാത്രമേ വില്‍ക്കാന്‍ കഴിയൂവെന്നും ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച സര്‍ക്കുലറില്‍ പറയുന്നു. വിവിധ രീതിയിലുള്ള 16 തരം റാപ്പിഡ് ഹോം ടെസ്റ്റ് കിറ്റുകള്‍ക്ക് ആരോഗ്യ മന്ത്രാലയം നേരത്തെ അംഗീകാരം നല്‍കിയിരുന്നു.

രാജ്യത്ത് നിലവിലുള്ള കോവിഡ് പരിശോധനാ പെരുമാറ്റച്ചങ്ങളില്‍ പുതിയ മാറ്റങ്ങള്‍ നിലവില്‍ വന്നു. പ്രത്യേക വിഭാഗങ്ങള്‍ക്ക് അംഗീകൃത പൊതു, സ്വകാര്യ കേന്ദ്രങ്ങളില്‍ നിന്ന് കോവിഡ് റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് ഉപയോഗിക്കുന്നതിന് അംഗീകാരം നല്‍കിയതാണ് പുതിയ മാറ്റം. 50 വയസ്സിന് താഴെയുള്ള കോവിഡ് ലക്ഷണങ്ങള്‍ ഉള്ളവര്‍ക്കും കോവിഡ് പോസിറ്റീവ് ആയവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ 50 വയസ്സിന് താഴെയുള്ളവര്‍ക്കും യാത്രയ്ക്ക് ശേഷം ഖത്തറിലേക്ക് തിരിച്ചെത്തുന്നവര്‍ക്കുമാണ് ഇതിനുള്ള അനുമതി ലഭിക്കുക.

ആരോഗ്യ കേന്ദ്രങ്ങളില്‍ നടത്തുന്ന റാപ്പിഡ് ആന്റിജന്‍ പരിശോധനാ ഫലം രണ്ടു മണിക്കൂറിനുള്ളില്‍ എസ്എംഎസ് വഴി ലഭിക്കും. പരിശോധന കഴിഞ്ഞ് നാലു മണിക്കൂറിനുള്ളില്‍ ഇഹ്തിറാസ്ആപ്പിലും ഫലങ്ങള്‍ ദൃശ്യമാകും. എന്നാല്‍, സ്വകാര്യ മെഡിക്കല്‍ സൗകര്യങ്ങളില്‍ നടത്തുന്ന റാപ്പിഡ് ആന്റിജന്‍ ടെസ്റ്റുകളുടെ ഫലങ്ങള്‍ ജനുവരി 10 തിങ്കളാഴ്ച മുതലാണ് ഇഹ്‌തെറാസ് ആപ്ലിക്കേഷനില്‍ പ്രതിഫലിക്കുക. അതേസമയം, അമ്പത് വയസിന് മുകളില്‍ പ്രായമുള്ള രോഗലക്ഷണമുള്ളവര്‍ പിസിആര്‍ ടെസ്റ്റ് തന്നെ നടത്തണം.

സ്വന്തമായി വീടുകളില്‍ നിന്ന് കോവിഡ് പരിശോധന നടത്തുന്നതിനുള്ള റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ക്കുള്ള പരമാവധി വില പ്രഖ്യാപിച്ചു. രാജ്യത്തെ ഫാര്‍മസികള്‍, സൂപ്പര്‍മാക്കറ്റുകള്‍, ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ എന്നിവയ്ക്ക് ആരോഗ്യ മന്ത്രാലയം അയച്ച സര്‍ക്കുലറിലാണ് വില നിര്‍ണയം നടത്തിയത്. റോഷെ ഡയഗ്‌നോസ്റ്റിക്സിന്റെ കിറ്റിന് 35 റിയാലും മറ്റു കമ്പനികളുടേതിന് 25 റിയാലുമായാണ് വില നിശ്ചയിച്ചത്.

ചില ഫാര്‍മസികള്‍ ടെസ്റ്റ് കിറ്റിന് അമിത വില ഈടാക്കുന്നതുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളില്‍ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് മന്ത്രാലയത്തിന്റെ നടപടി. കൂടുതല്‍ വില ഈടാക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കുമെന്നും സര്‍ക്കുലറില്‍ മുന്നറിയിപ്പ് നല്‍കി.

കോവിഡ് വ്യാപനം ശക്തിയാര്‍ജ്ജിച്ച സാഹചര്യത്തില്‍ ഖത്തറിലെ പള്ളികളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഔഖാഫ് മന്ത്രാലയമാണ് നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത്. ശനിയാഴ്ച മുതല്‍ പുതിയ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരും. പുതിയ നിയന്ത്രണങ്ങള്‍ പ്രകാരം വാക്സിനെടുക്കാത്തവര്‍ക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. 12 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കും പ്രവേശനം ഇല്ല. നമസ്‌കാര സമയത്ത് വിശ്വാസികള്‍ തമ്മില്‍ അര മീറ്റര്‍ അകലം പാലിക്കണം.

വെള്ളിയാഴ്ച ജുമുഅ പ്രാര്‍ഥനാ വേളയില്‍ ഒരു മീറ്ററായിരിക്കും അകലം. ടോയ്‌ലെറ്റ്, അംഗശുദ്ധി വരുത്താനുള്ള സൗകര്യങ്ങള്‍ എന്നിവ മന്ത്രാലയത്തിന്റെ അനുമതിയുള്ള ഇടങ്ങളില്‍ മാത്രമേ അനുവദിക്കൂ. പള്ളിയില്‍ പ്രവേശിക്കുന്നതിനു മുമ്പ് ഇഹ്തിറാസ് ആപ്പ് പരിശോധിച്ച് ഇമ്മ്യൂണ്‍ സ്റ്റാറ്റസ് ഉറപ്പുവരുത്തണം. പ്രാര്‍ഥനാ വേളയില്‍ വിരിക്കുന്നതിനുള്ള മുസ്വല്ല ഓരോരുത്തരും കൊണ്ടുവരണം. മുഴുവന്‍ സമയത്തും മാസ്‌ക് ധരിച്ചിരിക്കണം. പനി, ജലദോഷം, ചുമ പോലുള്ള രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ പള്ളിയില്‍ വരരുതെന്നും മന്ത്രാലയം നിര്‍ദേശിച്ചു.

രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിച്ചു വന്ന സാഹചര്യത്തില്‍ റെസ്റ്റൊറന്റുകളിലും കഫേകളിലും ശീഷ വലിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിക്കൊണ്ട് വാണിജ്യ മന്ത്രാലയം ഉത്തരവിറക്കി. ജനുവരി എട്ട് ശനിയാഴ്ച മുതലാണ് ഇത് പ്രാബല്യത്തില്‍ വരിക. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി കൈക്കൊള്ളുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

രാജ്യത്ത് കോവിഡ് വ്യാപനം തടയുകയെന്ന ലക്ഷ്യത്തോടെയാണ് നടപടിയെന്നും മന്ത്രാലയം അറിയിച്ചു. നിയമം ലംഘിച്ച് ശീഷ വലിക്കുന്നതിനുള്ള സൗകര്യം ഒരുക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ 16000 എന്ന ടോള്‍ ഫ്രീ നമ്പറിലോ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴിയോ അറിയിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.