1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 1, 2024

സ്വന്തം ലേഖകൻ: ഖത്തറില്‍ കഴിഞ്ഞ 3 വര്‍ഷത്തിനിടെ റജിസ്റ്റര്‍ ചെയ്ത ഗതാഗത ലംഘനങ്ങളിലെ പിഴത്തുകയില്‍ ഇന്നു മുതല്‍ 50 ശതമാനം ഇളവ് ലഭിക്കും. ഓഗസ്റ്റ് 31 വരെയാണ് ഈ ആനുകൂല്യം. എല്ലാത്തരം മോട്ടര്‍ വാഹനങ്ങള്‍ക്കും ഇളവ് ബാധകമാണെന്ന് ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്.

സ്വദേശികള്‍ക്ക് മാത്രമല്ല രാജ്യത്തെ പ്രവാസി താമസക്കാര്‍, സന്ദര്‍ശകര്‍, ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളിലെ പൗരന്മാര്‍ എന്നിവര്‍ക്കെല്ലാം ഇളവ് ആനുകൂല്യം ലഭിക്കും. മന്ത്രാലയത്തിന്റെ മൊബൈല്‍ ആപ്പ് ആയ മെട്രാഷ് 2 മുഖേന പിഴത്തുക അടയ്ക്കാം.

ട്രാഫിക് ലംഘനങ്ങള്‍ക്കുള്ള പിഴ ഇനത്തില്‍ കുടിശ്ശികയുള്ള വ്യക്തികള്‍ക്കും വാഹനങ്ങള്‍ക്കും യാത്രാനിരോധനം, ട്രാഫിക് ലംഘനങ്ങള്‍ക്കുള്ള പിഴയില്‍ ഇളവ് അനുവദിക്കല്‍, വാഹന ലൈസന്‍സിംഗ് നടപടിക്രമങ്ങള്‍, 25-ലധികം യാത്രക്കാരുള്ള ബസുകള്‍ക്കുള്ള ലെയ്ന്‍ മാറ്റം തുടങ്ങിയവയുമായി ബന്ധപ്പെട്ടതാണ് പുതിയ വ്യവസ്ഥകള്‍.

പുതിയ നിയമപ്രകാരം, 2024 സെപ്റ്റംബര്‍ ഒന്ന് മുതല്‍, ട്രാഫിക് പിഴകളും കുടിശ്ശികയും അടയ്ക്കാതെ വ്യക്തികള്‍ക്കോ വാഹനങ്ങള്‍ക്കോ രാജ്യത്തിന് പുറത്തേക്ക് പോവാന്‍ കഴിയില്ലെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ അബ്ദുല്ല ഖലീഫ അല്‍ മുഫ്ത വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഇതുപ്രകാരം, ട്രാഫിക് നിയമ ലംഘകര്‍ക്ക് കര, വായു, കടല്‍ അതിര്‍ത്തികള്‍ വഴി യാത്ര ചെയ്യണമെങ്കില്‍ കുടിശ്ശിക സഹിതം ട്രാഫിക് പിഴകള്‍ അടയ്ക്കണം. മെട്രാഷ് 2 ആപ്പ്, ആഭ്യന്തര മന്ത്രാലയം വെബ്സൈറ്റ്, ട്രാഫിക് വിഭാഗം ഓഫീസുകള്‍, ഏകീകൃത സേവന കേന്ദ്രങ്ങള്‍ എന്നിവ വഴി പിഴകള്‍ അടക്കാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.