സ്വന്തം ലേഖകൻ: ഖത്തറിന്റെ അബു സമ്രയ്ക്കും സൗദിയുടെ സൽവയ്ക്കും ഇടയിലുള്ള യാത്രാ നടപടികൾ സുഗമമാക്കുന്നത് സംബന്ധിച്ച കർമ പദ്ധതിയിൽ ഖത്തറും സൗദി അറേബ്യയും ഒപ്പുവെച്ചു. യാത്രാ നടപടികൾ എളുപ്പമാക്കുന്നതിനും അബു സമ്രയുടെയും സൽവയുടെയും അതിർത്തി ഓഫിസുകൾ തമ്മിൽ ഡേറ്റകൾ കൈമാറുന്നതും സംബന്ധിച്ചുള്ളതാണിത്.
ആഭ്യന്തര മന്ത്രിയും ആഭ്യന്തര സുരക്ഷാ സേനയായ ലഖ്‌വിയയുടെ കമാൻഡറുമായ ഷെയ്ഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ അൽതാനിയുടെ സൗദി സന്ദർശനത്തിന്റെ ഭാഗമായാണ് കർമ പദ്ധതിയിൽ ഒപ്പുവെച്ചത്. റിയാദിൽ നടന്ന ചടങ്ങിൽ ഷെയ്ഖ് ഖലീഫയുടെയും സൗദി ആഭ്യന്തര മന്ത്രി പ്രിൻസ് അബ്ദുല്ലസീസ് ബിൻ സൗദ് ബിൻ നായിഫ് ബിൻ അബ്ദുല്ലസീസ് അൽ സൗദിന്റെയും സാന്നിധ്യത്തിലാണ് ഒപ്പുവെച്ചത്.
മന്ത്രിതല യോഗത്തിന്റെ തുടർച്ചയായി ചൊവ്വാഴ്ച അതിർത്തി സുരക്ഷാ ഉദ്യോഗസ്ഥ സംഘം ഓൺലൈൻ വഴി ചർച്ച നടത്തി. ഖത്തർ ആഭ്യന്തര മന്ത്രാലയം ക്രിമിനൽ എവിഡന്റ് ആൻഡ് ഇൻഫർമേഷൻ വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ ജനറൽ ഡോ. അലി താലിബ് അഫിഫയും സൗദി പാസ്പോർട്സ് അസി. ഡയറക്ടർ ജനറൽ മേജർ ജനറൽ സൗദ് ബിൻ ബന്ദർ അൽ സൂറും ഇരു സംഘങ്ങളെയും നയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല