1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 1, 2021

സ്വന്തം ലേഖകൻ: തൊഴില്‍ മേഖലയില്‍ സ്വദേശിവല്‍ക്കരണം ശക്തിപ്പെടുത്താനുള്ള നടപടികളുമായി ഖത്തറും. ഇതിന്റെ ഭാഗമായി കൂടുതല്‍ സ്വദേശിവല്‍ക്കരണ പദ്ധതികള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് അധികൃതര്‍. ഉയര്‍ന്ന ജോലികളില്‍ ഖത്തരി പൗരന്‍മാരെ മാത്രം റിക്രൂട്ട് ചെയ്യാന്‍ നേരത്തേ തീരുമാനിച്ചിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുകിട ജോലികള്‍ക്ക് കൂടി സ്വദേശികള്‍ക്ക് സംവരണം ചെയ്യാനുള്ള നീക്കത്തിലാണ് അധികൃതര്‍.

ഇതിന്റെ ഭാഗമായി ഖത്തര്‍ ജനറല്‍ ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ കോര്‍പറേഷന്‍ (കഹ്റമാ)യില്‍ ബാക്കിയുള്ള രണ്ട് ശതമാനം ജോലികളില്‍ കൂടി സ്വദേശികളെ നിയമിക്കും. നിലവില്‍ കഹ്‌റമായിലെ എഞ്ചിനീയര്‍മാര്‍, അഡ്മിനിസ്‌ട്രേഷന്‍ മേഖലയിലുള്ളവര്‍ തുടങ്ങി 98 ശതമാനം ജോലികളും സ്വദേശികള്‍ തന്നെയാണ് കൈകാര്യം ചെയ്യുന്നത്.

എന്നാല്‍ ബാക്കിയുള്ള സാങ്കേതിക ജോലികള്‍ കൂടി സ്വദേശികള്‍ക്ക് നല്‍കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞതായി കഹ്‌റമാ ഹ്യൂമണ്‍ റിസോഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റിലെ സീനിയര്‍ റിക്രൂട്ട്‌മെന്റ് സ്‌പെഷ്യലിസ്റ്റ് സൗദ് മുഹമ്മദ് അല്‍ ഹമ്മാദി പറഞ്ഞു. ഇതോടെ മലയാളികള്‍ ഉള്‍പ്പെടെ ഈ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന നിരവധി പ്രവാസികളുടെ ജോലി ഭീഷണിയിലാവും.

ഖത്തരി പൗരന്മാരെ കൂടുതല്‍ ജോലികളിലേക്ക് നിയോഗിക്കുന്നതിന് ഹ്രസ്വ കാല, ദീര്‍ഘ കാല പദ്ധതികള്‍ ആവിഷ്‌കരിച്ചതായും അദ്ദേഹം അറിയിച്ചു. വിവിധ ഡിപാര്‍ട്ട്മെന്റുകളില്‍ ഏതൊക്കെ തരം ജോലികളിലാണ് സ്വദേശിവല്‍ക്കരണം നടപ്പാക്കേണ്ടതെന്ന കാര്യത്തില്‍ പഠനം നടത്തിയിട്ടുണ്ട്. ഈ പഠന ഫലത്തെ അടിസ്ഥാനമാക്കി ജോലി മേഖലകള്‍ തീരുമാനിക്കുകയും തൊഴില്‍ മന്ത്രാലയവുമായി ഏകോപിപ്പിച്ച് സ്വദേശിവല്‍ക്കരണം നടപ്പില്‍ വരുത്തുകയും ചെയ്യുമെന്നും അല്‍ ഹമ്മാദി അറിയിച്ചു.

2020ല്‍ രൂപീകൃതമായ ദേശീയ തൊഴില്‍ പ്ലാറ്റ്ഫോമായ കവാദിര്‍, ജോലി തേടുന്ന സ്വദേശികള്‍ക്ക് വലിയ തോതില്‍ സഹായകമാണെന്നും അദ്ദേഹം പറഞ്ഞു. ഖത്തരി തൊഴിലന്വേഷകരുടെ വിവരങ്ങളടങ്ങുന്ന ഡാറ്റാബേസ് തയ്യാറാക്കുകയും അവരുടെ സിവി ആവശ്യക്കാര്‍ക്ക് ലഭ്യമാക്കുകയും ജോലി അഭിമുഖങ്ങള്‍ സംഘടിപ്പിക്കുകയും മറ്റും ചെയ്യുന്നതില്‍ വലിയ പങ്കാണ് കവാദിര്‍ വഹിക്കുകന്നത്. സാങ്കേതിക വൈദഗ്ധ്യം ആവശ്യമായ വിവിധ മേഖലകളില്‍ സ്വദേശികളെ നിയമിക്കുന്നതിന് ആവശ്യമായ പരിശീലനം നല്‍കാനും പദ്ധതികള്‍ തയ്യാറാക്കിയതായും അദ്ദേഹം അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.