1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 19, 2019

സ്വന്തം ലേഖകന്‍: ഖത്തറില്‍ കാറില്‍ യാത്ര ചെയ്യുന്ന ചെറിയ കുട്ടികള്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കാന്‍ നീക്കം. ഖത്തറില്‍ കാറില്‍ യാത്ര ചെയ്യുന്ന ചെറിയ കുട്ടികള്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാാക്കുന്നു. ഇതിന്റെ ആദ്യ പടിയായി പൊതുജനങ്ങളില്‍ നടത്തുന്ന ബോധവല്‍ക്കരണ പരിപാടിക്ക് ദോഹയില്‍ തുടക്കം കുറിച്ചു.

റോഡ് യാത്രയില്‍ കുഞ്ഞുങ്ങളുടെയും സ്ത്രീകളുടെയും സുരക്ഷ കണക്കിലെടുത്താണ് പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ പുതിയ തീരുമാനം. മുതിര്‍ന്നവരെ പോലെ തന്നെ പിഞ്ചുകുട്ടികള്‍ക്കും കാറില്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള നിയമനിര്‍മ്മാണത്തിനാണ് ഭരണകൂടം ഒരുങ്ങുന്നത്.

ഇതിന്റെ ആദ്യപടിയായാണ് പൊതു ജനാരോഗ്യമന്ത്രാലയം ബോധവല്‍ക്കരണ പരിപാടിക്ക് തുടക്കമിട്ടത്. കാര്‍ യാത്രക്കിടെ കുഞ്ഞുങ്ങളുടെ കാര്യത്തിലുണ്ടാകുന്ന അശ്രദ്ധ വിളിച്ചുവരുത്തുന്ന അപകടങ്ങളെ കുറിച്ച് രക്ഷിതാക്കളെ ഉണര്‍ത്തുകയും കുഞ്ഞുങ്ങളുടെ യാത്ര സുരക്ഷിതമാക്കാന്‍ ഒപ്പമുള്ളവരെ ജാഗരൂകരാക്കുകയും ചെയ്യുകയാണ് ബോധവല്‍ക്കരണം കൊണ്ട് ഉദ്ദേശിക്കുന്നത്.

മുന്‍ സീറ്റില്‍ യാത്ര ചെയ്യുന്നവരെ പോലെ തന്നെ പിന്‍സീറ്റ് യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കാനും തീരുമാനമുണ്ട്. ദോഹയില്‍ നടന്ന ചടങ്ങില്‍ ആരോഗ്യ വകുപ്പ് മന്ത്രി ഡോ. ഹനാന്‍ അല്‍ കുവാരി ക്യാമ്പയിനിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

കുട്ടികളുടെ യാത്രക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള റോഡ് നിയമഭേദഗതി ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് മന്ത്രി പറഞ്ഞു. ആഭ്യന്തര മന്ത്രാലയം, ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍, കോണോകോ ഫിലിപ്‌സ് ആന്റ് സലേ കമ്പനി തുടങ്ങിയവയുമായി സഹകരിച്ചാണ് പൊതുജനാരോഗ്യ മന്ത്രാലയം ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്.

പ്രതിവര്‍ഷം ഇരുപതിനായിരം ജനനങ്ങള്‍ ഖത്തറില്‍ നടക്കുന്നുണ്ട്. ഇവരുടെയെല്ലാം ജീവിതം സുരക്ഷിതമാക്കേണ്ട ബാധ്യത രക്ഷിതാക്കള്‍ക്കെന്ന പോലെ സമൂഹത്തിനുമുണ്ട്. അതിനാല്‍ തന്നെ ബോധവല്‍ക്കരണവുമായി എല്ലാവരും പരമാവധി സഹകരിക്കണമെന്ന് എച്ച്‌ഐടിസി ഡയറക്ടര്‍ ഡോ ഖാലിദ് അബ്ദുല്‍ നൂര്‍ സൈഫ് അല്‍ ദീന്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.