1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 8, 2023

സ്വന്തം ലേഖകൻ: വേനലവധി കഴിഞ്ഞ് നാട്ടില്‍ നിന്ന് മടങ്ങുന്നവരുടെ തിരക്ക് പരിഗണിച്ച് കേരളത്തില്‍ നിന്നും ഖത്തറിലേക്ക് രണ്ട് അധിക സര്‍വീസുകള്‍ പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ്. ഈ മാസം 27ന് കോഴിക്കോട് നിന്നും രാവിലെ ഒമ്പതരയ്ക്കാണ് ഒരു സര്‍വീസ്. അന്നു തന്നെ ദോഹയില്‍ നിന്നും ഉച്ചയ്ക്ക് 12.10ന് കോഴിക്കോട്ടേക്കും പ്രത്യേക സര്‍വീസുണ്ടാകും.

29 ന് കൊച്ചിയില്‍ നിന്നാണ് രണ്ടാമതത്തെ സര്‍വീസ്. രാവിലെ 8.15ന് വിമാനം പുറപ്പെടും. 11.20ന് ദോഹയില്‍ നിന്ന് തിരിച്ച് കൊച്ചിയിലേക്കും സര്‍വീസുണ്ടാകും. എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ നിലവിലുള്ള സര്‍വീസുകള്‍ക്ക് പുറമെയാണ് ഈ അധിക സര്‍വീസുകള്‍.

അതേസമയം യാത്രക്കാരെ വലച്ച് വീണ്ടും എയര്‍ ഇന്ത്യ എക്സ്പ്രസ് അനിശ്ചിതമായി വൈകുന്നു. ദോഹയില്‍ നിന്നും ഉച്ചയ്ക്ക് 12.25ന് കോഴിക്കോട്ടേക്ക് പുറപ്പെടേണ്ട വിമാനം ഇനിയും പുറപ്പെട്ടില്ല. യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റി. നൂറ്റി എണ്‍പതോളം യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.

യാത്രക്കാരെ വിമാനത്തില്‍ കയറ്റിയ ശേഷം യന്ത്രത്തകരാറിനെ തുടര്‍ന്ന് അവസാന നിമിഷം യാത്ര അടിയന്തരമായി റദ്ദാക്കി. രണ്ട് മണിക്കൂറോളം നിര്‍ത്തിയിട്ട വിമാനത്തില്‍ ഇവരെ ഇരുത്തിയ ശേഷമാണ് തിരിച്ചിറക്കിയത്.വൈകിട്ട് 6 മണിക്ക്‌ യാത്ര ചെയ്യാനാകുമെന്നായിരുന്നു ആദ്യ ഘട്ടത്തില്‍ അറിയിച്ചത്. എന്നാല്‍ യന്ത്രത്തകരാര്‍ പരിഹരിക്കാനായില്ല.

യാത്രക്കാരോട് താമസ സ്ഥലത്തേക്ക് മടങ്ങാനാണ് ആദ്യഘട്ടത്തില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് അധികൃതര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ യാത്രക്കാര്‍ പ്രതിഷേധിച്ചതോടെ ഹോട്ടലില്‍ താമസമൊരുക്കാന്‍ വിമാനക്കമ്പനി ‌തയ്യാറായി. എപ്പോള്‍ യാത്ര ചെയ്യാനാകുമെന്ന ചോദ്യത്തിനും കൃത്യമായി മറുപടി അധികൃതര്‍ നല്‍കുന്നില്ലെന്ന് യാത്രക്കാര്‍ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.