സ്വന്തം ലേഖകൻ: ഷീഷ (ഹുക്ക) വലിക്കുന്നത് ഹൃദയത്തെ ദോഷകരമായി ബാധിക്കുമെന്ന് പഠനം. ഷീഷയുടെ അപകടസാധ്യതയെക്കുറിച്ച് സമഗ്ര ബോധവൽക്കരണം അനിവാര്യമെന്ന് ഗവേഷകർ പറയുന്നു. ഷീഷ വലിയും മുതിർന്നവർക്കിടയിൽ വർധിച്ചു വരുന്ന ഹൃദ്രോഗ അപകടസാധ്യതയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഖത്തർ സർവകലാശാലയിലെ ഗവേഷണ സംഘം നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ.
ഖത്തറിലും മധ്യപൂർവ ദേശത്തും ഷീഷ വലിക്കുന്നവർ ധാരാളമാണ്. വിവിധ ഫ്‌ളേവറുകളിലുള്ള പുകയില ഒരുതരം വാട്ടർ പൈപ്പ് ഉപയോഗിച്ച് വലിക്കുന്നതാണ് ഷീഷ അഥവ ഹുക്ക എന്നു പറയുന്നത്. ചാർക്കോൾ ഉപയോഗിച്ചാണ് പുകയില പുകയ്ക്കുന്നത്. ഹൃദയാഘാതം, സ്‌ട്രോക്ക് എന്നിവ സംഭവിച്ചവരും ശരാശരി 55.6 വയസ്സ് പ്രായമുള്ളവരുമായ ആയിരത്തിലധികം പേരിൽ നിന്നുള്ള ഡാറ്റകൾ വിലയിരുത്തിയായിരുന്നു പഠനം.
ദേശീയ ഗവേഷണ സ്ഥാപനമായ ഖത്തർ ബയോബാങ്കിൽ നിന്ന് ശേഖരിച്ച വിവരങ്ങളാണ് പഠനത്തിന് ഉപയോഗിച്ചത്. ഷീഷ മാത്രം വലിക്കുന്നവരിലെ (സാധാരണ പുകവലിയല്ലാതെ) ഹൃദ്രോഗ സാധ്യത 1.65 മടങ്ങ് കൂടുതലാണെന്ന് കണ്ടെത്തി. ചെറുപ്പത്തിൽ ഷീഷ വലിച്ചു തുടങ്ങുന്നവരിൽ ഹൃദയ സംബന്ധമായ രോഗങ്ങൾക്കുള്ള അപകടസാധ്യതയും വളരെ വലുതാണ്.
പൊതുജനാരോഗ്യ ക്യാംപെയ്‌നുകളിലൂടെ ജനങ്ങൾക്കിടയിൽ കൂടുതൽ ബോധവൽക്കരണം നടത്തണന്ന് ഗവേഷകർ ശുപാർശ ചെയ്യുന്നു. ചെറുപ്പക്കാർക്കിടയിൽ ഷീഷ വലി ഒരു ശീലമായി മാറികൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ബോധവൽക്കരണം അനിവാര്യമാണ്.
പുകയില ഉൽപന്നങ്ങളുടെ നികുതി വർധിപ്പിക്കൽ, പൊതുഇടങ്ങളിൽ പുകവലി നിരോധിക്കൽ തുടങ്ങിയ ദേശീയ നയങ്ങളിലൂടെയും ഷീഷ വലിയുടെ അപകടസാധ്യതയെക്കുറിച്ചുള്ള സമഗ്ര ബോധവൽക്കരണ ശ്രമങ്ങളിലൂടെയും ഷീഷ ഉപയോഗം കുറയ്ക്കണമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല