സ്വന്തം ലേഖകന്‍: സ്വന്തം ടീമിനായി അലറി വിളിച്ച 42,000 കാണികള്‍ക്കും യുഎഇയ്ക്കുമെതിരെ പൊരുതിക്കയറി ഖത്തര്‍ ചരിത്രത്തില്‍ ആദ്യമായി ഏഷ്യാകപ്പ് ഫൈനലില്‍; മുഈസ് അലിയെ ‘വേശ്യ’യുടെ മകനെന്ന് വിളിച്ച് എമറാത്തി കാണികള്‍; ഖത്തര്‍ കളിക്കാരോട് മോശമായി പെരുമാറിയ എമറാത്തി ആരാധകര്‍ക്കെതിരെ ഫുട്ബോള്‍ ലോകം. മുഹമ്മദ് ബിന്‍ സാഇദ് സ്റ്റേഡിയത്തിലെ ഗ്യാലറിയില്‍ തിങ്ങിനിറഞ്ഞ 42,000 കാണികളെക്കൂടി ഖത്തറിന് തോല്പിക്കേണ്ടിയിരുന്നു.
ഗ്യാലറിയെ നാല് വട്ടം നിശബ്ദമാക്കി ഏകപക്ഷീയമായ നാല് ഗോളിനാണ് ഖത്തര്‍ ചരിത്രത്തിലാദ്യമായി ഏഷ്യാകപ്പ് ഫൈനലിലേക്ക് കടന്നത്.22ാം മിനിറ്റിലായിരുന്നു ഖത്തറിന്റെ ആദ്യ ഗോള്‍. യു.എ.ഇ ഗോള്‍കീപ്പറുടെ പിഴവില്‍ നിന്നായിരുന്നു ആദ്യ ഗോള്‍ പിറന്നത്. ബൗലെം ഖാകിയുടെ ദുര്‍ബലമായ ഷോട്ട് തടുക്കാന്‍ ഗോള്‍കീപ്പര്‍ ഈസയ്ക്കായില്ല.
37 ആം മിനിറ്റില്‍ അല്‍മൂയിസ് അലിയാണ് രണ്ടാം സ്കോറര്‍. മനോഹരമായ കര്‍വ് ഗോളിലൂടെയാണ് ഖത്തര്‍ രണ്ടാമതും സാഇദ് ഗ്യാലറിയെ നിശബ്ദമാക്കി.മത്സരം അവസാനിക്കാന്‍ 10 മിനിറ്റ് ശേഷിക്കെ ഹസ്സന് അല്‍ ഹൈദോസ് എമിറേറ്റിന്റെ മൂന്നാം ഗോള്‍ നേടി. ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റില്‍ ഹാമിദ് ഇസ്മായില്‍ കൂടി ഗോള്‍ നേടിയതോടെ എമിറേറ്റിന്റെ പതനം പൂര്‍ണമായി.
രണ്ടാം പകുതിയില്‍ യു.എ.ഇയും മികച്ച കളി പുറത്തെടുത്തതോടെ മത്സരം ആവേശമായി. യു.എ.ഇ.യുടെ മധ്യനിര മികച്ച അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഫിനിഷിങിലെ പിഴവ് തിരിച്ചടിയായി. ഗോള്‍ മടയ്ക്കാന്‍ നിരവധി അവസരങ്ങളാണ് യുഎ.ഇയ്ക്ക് ലഭിച്ചത്. ഫൈനലില്‍ ജപ്പാനാണ് ഖത്തറിന്റെ എതിരാളികള്‍.
ഏഷ്യാകപ്പ് സെമിഫൈനലിനിടെ ഖത്തര്‍ കളിക്കാരോട് മോശമായി പെരുമാറിയ എമറാത്തി ആരാധകര്‍ക്കെതിരെ ഫുട്ബോള്‍ ലോകം രംഗത്ത്. സോഷ്യല്‍ മീഡിയയിലൂടെ ആയിരുന്നു പ്രതിഷേധം. ഖത്തര്‍ ദേശീയ ഗാനത്തിനിടെ ബഹളം വെച്ചതും കളിക്കാര്‍ക്കുനേരെ ഷൂവും വാട്ടര്‍ ബോട്ടിലുമെറിഞ്ഞതാണ് പ്രതിഷേധത്തിനിടയാക്കിയതാണ്. യു.എ.ഇ. ഫുട്ബോളിന്റെ മാന്യത മറന്നെന്നാണ് ആരോപണം.
ഖത്തര്‍ ഓരോ ഗോള്‍ നേടുമ്പോഴും എമിറാത്തി ആരാധകര്‍ മോശമായി പെരുമാറുന്നത് ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. ചെകുത്താന്മാര് ഒരിക്കലും ജയിക്കില്ലെന്നാണ് ഒരു ട്വീറ്റ്. ഖത്തറിന്റെ രണ്ടാം ഗോള്‍ നേടിയ അലിയെ അധിക്ഷേപിച്ചതും പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ‘വേശ്യ’യുടെ മകനെന്നാണ് അല്‍ മുഈസ് അലിയെ എമറാത്തികള്‍ വിളിച്ചത്.
കളി തുടങ്ങുന്നതിന് മുമ്പ് ഖത്തര്‍ ദേശീയ ഗാനം ചൊല്ലുന്നതിനിടെ കൂവി വിളിച്ച ആതിഥേയര്‍ ഖത്തര്‍ ഗോളടിച്ചപ്പോള്‍ ആഹ്ലാദപ്രകടനം നടത്തിയ ടീമംഗങ്ങള്‍ക്കെതിരെ ഷൂ ഏറ് നടത്തുകയും ചെയ്തു. മത്സരത്തിന്റെ തുടക്കം മുതല്‍ തന്നെ വെള്ളക്കുപ്പിയടക്കം ഗ്രൗണ്ടിലേക്ക് എറിഞ്ഞു കൊണ്ടിരുന്ന യു.എ.ഇ ആരാധകര്‍ ഖത്തര്‍ രണ്ടാം ഗോളടിച്ചതിന് പിന്നാലെ ഏറ് ശക്തമാക്കിയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല