1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 15, 2021

സ്വന്തം ലേഖകൻ: ഖത്തറിൽ അടിയന്തര സാഹചര്യത്തില്‍ മാത്രം വിളിക്കാനുള്ള നമ്പറാണ് 999 എന്ന് നാഷണല്‍ കമാന്‍ഡ് സെന്റര്‍ സെക്കന്‍ഡ് ലെഫ്റ്റനന്റ് അഹമ്മദ് അല്‍ മുതാവ. ഗുരുതര പരിക്കുള്ള അപകടം, തീപിടിത്തം, വെള്ളത്തില്‍ മുങ്ങിപ്പോവുക, അടച്ചിട്ട മുറിക്കുള്ളില്‍ കുട്ടികള്‍ കുടുങ്ങുക തുടങ്ങിയ സാഹചര്യങ്ങളില്‍ ജീവന്‍രക്ഷാ സഹായത്തിനായി നാഷണല്‍ കമാന്‍ഡ് സെന്ററിനെ അറിയിക്കേണ്ട നമ്പറാണിത്. എന്നാല്‍, ഈ നമ്പറിലേക്ക് വരുന്നതില്‍ 80- 85 ശതമാനം കോളുകളും അനാവശ്യമായതോ അപ്രധാനമായതോ ആണെന്ന് അല്‍ മുതവ പറഞ്ഞു.

ജീവന്‍രക്ഷാ സഹായം ആവശ്യമുള്ള സന്ദര്‍ഭങ്ങളില്‍ 999 എന്ന നമ്പറിലേക്ക് വിളിക്കണമെന്നും അടിയന്തര പ്രാധാന്യമില്ലാത്ത ആവശ്യങ്ങള്‍ക്കായി വിളിക്കുന്നത് ഒഴിവാക്കണമെന്നും ഖത്തര്‍ റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. നിസാരമായ റോഡ് അപകടങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കുമായി ഈ നമ്പറിലേക്ക് കോളുകള്‍ എത്തുന്നുണ്ട്. ഇത് ഒഴിവാക്കണമെന്ന് അദ്ദേഹം പറഞ്ഞു.

‘അടിയന്തര സാഹചര്യത്തില്‍ മാത്രം 999 ലേക്ക് വിളിക്കാന്‍ ശ്രമിക്കുക. ഗുരുതരമായ അപകടങ്ങള്‍, തീപിടിത്തം, വെള്ളത്തില്‍ മുങ്ങുന്ന കേസുകള്‍, കുട്ടികള്‍ അടച്ചിട്ട മുറിയില്‍ കുടുങ്ങുന്ന സന്ദര്‍ഭം അടിയന്തര ഇടപെടല്‍ ആവശ്യമുള്ള സാഹചര്യങ്ങള്‍ എന്നീ സന്ദര്‍ഭങ്ങളില്‍ മാത്രം അടിയന്തര കോള്‍ നമ്പര്‍ ഉപയോഗിക്കുന്നത് ഫലപ്രദമാകുമെന്ന്’, അല്‍ മുതവ പറഞ്ഞു.

സൈനിക, സിവില്‍ കേഡര്‍ വിഭാഗങ്ങളില്‍ നിന്നുള്ള ജീവനക്കാര്‍ കമാന്‍ഡ് സെന്ററില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഫ്രഞ്ച്, ഇംഗ്ലീഷ്, ചൈനീസ്, ഫിലിപ്പിനോ, പേര്‍ഷ്യന്‍, പഷ്തൂ, തുര്‍ക്കിഷ് എന്നീ ഭാഷകളിലും സേവനം ഉണ്ടാകും. ഫിഫ അറബ് കപ്പ് കാലയളവില്‍ ലക്ഷക്കണക്കിന് യാത്രക്കാര്‍ മെട്രോ സ്‌റ്റേഷനുകള്‍ വഴി സഞ്ചരിച്ചെങ്കിലും സുരക്ഷാ സംബന്ധമായ പരാതികളും റിപ്പോര്‍ട്ടുകളും വളരെ കുറഞ്ഞതായി മെട്രോ സ്‌റ്റേഷന്‍ സെക്യൂരിറ്റി വിഭാഗം തലവന്‍ ക്യാപ്റ്റന്‍ ഫാദില്‍ മുബാറസ് അല്‍ കാതിര്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.