സ്വന്തം ലേഖകൻ: കഴിഞ്ഞ വർഷം ഖത്തറിന്റെ കാഴ്ചകളിലേക്ക് എത്തിയത് 40 ലക്ഷം സന്ദർശകർ. ഖത്തർ ടൂറിസമാണ് കണക്കുകൾ പുറത്തുവിട്ടത്. വ്യോമ, കര, സമുദ്ര മാർഗം രാജ്യത്തേക്ക് എത്തിയവരുടെ കണക്കാണിത്. ടൂറിസത്തിന്റെ വളർച്ചയ്ക്ക് കരുത്തു പകരുന്നതാണ് സന്ദർശകരുടെ വരവ്. സന്ദർശക വീസ നടപടികൾ ലളിതമാക്കിയതും വൈവിധ്യമായ ടൂറിസം, കായിക പരിപാടികളുടെ ആതിഥേയത്വവുമാണ് ആഗോള തലത്തിലുള്ള സന്ദർശകരെ ഖത്തറിലേക്ക് ആകർഷിക്കുന്നത്.
ഫിഫ ലോകകപ്പിൽ ആരാധകർക്കായി ഏർപ്പെടുത്തിയ പ്രവേശന വീസയായ ഹയാ വീസകളുടെ കാലാവധി ഈ വർഷം ജനുവരി 24 വരെയായിരുന്നു ആദ്യം പ്രഖ്യാപിച്ചത് എന്നതിനാൽ കഴിഞ്ഞ വർഷം ലോകകപ്പ് ഹയയുടെ പ്രയോജനം നേടിയത് നിരവധി സന്ദർശകരാണ്. ഈ മാസം എഎഫ്‌സി ഏഷ്യൻ കപ്പിന് ആതിഥേയത്വം വഹിക്കുന്നതിനാൽ ലോകകപ്പ് ഹയാ വീസകളുടെ കാലാവധി ഫെബ്രുവരി 24 വരെ വീണ്ടും നീട്ടിയതും ഇനിയും സന്ദർശകപ്രവാഹം വർധിപ്പിക്കും.
കഴിഞ്ഞ വർഷത്തെ ഫോർമുല വൺ, ജനീവ ഇന്റർനാഷനൽ മോട്ടർ ഷോ, ദോഹ ജ്വല്ലറി ആൻഡ് വാച്ചസ് പ്രദർശനം, മോട്ടോ ജിപി തുടങ്ങിയ സുപ്രധാന ഇവന്റുകളിലേക്കും അയൽ രാജ്യങ്ങളിൽ നിന്നു മാത്രമല്ല ആഗോള തലത്തിൽ നിന്നും മാധ്യമ പ്രവർത്തകർ ഉൾപ്പെടെ നിരവധി സന്ദർശകരാണ് എത്തിയത്. ഒക്‌ടോബർ 2 മുതൽ രാജ്യാന്തര ഹോർട്ടികൾചറൽ പ്രദർശനമായ ദോഹ എക്‌സ്‌പോ ആരംഭിച്ചതും സന്ദർശകരുടെ എണ്ണം കൂട്ടി. 20 ലക്ഷം പേരാണ് ഇതുവരെ ദോഹ എക്‌സ്‌പോ സന്ദർശിച്ചത്. രാജ്യത്തെ ജനങ്ങൾക്ക് പുറമേ സന്ദർശകരും 20 ലക്ഷത്തിൽ ഉൾപ്പെടും.
2024 തുടങ്ങിയപ്പോൾ തന്നെ വലിയ തരത്തിലുളള പരിപാടികൾ ആണ് തയ്യാറാക്കിയിരിക്കുന്നത്. ഷോപ്പിങ്, വിത്യസ്ഥ കലാപരിപാടികൾ, പുതിയ തരത്തിലുള്ള കാഴ്ചകൾ എന്നിവയെല്ലാം ഖത്തർ ഒരുക്കിയിരുന്നു. ഖത്തർ ടൂറിസത്തിന്റെ 2024 ലെ കലണ്ടറിലാണ് വൈവിധ്യപൂർണമായ ഇവന്റുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഖത്തർ ടൂറിസം ഫെസ്റ്റിവൽ ഉൾപ്പെടെ 2024 വലിയ പരിപാടികൾ ആണ് നടക്കുന്നത്. കായിക ചാംപ്യൻഷിപ്പുകൾ, കായികം , ഇ-മൊബിലിറ്റി പാനലുകൾ, ഉച്ചകോടികൾ എന്നിവയെല്ലാം നടക്കും.
മാർച്ച് 28 വരെ വിവിധ തരത്തിലുള്ള പദ്ധതികൾ നടപ്പിലാക്കാൻ ആണ് തയ്യാറെടുക്കുന്നത്. ജനുവരി 1 മുതൽ 27 വരെ 13 ഷോപ്പിങ് മാളുകളിലായി ഷോപ്പ് ഖത്തർ ഫെസ്റ്റിഫൽ നടക്കുന്നുണ്ട്. ജനുവരി 25 മുതൽ ഫെബ്രുവരി 3 വരെ ഖത്തർ കൈറ്റ് ഫെസ്റ്റിവൽ ആണ് നടക്കുന്നത്. ഫെബ്രുവരി 5 മുതൽ 11 വരെ ദോഹ എക്‌സിബിഷൻ ആൻഡ് കൺവൻഷൻ സെന്ററിൽ ദോഹ ജ്വല്ലറി ആൻഡ് വാച്ചസ് പ്രദരശനം ആണ് നടന്നിരിക്കുന്നത്.
ഫെബ്രുവരി 7 മുതൽ 17 വരെ ഖത്തർ ഇന്റർനാഷനൽ ഫുഡ് ഫെസ്റ്റിവൽ സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. അൽബിദ പാർക്കിൽ മാർച്ച് 28 വരെ ദോഹ എക്സ്പോ ഉണ്ടായിരിക്കും. ഫെബ്രുവരി 26 മുതൽ 29 വരെ ലോകത്തിലെ ഏറ്റവും വലിയ ടെക്‌നോളജി കോൺഫറൻസായ വെബ് സമ്മിറ്റ് ഉണ്ടായിരിക്കും. ഏപ്രിൽ 30 മുതൽ മേയ് 2 വരെ ഓട്ടോണമസ് ഇ-മൊബിലിറ്റി ഫോറം ആണ് നടക്കുക. മേയ് 14 മുതൽ 16 വരെ ഖത്തർ സാമ്പത്തിക ഫോറം നടക്കും. അടത്ത വർഷം ഖത്തറിൽ നടക്കാൻ പോകുന്ന ചില പ്രധാനപ്പെട്ട പരിപാടികൾ ഇവയാണ്.
എല്ലാ വർഷവും ഖത്തർ മ്യൂസിയത്തിൽ വിവിധ തരത്തിലുള്ള പരിപാടികൾ നടക്കാറുണ്ട്. ഖത്തർ ദേശീയ മ്യൂസിയം, മ്യൂസിയം ഓഫ് ഇസ്‌ലാമിക് ആർട്, മത്താഫ്-അറബ് മ്യൂസിയം ഓഫ് മോഡേൺ ആർട് എന്നിവിടങ്ങളിൽ എല്ലാം പരിപാടികൾ നടക്കും. വെടിക്കെട്ട് പ്രദർശനവും റീട്ടെയ്ൽ ഓഫറുകളും കുടുംബസൗഹൃദ വിനോദ പരിപാടികളും എല്ലാം അടുത്തവർഷം രാജ്യത്ത് നടക്കും. കഴിഞ്ഞ വർഷത്തെക്കാളും വിവിധ തരത്തിലുള്ള ആഘോഷ പരിപാടികൾ ആണ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ഈദ് നാളുകളിൽ വലിയ തരത്തിലള്ള ആഘോഷങ്ങളാണ് ഒരുങ്ങുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല