സ്വന്തം ലേഖകൻ: വീട്ടു ജോലി ചെയ്യുന്നവരുള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് നിര്‍ബന്ധമായിരുന്ന എക്‌സിറ്റ് പെര്‍മിറ്റ് ഖത്തര്‍ എടുത്തുകളഞ്ഞു. തൊഴിലിടങ്ങള്‍ സുരക്ഷിതമാക്കുകയും തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഖത്തര്‍ ഭരണകൂടത്തിന്റെ തീരുമാനം.
തൊഴില്‍ ഉടമയുടെ അനുമതിയില്ലാതെ പ്രവാസികള്‍ക്ക് രാജ്യം വിടാന്‍ സാധിക്കില്ല എന്നതായിരുന്നു നേരത്തെയുള്ള നിമയം. ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരത്തിന് വേദിയാകാന്‍ ഒരുങ്ങുന്ന ഖത്തര്‍ ഒട്ടേറെ ജനപ്രിയ പദ്ധതികളാണ് നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമാണ് ഇപ്പോള്‍ എക്‌സിറ്റ് പെര്‍മിറ്റ് എടുത്തുകളഞ്ഞതുമെന്നാണ് റിപ്പോർട്ട്.
സിവില്‍ സര്‍വന്റ്‌സ്, എണ്ണ മേഖലയില്‍ ജോലി ചെയ്യുന്നവര്‍, ഖത്തര്‍ എയര്‍വേയ്‌സ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ എന്നിവരിലെ പ്രവാസികള്‍ക്കിടയിലെ എക്‌സിറ്റ് വിസയും ഖത്തര്‍ നേരത്തെ എടുത്തുകളഞ്ഞിരുന്നു.
ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന ആനുകൂല്യം പ്രധാനമായും വീട്ടുജോലിക്കാര്‍ക്കാണ്. അവര്‍ക്കെപ്പോള്‍ വേണമെങ്കിലും ഖത്തറിലേക്ക് വരാം, പോകാം. ഉടമയുടെ അനുമതി ആവശ്യമില്ലെന്ന് തൊഴില്‍ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി മുഹമ്മദ് അല്‍ ഉബൈദിലി പറഞ്ഞു.
പുതിയ ചട്ടപ്രകാരം രാജ്യം വിടുന്നതിന് ഉടമയുടെ അനുമതി ആവശ്യമില്ലെങ്കിലും ഉടമയെ അറിയിക്കണം. വീട്ടുജോലിക്കാര്‍ 72 മണിക്കൂര്‍ മുമ്പ് ഉടമയെ വിവരങ്ങള്‍ ധരിപ്പിക്കണം എന്നാണ് ചട്ടം. കമ്പനികളിലെ ജോലിക്കാര്‍ക്ക് എല്ലാവര്‍ക്കും ഒരുമിച്ച് നാട്ടിലേക്ക് പോകാന്‍ സാധിക്കില്ല. അഞ്ച് ശതമാനം ജോലിക്കാര്‍ കമ്പനിയിലുണ്ട് എന്ന് ഉറപ്പാക്കണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല