സ്വന്തം ലേഖകന്‍: ഖത്തര്‍ പ്രതിസന്ധി കത്തി നില്‍ക്കുമ്പോഴും യുഎഇയുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിക്കില്ലെന്ന് ഖത്തര്‍ ഭരണകൂടം, പ്രകൃതി വാതകം നല്‍കുന്നത് തുടരും. ഖത്തര്‍ യുഎഇക്ക് നല്കുന്ന പ്രകൃതി വാതകം നിര്‍ത്തിവയ്ക്കില്ലെന്ന് അധികൃതരെ ഉദ്ധരിച്ച് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഖത്തര്‍ ഭരണകൂടത്തിന്റെ ഉടമസ്ഥതയിലുള്ള ഖത്തര്‍ പെട്രോളിയം സിഇഒ സഅദ് അല്‍ കഅബിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പ്രതിദിനം 200 കോടി ക്യൂബിക് ഫീറ്റ് പ്രകൃതി വാതകം നല്‍കാമെന്നാണ് ഖത്തറും യുഎഇയും തമ്മിലുണ്ടാക്കിയ കരാര്‍. ഖത്തര്‍ ഒരിക്കലും സഹോദര രാഷ്ട്രങ്ങള്‍ക്ക് നല്കുന്ന അവശ്യ വസ്തുക്കള്‍ നിര്‍ത്തി വയ്ക്കില്ലെന്നും സഅദ് പറഞ്ഞു. തങ്ങള്‍ക്കെതിരേ ഉപരോധം പ്രഖ്യാപിച്ചിരിക്കെ വേണമെങ്കില്‍ യുഎഇക്ക് നല്കുന്ന വാതകം തടഞ്ഞുവയ്ക്കാം. പക്ഷേ ഖത്തര്‍ അങ്ങനെ ചെയ്താല്‍ യുഎഇയിലെ ജനങ്ങള്‍ പ്രയാസപ്പെടും. അവര്‍ ഞങ്ങളുടെ സഹോദരന്മാരാണ്. അവരെ ബുദ്ധിമിട്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും സഅദ് പറഞ്ഞു.
ഖത്തറിന്റെ വടക്കന്‍ പ്രകൃതി വാതക പാടങ്ങളില്‍ നിന്നു ഉല്‍പ്പാദിപ്പിക്കുന്ന വാതകം യുഎഇയിലേക്കും ഒമാനിലേക്കും ഖത്തര്‍ കയറ്റി അയക്കുന്നുണ്ട്. ഇതിനായി 364 കിലോമീറ്റര്‍ ദൂരത്തില്‍ ഡോള്‍ഫിന്‍ വാതകകുഴല്‍ സ്ഥാപിച്ചിട്ടുണ്ട്. ഈ കുഴലിന്റെ പ്രവര്‍ത്തനം ഖത്തര്‍ അവസാനിപ്പിച്ചാല്‍ കനത്ത തിരിച്ചടി നേരിടുക യുഎഇക്കായിരിക്കും. ഖത്തര്‍ വ്യാപാര ബന്ധം അവസാനിപ്പിക്കില്ലെന്നാണ് കരുതുന്നതെന്ന് കഴിഞ്ഞ ദിവസം ഷാര്‍ജ നാഷണല്‍ ഓയില്‍ കോര്‍പ്പിന്റെ സിഇഒ അഭിപ്രായപ്പെട്ടിരുന്നു. നയതന്ത്ര ബന്ധം വഷളായതിനാല്‍ പ്രകൃതി വാതകം അയക്കുന്നത് തടയരുതെന്നും അദ്ദേഹം അഭ്യര്‍ഥിച്ചിരുന്നു.
യുഎഇയിലെ വൈദ്യുത മേഖല ഖത്തറിലെ പ്രകൃതി വാതകത്തെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത് എന്നതിനാല്‍ ഖത്തറില്ലെങ്കില്‍ യുഎഇ ഇല്ലെന്നതാണ് വസ്തുത. യുഎഇ വൈദ്യുതിയുടെ പകുതിയും ഇറക്കുമതി ചെയ്യുന്നതാണ്. അതാവട്ടൈ, കൂടുതലും ഖത്തറില്‍ നിന്നും. ഗള്‍ഫ് മേഖലയിലെ പുതിയ വിവാദങ്ങള്‍ ദുബായിലെ കൂറ്റന്‍ കെട്ടിടങ്ങളെ ഇരുട്ടിലാക്കുമെന്നായിരുന്നു ആദ്യ നിഗമനം. ഖത്തറിന്റെ വിശദീകരണത്തോടെ ഇക്കാര്യത്തിലുള്ള ആശങ്ക ഒഴിഞ്ഞ ആശ്വാസത്തിലാണ് ദുബായ് ഭരണകൂടം.
യുഎഇയിലേക്ക് ഖത്തറില്‍ നിന്നു കടലിനടിയിലൂടെ സ്ഥാപിച്ച വാതക കുഴല്‍ വഴി പ്രതിദിനം 200 കോടി ക്യൂബിക് അടി പ്രകൃതി വാതകമാണ് എത്തുന്നത്. 364 കിലോമീറ്റര്‍ ദൂരത്തില്‍ സ്ഥാപിച്ച ഈ കുഴല്‍ വഴി തന്നെയാണ് ഒമാനിലേക്കും പ്രകൃതി വാതകം എത്തുന്നത്. ഖത്തറിന്റെ വടക്കന്‍ വാതക പാടങ്ങളില്‍ നിന്നുള്ള വാതകം സംസ്കരിച്ചാണ് വൈദ്യുതിക്കാവശ്യമായ ഇന്ധനം തയ്യാറാക്കുന്നത്. അബൂദാബി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഡോള്‍ഫിന്‍ എനര്‍ജി ലിമിറ്റഡ് എന്ന കമ്പനിയാണ് ഖത്തറില്‍ നിന്നെത്തുന്ന വാതക കുഴലിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല