സ്വന്തം ലേഖകന്‍: ഖത്തര്‍ സ്‌പോണ്‍സര്‍ഷിപ്പ് നിയമത്തില്‍ ഭേദഗതിക്ക് സാധ്യത തെളിയുന്നു. നിയമത്തിലെ അപാകതകള്‍ പരിഹരിക്കാന്‍ ശൂറാ കൗണ്‍സിലിന്റെ ആഭ്യന്തര വിദേശകാര്യ സമിതി ചര്‍ച്ച നടത്തി. പ്രധാനമന്ത്രിയുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം തൊഴില്‍ മന്ത്രിയുടെ അംഗീകാരം കൂടി ലഭിക്കുന്നതോടെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമാകുമെന്നാണ് പ്രതീക്ഷ.
ഖത്തറില്‍ കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച പുതിയ സ്‌പോണ്‍സര്‍ഷിപ്പ് നിയമത്തില്‍ വരുത്തേണ്ട ഭേദഗതികളും നിര്‍ദിഷ്ട തൊഴില്‍ നിയമത്തില്‍ എന്തൊക്കെ മാറ്റങ്ങളാണ് വരുത്തേണ്ടത് എന്നത് സംബന്ധിച്ചുമാണ് ശൂറാ കൌണ്‍സിലിന്റെ ആഭ്യന്തര വിദേശകാര്യ സമിതി പ്രധാന മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍താനിയുമായി കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയത്.
തൊഴില്‍ മന്ത്രി അബ്ദുല്ലാ ബിന്‍ സാലിഹ് അല്‍ ഖുലൈഫിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തിയ ശേഷമായിരിക്കും പുതിയ നിയമവുമായി ബന്ധപ്പെട്ട സമ്പൂര്‍ണ കരടു രൂപം സമര്‍പ്പിക്കുക. വിദേശികളുടെ പോക്കു വരവു സംബന്ധിച്ച കാര്യങ്ങളും നിയമത്തിലെ ഭേദഗതികളുമാണ് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ പ്രധാനമായും ചര്‍ച്ച ചെയ്തതെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ശൂറാ കൗണ്‍സിലും ഭരണ നിര്‍വഹണ വിഭാഗവും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ചര്‍ച്ച നടത്തിയത്.
പുതിയ തൊഴില്‍ നിയമത്തിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി ശൂറാ കൗണ്‍സില്‍ കഴിഞ്ഞ ആഴ്ച കരട് നിയമം തിരിച്ചയച്ചിരുന്നു.
ഒരു വര്‍ഷം മുമ്പ് പ്രഖ്യാപിച്ച ഭേദഗതികളോടെയുള്ള തൊഴില്‍ നിയമം ഇനിയും പ്രാബല്യത്തില്‍ വരുത്താത്തതില്‍ വിദേശികള്‍ക്കുള്ള ആശങ്കകള്‍ കൂടി പരിഗണിച്ചു നിയമം എത്രയും വേഗത്തില്‍ നടപ്പിലാക്കാനാണ് സര്‍ക്കാരിന്റെ ശ്രമം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല